Saturday, August 21, 2010

കേരളത്തിന്റെ ക്രൂരവും വികൃതവുമായ മുഖങ്ങള്‍

വൃദ്ധമാതാവിനെ റോഡരികില്‍ ചവിട്ടിക്കൊന്ന മകന്‍ അറസ്‌റ്റില്‍
കരുനാഗപ്പള്ളി: പെന്‍ഷന്‍തുക മദ്യപിക്കാന്‍ നല്‍കാതിരുന്നതിനു ദേശീയപാതയോരത്ത്‌ വൃദ്ധമാതാവിനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ മകനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക്‌ മഠത്തില്‍ പടീറ്റതില്‍ പരേതനായ കരുണാകരന്റെ മകന്‍ ശിവനാ(38) ണ്‌ അറസ്‌റ്റിലായത്‌. മാതാവ്‌ ജാനകി (70) ആണ്‌ മകന്റെ അടിയേറ്റു മരിച്ചത്‌.

വെള്ളിയാഴ്‌ച രാത്രി 8.30ന്‌ വവ്വാക്കാവ്‌ ജംഗ്‌ഷനു സമീപമായിരുന്നു സംഭവം. കശുവണ്ടി ഫാക്‌ടറി ജീവനക്കാരിയായിരുന്ന ജാനകിയെ ശിവനും ഇയാളുടെ ജ്യേഷ്‌ഠന്‍ അയ്യപ്പന്റെ ഭാര്യ മിനിയും പെന്‍ഷന്‍ തുകയ്‌ക്കായി മര്‍ദിക്കുക പതിവായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഹരിപ്പാട്‌ മകളുടെ വീട്ടിലായിരുന്നു ജാനകിയുടെ താമസം.

അടുത്തിടെ മകളുമായി തെറ്റിപ്പിരിഞ്ഞ്‌ എത്തിയ ജാനകി കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രി തിണ്ണയിലായിരുന്നു താമസം. ഒരാഴ്‌ച മുമ്പ്‌ മകന്‍ ശിവന്‍ ഇവരെ വീട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചു. തന്നെ മര്‍ദിക്കാന്‍ കൊണ്ടുപോകുകയാണെന്നു ജാനകി അറിയിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ ഇടപെട്ടു വൃദ്ധയെ മേലില്‍ ദേഹോപദ്രവം ചെയ്യില്ലെന്ന ഉറപ്പിലാണു വീട്ടിലെത്തിച്ചത്‌. വെള്ളിയാഴ്‌ച പെന്‍ഷന്‍ വാങ്ങാന്‍ തിരിച്ച ജാനകിക്കൊപ്പം ശിവനും ചെല്ലുകയായിരുന്നു. പെന്‍ഷന്‍ ലഭിച്ചയുടന്‍ കുറച്ചു പണം ശിവന്‌ മാതാവ്‌ നല്‍കി.

വൃദ്ധ നല്‍കിയ പണംകൊണ്ടു മദ്യപിച്ചെത്തിയ ശിവന്‍ ബാക്കി തുകകൂടി ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ജാനകി ഇയാള്‍ കാണാതെ വവ്വാക്കാവിലുള്ള ബന്ധുവീട്ടിലേക്കു പോയി. പണവുമായി മാതാവ്‌ സ്‌ഥലംവിട്ടതറിഞ്ഞ്‌ ശിവന്‍ പിന്നാലെ ചെല്ലുകയും വവ്വാക്കാവില്‍ ബസിറങ്ങി നടന്നുപോവുകയായിരുന്ന ജാനകിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. സ്‌ഥലത്തെത്തിയ കരുനാഗപ്പള്ളി എസ്‌.ഐ. അനില്‍കുമാര്‍ അവശനിലയിലായ വൃദ്ധയെ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു മരണം. വൃദ്ധയുടെ മരണം അറിഞ്ഞതോടെ ശിവനെ പോലീസ്‌ അറസ്‌റ്റ്ചെയ്‌തു. കശുവണ്ടി ഫാക്‌ടറിയില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച പണം ഉപയോഗിച്ച്‌ പണിത വീട്‌ മൂത്തമകന്‍ അയ്യപ്പന്‍ കൈയേറിയിരുന്നു. പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.

ആദിവാസി യുവാവ്‌ മദ്യലഹരിയില്‍ മാതാവിനെ വെട്ടിക്കൊന്നു

കല്‍പ്പറ്റ: മേപ്പാടി വടുവഞ്ചാലില്‍ ആദിവാസി യുവാവ്‌ മദ്യലഹരിയില്‍ മാതാവിനെ വെട്ടിക്കൊന്നു. വടുവഞ്ചാല്‍ വളവിലെ ക്ലബ്‌മട്ടം കോളനിയിലെ കറുപ്പി (70)യാണ്‌ മരിച്ചത്‌. മകന്‍ രവി(30)യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട്‌ അഞ്ചുമണിയോടെയാണ്‌ സംഭവം.

അവിവാഹിതനായ രവി കറുപ്പിയുടെ കൂടെയാണ്‌ താമസിച്ചിരുന്നത്‌. വീട്ടില്‍വച്ച്‌ രവി കറുപ്പിയോട്‌ വഴക്കുണ്ടാക്കിയിരുന്നു. ശബ്‌ദം കേട്ട്‌ അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ കറുപ്പിയെ കഴുത്തിന്‌ വെട്ടേറ്റ നിലയിലാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ അയല്‍വാസികള്‍ രവിയെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

ഓണത്തോടനുബന്ധിച്ച്‌ കറുപ്പിക്ക്‌ പെന്‍ഷനായി ലഭിച്ച പണം ആവശ്യപ്പെട്ടാണ്‌ രവി വഴക്കുണ്ടാക്കിയതെന്ന്‌ പരിസരവാസികള്‍ പറഞ്ഞു. കുമാരന്‍, കിട്ടന്‍, ശേഖരന്‍, ശ്രീധരന്‍, ബാബു എന്നിവരാണ്‌ കറുപ്പിയുടെ മറ്റു മക്കള്‍.
(mangalam)

No comments:

Post a Comment