ന്യൂഡല്‍ഹി: കേരളത്തില്‍ നടന്ന റെയില്‍വേ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളില്‍ പ്രധാന കണ്ണി മലയാളി വനിതാ നേതാവാണെന്ന് ഇന്റലിജന്‍സിനു വിവരം ലഭിച്ചു. കോട്ടയം സ്വദേശിനിയായ ഇവര്‍ ദേശീയ പാര്‍ട്ടിയുടെ സംസ്‌ഥാന ഘടകം വനിതാ നേതാവായിരുന്ന കാലത്താണ് ലക്ഷക്കണക്കിനു രൂപയുടെ അഴിമതി നടത്തിയത്.
മുന്‍ റെയില്‍വേ മന്ത്രിയുടെ പാര്‍ശ്വവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്നു വന്‍തുക പിരിച്ചെടുത്തിരുന്നത്.
കൈക്കൂലി നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിയുമായി എത്തിയപ്പോഴാണ് അഴിമതി വെളിച്ചത്തായത്. എറണാകുളം കേന്ദ്രമായി സ്വന്തമായി റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളത്തെ ചെറുകിട ജോബ്‌കണ്‍സള്‍ട്ടിംഗ് ഏജന്‍സികള്‍ക്കു കമ്മീഷന്‍ മുഖേന കച്ചവടം ഉറപ്പിച്ചാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയിരുന്നത്.
റെയില്‍വേ പാന്‍ട്രിയിലേക്ക് നിയമനം നല്‍കാമെന്നു വിശ്വസിപ്പിച്ച് നൂറുകണക്കിനു പേരില്‍ നിന്ന് ഇവര്‍ തുക പിരിച്ചെടുക്കുകയായിരുന്നു. ഓരോ വ്യക്‌തിയില്‍ നിന്നും 5000 മുതല്‍ 10000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഉദ്യോഗസ്‌ഥര്‍ക്കിടയില്‍ പോലും 'മാഡം' എന്നറിയപ്പെട്ടിരുന്ന ഇവര്‍ ലോഡ്‌ജുകളില്‍ വച്ചാണ് ഇന്റര്‍വ്യൂ നടത്തിയിരുന്നത്. എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിനടുത്ത ലോഡ്‌ജില്‍ വച്ചാണ് ഏറ്റവും കൂടുതല്‍ പേരെ ഇന്റര്‍വ്യൂ നടത്തിയത്.
മംഗളാ എക്‌സ്പ്രസിലെ പാന്‍ട്രിയിലേക്ക് ടീം ക്യാപ്‌റ്റന്‍, വെജിറ്റബിള്‍ കട്ടര്‍ എന്നീ തസ്‌തികയിലേക്കായിരുന്നു ഇന്റര്‍വ്യൂ. റെയില്‍വേയില്‍ നിന്നു വിരമിച്ച ഉദ്യോഗസ്‌ഥര്‍ പോലു ഈ തട്ടിപ്പില്‍ പങ്കാളികളായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേസ്‌റ്റേഷനിലെ കാന്റീനില്‍ ജോലിയില്‍ പ്രവേശിക്കാന്‍ 'മാഡം' ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ എത്തിയപ്പോള്‍ നിയമനക്കാര്യം അറിയില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചതോടെയാണു വെട്ടിലായ കാര്യം ഉദ്യോഗാര്‍ഥികള്‍ക്കു മനസിലായത്.
തിരിച്ചു നാട്ടിലെത്തിയ ഇവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ഓഫിസുകളിലെത്തി ബഹളമുണ്ടാക്കിയതോടെ സ്വന്തംകീശയില്‍നിന്നു പണം നല്‍കി ഏജന്‍സികള്‍ പ്രശ്‌നം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് അറിയാവുന്നത് സബ് ഏജന്‍സിയെ മാത്രമാണ് എന്നതിനാല്‍ മാഡം രക്ഷപെട്ടു.
പുതിയ റെയില്‍വേ റിക്രൂട്ട്‌മെന്റ് അഴിമതി വെളിച്ചത്തു വന്നതോടെ മുന്‍കാലത്തു നടന്ന സംഭവങ്ങളും പൊടിതട്ടിയെടുത്തതോടെയാണ് പ്രധാനകണ്ണി വനിതാ നേതാവാണെന്ന് വ്യക്‌തമായത്.
കേസന്വഷണ ഏജന്‍സിക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ ഉടന്‍ കൈമാറും. രാഷ്‌ട്രീയക്കാര്‍, മാധ്യമരംഗത്തുളളവര്‍, ബിസിനസ് ഗ്രൂപ്പുകള്‍ എന്നിവരുമായി വനിതാ നേതാവ് അടുത്ത ബന്ധമാണു പുലര്‍ത്തുന്നത്. വിദേശ മദ്യഗ്രുപ്പുമായി ഇവര്‍ നടത്തിയ ഇടപാടിനെക്കുറിച്ചും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്.
-ഡി.ധനസുമോദ് (a mangalam report) |
No comments:
Post a Comment