Friday, July 2, 2010

Radhakrishnan M.G.

എം.ജി. രാധാകൃഷ്‌ണന്റെ വിയോഗം: നൊമ്പരപ്പെടുത്തുന്ന ഓര്‍മച്ചിത്രം
Text Size:
എം.ജി. രാധാകൃഷ്‌ണന്റെ വിയോഗം ആകസ്‌മികമല്ലെങ്കിലും അതൊരു ആഘാതമാണു മനസിലേല്‍പ്പിച്ചത്‌. പതിറ്റാണ്ടുകള്‍ക്കു മുന്‍പു യൂണിവേഴ്‌സിറ്റി കോളജിലെ സായാഹ്നക്ലാസില്‍ സാഹിത്യം പഠിക്കാനുള്ള അതിയായ ആഗ്രഹത്തോടെ കയറിവന്ന ആ യുവാവിനെ ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്‌. സാഹിത്യം കൂടി പഠിച്ചാലേ സംഗീതസംസ്‌കാരത്തിനു മിഴിവേകാന്‍ കഴിയൂവെന്നു വിശ്വസിച്ച ഒരു നല്ല വിദ്യാര്‍ത്ഥിയായിരുന്നു എം.ജി.

പദങ്ങളുടെ ചേര്‍ച്ചയും അകലവും സംബന്ധിച്ച ചിട്ടകള്‍ ഭംഗിയായി നിഷ്‌കര്‍ഷിച്ച വ്യക്‌തിയായിരുന്നു അദ്ദേഹം. ലളിതസംഗീതരംഗത്തു വ്യക്‌തിമുദ്ര പതിപ്പിച്ച ശേഷമാണു സിനിമയിലേക്കു കടന്നത്‌. ചുരുക്കം ചില സിനിമകള്‍ മാത്രമേ ചെയ്‌തിട്ടുള്ളൂവെങ്കിലും അവയെല്ലാം ഉന്നതനിലവാരം പുലര്‍ത്തുന്നവയായിരുന്നു. ഒരുകാലത്തും മറക്കാനാകാത്ത പാട്ടുകളായിരുന്നു അവ. വിശേഷിച്ചു 'മണിച്ചിത്രത്താഴ്‌'. അതിലെ 'ഒരു മുറൈ വന്തു പാര്‍ത്തായാ..' എന്ന ഗാനം ഏതു തമിഴ്‌ സംഗീതസംവിധായകനു പോലും അസൂയ ഉണ്ടാക്കുന്നതാണ്‌.

ജാലകം, മിഥുനം തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്കു വേണ്ടി മാത്രമേ ഞങ്ങള്‍ ഒന്നിച്ചിട്ടുള്ളൂ. അതെല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കാണാന്‍ ഒരു തവണ ഞാന്‍ പോയിരുന്നു. മരണത്തെ കൂസാതെയുള്ള അദ്ദേഹത്തിന്റെ ആ ഇരിപ്പ്‌ ഇന്നു വളരെയേറെ വേദനിപ്പിക്കുന്ന ഒരു ചിത്രമാണ്‌. എല്ലാം അറിഞ്ഞുകൊണ്ട്‌ ഒന്നുമറിഞ്ഞു കൂടെന്ന ഭാവത്തിലായിരുന്നു ആ ചിരി. അദ്ദേഹം യാത്ര പറയാനായി കൈ വീശിയിരുന്നു. ഇപ്പോള്‍ ശരിക്കും യാത്രയായി. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ ദുഃസഹമായ വേദനയാണു കേരളത്തിലെ സംഗീതസമൂഹം അനുഭവിക്കുന്നത്‌.

* ഒ.എന്‍.വി കുറുപ്പ്‌

No comments:

Post a Comment