മൂവാറ്റുപുഴ: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ കോതമംഗലം ഇരമല്ലൂര്‍ പൂവത്തൂര്‍ പരുത്തിക്കാട്ട് ജാഫര്‍ (32), കാലടി മേയ്‌ക്കാലടി മുണ്ടേത്ത് അഷറഫ് (42) എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തു. ഇരുവരും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ സോഷ്യലിസ്‌റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ)യുടെ സജീവ പ്രവര്‍ത്തകരാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.10 ന് പ്രതികളെ മൂവാറ്റുപുഴ ഫസ്‌റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി.ഡി. ബൈജുവിനു മുന്നില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്‌തു.
കോതമംഗലം നെല്ലിമറ്റം സ്വദേശിയും മുഖ്യസൂത്രധാരനുമായ ഒന്നാംപ്രതി യൂനുസ് അടക്കം എട്ടംഗ സംഘം റോഡ് മാര്‍ഗം അയല്‍സംസ്‌ഥാനത്തേക്കു കടന്നതായാണു വിവരം. ഇവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്‌തതായി പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഡിവിഷണല്‍ പ്രസിഡന്റും പരിശീലന സംഘത്തിന്റെ നായകനുമാണു യൂനുസ്.
കേസുമായി ബന്ധപ്പെട്ട് ആലുവ മുപ്പത്തടം സ്വദേശികളായ കമറുദ്ദീന്‍, സജീര്‍, എന്നിവരെ ഐ.ജി. ബി. സന്ധ്യയും റൂറല്‍ എസ്.പി. വിക്രമും മൂവാറ്റുപുഴ സ്‌റ്റേഷനില്‍ രാത്രിവൈകിയും ചോദ്യം ചെയ്‌തു വരികയാണ്.
വിവാദ ചോദ്യക്കടലാസ് തയാറാക്കിയ അധ്യാപകന്‍ ടി.ജെ. ജോസഫിനെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചസംഘം രക്ഷപ്പെട്ട ഓമ്‌നി വാന്‍ പിന്നീട് കോതമംഗലത്തിനു സമീപം ചെറുവട്ടൂരില്‍ സംഘത്തിലുണ്ടായിരുന്നവര്‍ ജാഫറിനു കൈമാറുകയായിരുന്നു. വാന്‍ സുരക്ഷിതമായി അഷ്‌റഫിനെ ഏല്‍പിക്കുകയെന്ന ദൗത്യമായിരുന്നു ജാഫറിന്റേത്. ഇതിനായി ഇയാള്‍ വണ്ടിയുമായി പോകുമ്പോള്‍ പെരുമ്പാവൂരിനു സമീപം വട്ടയ്‌ക്കാട്ടുപടിയില്‍വച്ചാണു പിടിയിലായത്. ജാഫര്‍ ഓടിച്ചിരുന്ന ഓമ്‌നി വാനില്‍ രക്‌തക്കറകള്‍ കണ്ടതാണു വഴിത്തിരിവായത്. ജാഫര്‍ പിടിയിലായതോടെ വാഹനം കാത്തുനില്‍ക്കുകയായിരുന്ന അഷ്‌റഫിനെ പോലീസിന് എളുപ്പത്തില്‍ പിടികൂടാനായി. വാഹനത്തോടൊപ്പം ജാഫര്‍ പിടിയിലായതാണു കേസില്‍ നിര്‍ണായകവഴിത്തിരിവായത്.
ജാഫറും അഷ്‌റഫും കൈവെട്ട് സംഭവത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്നും ഇവര്‍ക്കെതിരേ ഗൂഢാലോചന (120 ബി), വധശ്രമം (307) തുടങ്ങി പന്ത്രണ്ടോളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നതെന്നും കൈവെട്ടിയതു മറ്റ് എട്ടു പേര്‍ ചേര്‍ന്നാണെന്നുമാണ് പോലീസ് അറിയിച്ചത്. കോതമംഗലം -കോട്ടപ്പടി-പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ഉടമസ്‌ഥനും സവാള മൊത്തക്കച്ചവടക്കാരനുമായ ജാഫര്‍ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയായ എസ്.ഡി.പി.ഐയുടെ നെല്ലിക്കുഴി പഞ്ചായത്ത് നേതാവാണ്. അഷ്‌റഫ് എസ്.ഡി.പി.ഐയുടെ കാലടി മേഖലയിലെ പ്രവര്‍ത്തകനാണ്.
വാന്‍ അഷ്‌റഫിനു നല്‍കുക മാത്രമായിരുന്നു തന്റെ ദൗത്യമെന്നു ജാഫര്‍ പോലീസിനോടു പറഞ്ഞു. മറ്റു നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ വാന്‍ സൂക്ഷിക്കുകയെന്നതായിരുന്നു അഷ്‌റഫിന്റെ ദൗത്യം.
സംഘാംഗങ്ങളെക്കുറിച്ച് പോലീസിനു വ്യക്‌തമായ വിവരം ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തുന്നില്ല.
മൂവാറ്റുപുഴയില്‍നിന്നു കൃത്യം നടത്തിയ ശേഷം വാഴക്കുളം വഴി കോതമംഗലത്തിനു സമീപം ചെറുവട്ടുരിലെത്തി ഓമ്‌നി ജാഫറിനെ ഏല്‍പിക്കുകയായിരുന്നു സംഘം. കൃത്യനിര്‍വഹണത്തിനു വേണ്ടി ഉപയോഗിച്ച വ്യാജ നമ്പര്‍ ചെറുവട്ടൂരിലെത്തിയശേഷം മാറ്റി. തുടര്‍ന്ന് യഥാര്‍ഥ നമ്പറിലാണു ജാഫര്‍ വണ്ടി പെരുമ്പാവൂര്‍ക്കു കൊണ്ടുപോയത്. ചെറുവട്ടൂരിനു സമീപത്തുനിന്നും വ്യാജനമ്പര്‍ പതിക്കാന്‍ ഉപയോഗിച്ചതിന്റെ അവശിഷ്‌ടങ്ങള്‍ പോലീസ് കണ്ടെടുത്തു. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് എന്നയാളില്‍നിന്നു കോതമംഗലം സ്വദേശിയായ അലിയാണു വാന്‍ വാങ്ങിയത്. പോലീസ് ചോദ്യം ചെയ്യുന്ന കമറുദ്ദീന്‍, സജീര്‍ എന്നിവര്‍ക്ക് അലിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. ഇവര്‍ അലിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നു സൂചനയുണ്ട്.
(a mangalam report) |
No comments:
Post a Comment