Saturday, July 3, 2010

Law and lawlessness

റോഡിലെ പൊതുയോഗ നിരോധനം: സര്‍ക്കാര്‍ നിലപാടറിയാന്‍ കേസ്‌ മാറ്റിവച്ചു; വിധിക്കു മുമ്പ്‌ ജി.പിയെയും കേട്ടു
Text Size:   
കോഴിക്കോട്‌: റോഡിലും റോഡ്‌ മാര്‍ജിനിലും പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെയാണെന്നും അതു സ്വാഭാവികനീതിയുടെ നിഷേധമാണെന്നുമുള്ള വാദത്തിന്‌ അല്‍പായുസ്‌. 

ഡിവിഷന്‍ ബെഞ്ച്‌ കേസ്‌ പരിഗണിച്ച രണ്ടു ദിവസങ്ങളിലും സര്‍ക്കാര്‍ അഭിഭാഷകര്‍ (ജി.പി) ഹാജരാകുകയും കോടതിയെ നിലപാട്‌ അറിയിക്കുകയും ചെയ്‌തിരുന്നു.

ഹൈക്കോടതിയില്‍ കഴിഞ്ഞ ജൂണ്‍ 21നാണ്‌ ഖാലിദ്‌ മുണ്ടപ്പള്ളി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്‌. പിറ്റേന്നു റിട്ട്‌ പരിഗണനയ്‌ക്കു വന്നപ്പോള്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷക സര്‍ക്കാരിന്റെ നിലപാടറിയാന്‍ കേസ്‌ 23ലേക്കു മാറ്റിവയ്‌ക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്‌തു. 28നു ഹര്‍ജിയില്‍ വാദം നടക്കവേ മറ്റൊരു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകുകയും കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കുകയും ചെയ്‌തിരുന്നു. അതിനാല്‍ത്തന്നെ സര്‍ക്കാരിനു നിലപാടറിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നു പറയുന്നതില്‍ ഒട്ടും ന്യായമില്ല.

സര്‍ക്കാര്‍ നിലപാട്‌ എതിരായിരുന്നെങ്കിലും വിധി വ്യത്യസ്‌തമാകില്ലായിരുന്നു എന്നതാണു മറ്റൊരു കാര്യം. റോഡിലും റോഡ്‌ മാര്‍ജിനുകളിലും ഫുട്‌പാത്തുകളിലും സ്‌റ്റേജ്‌ കെട്ടി പൊതുയോഗം നടത്താനും കസേരയിട്ടിരുന്ന്‌ മാര്‍ഗതടസം സൃഷ്‌ടിക്കാനും അനുമതി നല്‍കാന്‍ അധികാരമുണ്ടെന്ന്‌ ഒരു സര്‍ക്കാരിനും വാദിക്കാനാവില്ല. ഭരിക്കുന്നത്‌ ഏതു പാര്‍ട്ടിയിലെ നേതാവായാലും രാഷ്‌ട്രീയ നേതാക്കളെന്ന നിലയിലുള്ള അവരുടെ അഭിപ്രായങ്ങളും നിയമപരമായ ബാധ്യതയും യോജിച്ചുപോകണമെന്നില്ല.

രാഷ്‌ട്രീയപരമായ ആവശ്യങ്ങളെയും നിയമപരമായി മാത്രമേ സര്‍ക്കാര്‍ അഭിഭാഷകനു കോടതിയില്‍ വാദിക്കാനാകൂ. നിയമസാധുതയില്ലാത്ത വാദമുഖങ്ങള്‍ കോടതി അംഗീകരിക്കുകയുമില്ല. സുപ്രീംകോടതി അഭിഭാഷകരെ വരുത്തി വാദിച്ചിട്ടും പല കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെടുന്നതിനു വേറെ കാരണം തെരയേണ്ട.

ഈ കേസില്‍ തങ്ങളുടെ നിലപാട്‌ ശരിക്കും പ്രതിഫലിക്കപ്പെട്ടില്ലെന്നതിന്റെ പേരില്‍ റിവ്യൂ ഹര്‍ജി നല്‍കാനും അപ്പീല്‍ പോകാനും സര്‍ക്കാരിന്‌ അവകാശവും അവസരവുമുണ്ട്‌. കോടതി ഉത്തരവിനോടു വിയോജിപ്പുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും മറ്റു പ്രസ്‌ഥാനങ്ങള്‍ക്കും കക്ഷി ചേര്‍ന്ന്‌ കോടതിയെ അഭിപ്രായം അറിയിക്കാനും കഴിയും. എങ്കിലും അത്‌ അംഗീകരിക്കപ്പെടണമെന്നില്ല.

റോഡ്‌ ഗതാഗതത്തിനും റോഡ്‌ മാര്‍ജിന്‍ കാല്‍നട യാത്രക്കാര്‍ക്കുള്ളതുമാണ്‌. ഭരണഘടന ജനങ്ങള്‍ക്കു നല്‍കിയ ഈ മൗലികസ്വാതന്ത്ര്യത്തില്‍ കൈകടത്തുകയോ തടയുകയോ ചെയ്യുന്ന ഒരു നടപടിയും അനുവദിക്കരുതെന്നു മാത്രമാണ്‌ ജൂണ്‍ 23ന്റെ ഉത്തരവിലൂടെ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുള്ളത്‌. കോടതി പരിധി ലംഘിക്കുകയോ, എക്‌സിക്യൂട്ടീവിന്റെ അംഗീകാരം കൈയിലെടുക്കുകയോ ചെയ്‌തിട്ടില്ലെന്നു സാരം. 

പൊതുനിരത്തുകളിലെ പൊതുയോഗവും സമരങ്ങളും ജാഥകളുമായി ബന്ധപ്പെട്ട്‌ രണ്ടു കേസുകളില്‍ സമാനമായ ഹൈക്കോടതി ഉത്തരവുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്‌. ആ വിധികള്‍ക്കെതിരേയും അന്നും രാഷ്‌ട്രീയ നേതാക്കള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ആ കേസുകളുടെ പരിഗണനാ വേളകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ എക്‌സിക്യൂട്ടീവിന്റെ നിലപാട്‌ ശരിയാംവിധം അവതരിപ്പിക്കുകയും കോടതി മുമ്പാകെ പല ഉറപ്പുകളും നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഉത്തരവുകള്‍ പരസ്യമായി ലംഘിക്കപ്പെടുകയും ഉറപ്പുകള്‍ പാലിക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയും ചെയ്യുമ്പോഴാണു ജനം വീണ്ടും കോടതിയെ അഭയം പ്രാപിക്കുന്നത്‌. നീതിന്യായത്തില്‍ രാഷ്‌ട്രീയക്കാരുടെ വികാരപ്രകടനങ്ങളേക്കാള്‍ വില നിയമവ്യവസ്‌ഥയ്‌ക്കാണെന്ന കാര്യം മറക്കാതിരിക്കുക.
-ഹരിദാസന്‍ പാലയില്‍
(a Mangalalam report)

No comments:

Post a Comment