Tuesday, August 24, 2010



പുനരധിവാസകേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അന്തേവാസികള്‍ കേന്ദ്രം വിട്ടു


Posted on: 23 Aug 2010




ബാംഗ്ലൂര്‍: പകര്‍ച്ചവ്യാധി ഭീഷണിയെത്തുടര്‍ന്ന് കാമാക്ഷി പാളയത്തെ യാചക പുനരധിവാസകേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അന്തേവാസികള്‍ കേന്ദ്രം വിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാചകരാണ് ഇവിടത്തെ അന്തേവാസികള്‍. ബാംഗ്ലൂര്‍ യാചകനിരോധിതമേഖലയായി പ്രഖ്യാപിച്ചതോടെ അപ്രത്യക്ഷരായ യാചകര്‍ ഇതോടെ വീണ്ടും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു.

യാചക പുനരധിവാസകേന്ദ്രത്തിലെ യൂണിഫോമുമായാണ് ഇവര്‍ നഗരത്തിലിറങ്ങിയത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് അന്തേവാസികള്‍ക്ക് പകര്‍ച്ചവ്യാധി പിടിപെട്ടത്. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ 26 പേര്‍ മരിച്ചിരുന്നു. പകര്‍ച്ചവ്യാധി ഭീഷണിയെത്തുടര്‍ന്ന് 800-ലധികം അന്തേവാസികള്‍ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മഗടി, വിജയനഗര്‍, രാജാജി നഗര്‍, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളില്‍ കാക്കി യൂണിഫോമുമായി യാചകര്‍ റോഡിലിറങ്ങിയിരിക്കുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള യാചകരെ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കാനുള്ള ശ്രമവും കര്‍ണാടക സാമൂഹ്യക്ഷേമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള 125 പേരാണ് കേന്ദ്രത്തിലുള്ളതെന്നാണ് കണക്ക്. കേന്ദ്രത്തിലുണ്ടായിരുന്ന 2500 അന്തേവാസികളില്‍ ആയിരത്തോളം പേര്‍ പുറത്തുപോയതായി കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

പുനരധിവാസകേന്ദ്രത്തിലെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സാമൂഹ്യക്ഷേമവകുപ്പുമന്ത്രി ഡി. സുധാകരനെ തല്‍സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ മാറ്റിയിരുന്നു. കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 
(mathrubhumi)

No comments:

Post a Comment