Saturday, November 27, 2010

ഐ.എസ്.ആര്‍.ഒ നിര്‍മിച്ച വിദേശ ഉപഗ്രഹം വിക്ഷേപിച്ചു
Posted on: 27 Nov 2010

ഫ്രഞ്ച്ഗയാന: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കുവേണ്ടി ഐ.എസ്.ആര്‍ ഒ നിര്‍മിച്ച ഹൈലസ് 1 ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. 

യൂറോപ്പിലാകമാനം അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി തയ്യാറാക്കിയതാണ് ഈ ഉപഗ്രഹം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് മാത്രമായി ആദ്യമായാണ് യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ഉപഗ്രഹം വിക്ഷേപിക്കുന്നത്. 

ഗ്രമങ്ങളില്‍പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രൊജക്ട് മാനേജര്‍ ആന്‍ഡ്രിയ കോടലെസ്സ പറഞ്ഞു. കേബിള്‍ സംവിധാനമില്ലാതെത്തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉപഗ്രഹം സഹായിക്കുമെന്നും അവര്‍ പറഞ്ഞു. 

ലണ്ടനിലെ അവന്തി കമ്യൂണിക്കേഷന്‍സ് ആണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് വേണ്ടി ഉപഗ്രഹം ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. യൂറോപ്പിലേയും അമേരിക്കയിലേയും നിരവധി കമ്പനികളോട് മത്സരിച്ച് 2006 ലാണ് ഉപഗ്രഹം നിര്‍മിക്കാന്‍ ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ കരാര്‍ നേടിയത്.

ഉപഗ്രഹ ഘടകങ്ങളുടെ സംയോജനവും ആദ്യ പരീക്ഷണവും ബാംഗ്ലൂരിലായിരുന്നു. 2541 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 15 വര്‍ഷം പ്രവര്‍ത്തിക്കും. ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതുവരെയുള്ള നിയന്ത്രണവും ഐ.എസ്.ആര്‍.ഒയുടെ ചുമതലയിലായിരുന്നു.ഹസ്സനിലെ മാസ്റ്റര്‍ കണ്‍ട്രോളര്‍ ഫെസിലിറ്റിയിലാണ് ഇവ നിര്‍വഹിച്ചത്. (mathrubhumi)
=====================================================================

No comments:

Post a Comment