Thursday, November 25, 2010

സി.ബി.ഐ. കസ്‌റ്റഡി

രാമചന്ദ്രന്‍നായരെ സി.ബി.ഐ. കസ്‌റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി/തൃശൂര്‍: കഴിഞ്ഞ രണ്ടു പാദങ്ങളില്‍ എല്‍.ഐ.സി. ഹൗസിംഗ്‌ ഫിനാന്‍സിനുണ്ടായ കുതിച്ചുചാട്ടത്തിലൂടെ വ്യവസായലോകത്തിലെ വിശുദ്ധനായി അറിയപ്പെട്ട സി.ഇ.ഒ: ആര്‍. രാമചന്ദ്രന്‍നായര്‍ ചെന്നുപെട്ടതു റിയല്‍ എസ്‌റ്റേറ്റ്‌ ലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലായിരുന്നു.

രാമചന്ദ്രന്‍നായരേയും അറസ്‌റ്റിലായ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗുജ്‌ജാല്‍, സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഡയറക്‌ടര്‍ മുനീന്ദര്‍ സിംഗ്‌, എല്‍.ഐ.സി. സെക്രട്ടറി നരേഷ്‌ ചോപ്ര, ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജനറല്‍ മാനേജര്‍ ആര്‍.എന്‍. തായല്‍, ഇടനിലക്കാരായ മണി മാറ്റേഴ്‌സ് എന്ന സ്വകാര്യ സ്‌ഥാപനത്തിന്റെ മേധാവി രാജേഷ്‌ ശര്‍മ എന്നിവരേയും കോടതി 29 വരെ സി.ബി.ഐ. കസ്‌റ്റഡിയില്‍ വിട്ടു. രാമചന്ദ്രന്‍ നായര്‍ക്കു പകരം വി.കെ. ശര്‍മയെ സി.ഇ.ഒ. ആയി നിയമിച്ചു. രാമചന്ദ്രന്‍നായരുടെ സസ്‌പെന്‍ഷന്‍ ഇന്നുണ്ടാകും.

വിവാദ വായ്‌പകളുടെ മുഴുവന്‍ രേഖകളും ധനമന്ത്രാലയത്തിനു കൈമാറാന്‍ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി നേരിട്ട്‌ ആവശ്യപ്പെട്ടു. സി.ബി.ഐക്കൊപ്പം ആദായനികുതി വകുപ്പും ഇടപാടുകള്‍ അന്വേഷിക്കും.

അടുത്ത വര്‍ഷം റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ 500 കോടി രൂപയുടെ ഇക്വിറ്റി ഇടപാടുകളാണ്‌ ലക്ഷ്യമിടുന്നതെന്നും തുടര്‍ന്ന്‌ എല്‍.ഐ.സി. ഹൗസിംഗ്‌ ഫിനാന്‍സ്‌ ബാങ്കിംഗ്‌ മേഖലയില്‍ പ്രവേശിക്കുമെന്നും സെപ്‌റ്റംബറില്‍ രാമചന്ദ്രന്‍നായര്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയെ വികസിപ്പിക്കുന്നതിന്റെ മറവില്‍ സ്വന്തം ബിസിനസ്‌ കൊഴുപ്പിക്കാനാണ്‌ ഈ തീരുമാനങ്ങളിലൂടെ രാമചന്ദ്രന്‍ നായര്‍ ലക്ഷ്യമിട്ടതെന്നു സി.ബി.ഐ. സംശയിക്കുന്നു. എല്‍.ഐ.സി. ഭവനവായ്‌പകള്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 21936 കോടിയില്‍നിന്ന്‌ 43385 കോടി (ഇരട്ടി) രൂപയായും ഓഹരി വില 279.65 രൂപയില്‍നിന്ന്‌ 1308.15 (നാലിരട്ടി) രൂപയായും വര്‍ധിച്ചിരുന്നു.

