Saturday, July 3, 2010

Corruption in High Places - India's Bane

ഭരണ, പ്രതിപക്ഷങ്ങള്‍ കുടചൂടിയിട്ടും മോഹന്‍ ഏബ്രഹാമിനെ വിജിലന്‍സ്‌ വീഴ്‌ത്തി
Text Size:   
തിരുവനന്തപുരം: സര്‍ക്കാരും പ്രതിപക്ഷവും രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ മോഹന്‍ ഏബ്രഹാമിനെ വീഴ്‌ത്തിയതു വിജിലന്‍സിന്റെ കര്‍ശനനിലപാട്‌. ആദ്യം നല്‍കിയ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂഴ്‌ത്തിയിട്ടും കര്‍ശനനടപടി ആവശ്യപ്പെട്ടു വിജിലന്‍സ്‌ മേധാവി വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കിയതാണു മോഹന്‍ ഏബ്രഹാമിനു വിനയായത്‌.

അവിഹിതസ്വത്ത്‌ സമ്പാദനം, പുസ്‌തകങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട്‌ തുടങ്ങി നിരവധി ആരോപണങ്ങളാണു വിജിലന്‍സ്‌ അന്വേഷിച്ചത്‌. ഇവയിലെല്ലാം മോഹന്‌ എതിരായ റിപ്പോര്‍ട്ടുകള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുചേര്‍ന്നു പൂഴ്‌ത്തി. ഭരണപക്ഷം ഇദ്ദേഹത്തെ പൂര്‍ണമായി സംരക്ഷിച്ചപ്പോള്‍ പ്രതിപക്ഷം മനഃപൂര്‍വം നിശബ്‌ദത പാലിച്ചു.

പൊതുമരാമത്തുവകുപ്പില്‍ അസി. എന്‍ജിനീയറായി സര്‍വീസില്‍ കയറിയ മോഹന്‍ ഏബ്രഹാം പിന്നീടു ഡെപ്യൂട്ടേഷനില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിലും അവിടെനിന്നു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറുമായി. ഒരു വകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനില്‍ വന്നയാള്‍ വീണ്ടും ഡെപ്യൂട്ടേഷനില്‍ പോകണമെങ്കില്‍ ആദ്യം മാതൃവകുപ്പിലേക്കു തിരിച്ചുപോകണമെന്ന മാനദണ്ഡം ലംഘിക്കപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ 2003-ല്‍ വി.എച്ച്‌.എസ്‌. സ്‌കൂള്‍ ലൈബ്രറികളിലേക്കു പുസ്‌തകങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടു നടന്നതായി അക്കൗണ്ടന്റ്‌ ജനറല്‍ കണ്ടെത്തി.

മൂന്നരക്കോടി രൂപ ചെലവാക്കി 5786 പുസ്‌തകങ്ങളാണു വാങ്ങിയത്‌.ഇതിനു നിലവാരമില്ലെന്നു പ്രിന്‍സിപ്പല്‍മാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിപ്രകാരം ആദ്യ വിജിലന്‍സ്‌ അന്വേഷണം നടന്നു.

ഹൗസിംഗ്‌ ബോര്‍ഡിന്റെ നാലാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ്‌ 2007-ല്‍ മൂന്നാംനിലയിലേക്കു മാറ്റി. ഇതിലെ മേശയും കസേരയും അലമാരയും 10 മീറ്റര്‍ മാത്രം അകലെയുള്ള താഴത്തെ നിലയിലേക്കു മാറ്റിയതിന്‌ 8.95 ലക്ഷം രൂപയാണു ബില്‍ രേഖപ്പെടുത്തിയത്‌. ധനവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ഇതിനെ എതിര്‍ത്തെങ്കിലും ഭരണപക്ഷത്തെ ഉന്നതരുമായുള്ള ബന്ധത്തേത്തുടര്‍ന്നു ബില്‍ പാസായി. വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന കേസിലാണു പിന്നീട്‌ വിജിലന്‍സ്‌ അന്വേഷണം നടത്തിയത്‌. ഇതില്‍ വിജിലന്‍സ്‌ നല്‍കിയ രഹസ്യറിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണംശിപാര്‍ശ ചെയ്‌തിരുന്നു.

വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്‌ഥന്‍ കെ. പ്രസാദിന്റെ നേതൃത്വത്തിലാണു പ്രാഥമിക അന്വേഷണം നടത്തിയത്‌. 2001 ജനുവരി മുതല്‍ 2006 ജൂണ്‍വരെ മോഹന്‍ ഏബ്രഹാമിന്റെ വരവും ചെലവുമാണു പരിശോധിച്ചത്‌. യഥാര്‍ത്ഥത്തില്‍ പ്രഖ്യാപിച്ച സ്വത്തിനേക്കാള്‍ 60% അധികം ഇദ്ദേഹം സമ്പാദിച്ചതായി കണ്ടെത്തി. 29.42 ലക്ഷം രൂപയുടെ വര്‍ധനയാണ്‌ ഇതിലുണ്ടായത്‌. ഉള്ളൂരില്‍ 23 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ളാറ്റും 15 സെന്റ്‌ സ്‌ഥലവുമുണ്ടെന്നു കണ്ടെത്തി. വിജിലന്‍സ്‌ സ്‌പെഷല്‍ ടീം ഉദ്യോഗസ്‌ഥന്‍ ശ്യാംലാലിന്റെ നേതൃത്വത്തിലായിരുന്നു ഈ അന്വേഷണം. അധ്യാപര്‍ക്കു ഹൈദരാബാദില്‍ പരിശീലനം നല്‍കാനെന്ന പേരില്‍ ഓരോ വര്‍ഷവും അഞ്ചുലക്ഷം രൂപയുടെ വൗച്ചറുകള്‍ ഉപയോഗിച്ചതായി ഉന്നത വിദ്യാഭ്യാസവകുപ്പിലുണ്ടായിരുന്ന രാജു നാരായണസ്വാമി ഐ.എ.എസ്‌. കണ്ടെത്തി. തൊട്ടുപിന്നാലെ സ്വാമിയുടെ കസേര തെറിച്ചു.

തുടര്‍ന്നാണു വിജിലന്‍സ്‌ എ.ഡി.ജി.പിയായിരുന്ന സിബി മാത്യൂസ്‌, മോഹന്‍ എബ്രഹാമിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ആദ്യം റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അതു സര്‍ക്കാര്‍ പൂഴ്‌ത്തി.

2009-ല്‍ വിജിലന്‍സ്‌ മേധാവി കെ.പി. സോമരാജന്‍, മോഹനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ടു വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കി. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും സമ്മര്‍ദമുണ്ടായെങ്കിലും വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ വഴങ്ങിയില്ല. ഇതിന്റെ അടിസ്‌ഥാനത്തിലാണു മോഹനെതിരേ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്‌. നിരവധി തവണ വിജിലന്‍സ്‌ അന്വേഷണം നേരിടേണ്ടി വന്നിട്ടും ഐ.എ.എസ്‌. ലഭിക്കാനുള്ള സംസ്‌ഥാനസര്‍ക്കാരിന്റെ പട്ടികയില്‍ മോഹന്‍ ഇടംപിടിച്ചു. 2007-ല്‍ ഐ.എ.എസ്‌. ശിപാര്‍ശ സാങ്കേതികകാരണങ്ങളാല്‍ അംഗീകരിച്ചില്ല. 2009-ല്‍ മുഖ്യമന്ത്രി ഇടപെട്ടു പട്ടികയില്‍നിന്നു മോഹന്‍ ഏബ്രഹാമിന്റെ പേരു വെട്ടി.

-വി.എ. ഗിരീഷ്‌
(a mangalam report)
E-mail to a friend

No comments:

Post a Comment