ഇതോടെ രാമചന്ദ്രന്‍നായരുടെ നയങ്ങള്‍ക്കു വ്യാപക പ്രശംസ ലഭിച്ചു. അതിനിടെയാണു വായ്‌പകള്‍ക്ക്‌ ഇടനിലക്കാരായി നിന്ന മണി മാറ്റേഴ്‌സിലെ പവര്‍ ബ്രോക്കര്‍മാരില്‍നിന്നു രാമചന്ദ്രന്‍ നായര്‍ കോഴ രൂപത്തില്‍ കൈപ്പറ്റിയ ചിലതിനേക്കുറിച്ചു സി.ബി.ഐക്കു തെളിവു ലഭിച്ചത്‌. മുംബൈയിലെ ഗോറിഗാവില്‍ ഫ്‌ളാറ്റ്‌ തരപ്പെടുത്തിയതും 2009 നവംബറില്‍ 45 ലക്ഷം രൂപ

കൈക്കൂലി വാങ്ങിയതുമാണു തെളിഞ്ഞത്‌. ഫ്‌ളാറ്റിന്റെ പണം കൊടുക്കാന്‍ മണിമാറ്റേഴ്‌സ് ചെയര്‍മാന്‍ രാജേഷ്‌ ശര്‍മയോടു നായര്‍ ടെലിഫോണിലൂടെ നിര്‍ദേശിക്കുന്നതു സി.ബി.ഐ. ചോര്‍ത്തിയിരുന്നു. ഏഴു കോര്‍പറേറ്റ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ ഇദ്ദേഹം വന്‍ വായ്‌പകള്‍ വഴിവിട്ട്‌ ഏര്‍പ്പാടാക്കിക്കൊടുത്തെന്നാണു സി.ബി.ഐ. കേസ്‌. 200 മുതല്‍ 500 കോടി രൂപവരെയുള്ള വന്‍കിട വായ്‌പകളാണു മണിമാറ്റേഴ്‌സ് ധനകാര്യസ്‌ഥാപന മേധാവികളോട്‌ ആവശ്യപ്പെട്ടിരുന്നതെന്നും ചോര്‍ത്തിയ ടേപ്പുകളില്‍നിന്നു വ്യക്‌തമാണ്‌.

രാമചന്ദ്രന്‍ നായര്‍ 1977 മുതല്‍ എല്‍.ഐ.സിയുടെ വിവിധ ചുമതലകളിലാണ്‌. ബ്രാഞ്ച്‌ മാനേജര്‍, ഡിവിഷണല്‍ സെയില്‍സ്‌ മാനേജര്‍, ഡെപ്യൂട്ടി ജന. മാനേജര്‍, ചീഫ്‌ മാനേജര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍, റീജണല്‍ മാനേജര്‍, സോണല്‍ മാനേജര്‍, ഡയറക്‌ടര്‍ തുടങ്ങിയ പടവുകള്‍ കയറിയാണ്‌ 2008 ഏപ്രിലില്‍ എല്‍.ഐ.സി. ഹൗസിംഗ്‌ ഫിനാന്‍സിന്റെ സി.ഇ.ഒ. പദവിയിലെത്തിയത്‌. 1997-2001 ല്‍ മൗറീഷ്യസില്‍ എല്‍.ഐ.സിയുടെ മേധാവിയായിരുന്നു. 2001-2002-ല്‍ എല്‍.ഐ.സി. എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജരായും 2007-ല്‍ സൗദിയിലെ റിയാദില്‍ എല്‍.ഐ.സി. യുടെ നേതൃത്വത്തില്‍ തുടങ്ങിയ സംയുക്‌തസംരംഭത്തിന്റെ സി.ഇ.ഒ. ആയും പ്രവര്‍ത്തിച്ചു. രാമചന്ദ്രന്‍ നായരും നാലു പൊതുമേഖലാ ബാങ്കുകളിലെ മേധാവികളും ഭവനവായ്‌പാ തട്ടിപ്പില്‍ സി.ബി.ഐയുടെ പിടിയിലായതോടെ, ഈ സ്‌ഥാപനങ്ങളുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു.

=================================================

No comments:

Post a Comment