13 പവന്‍ കവര്‍ന്ന സംഭവം; അഞ്ച് നാടോടി സ്‌ത്രീകള്‍ പിടിയില്‍ |
കുന്നംകുളം: കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടമ്മയെ കബളിപ്പിച്ച് വീടിനകത്തെ അലമാരയില്‍നിന്ന് 13 പവന്‍ ആഭരണങ്ങള്‍ കവര്‍ന്ന തമിഴ് നാടോടി സംഘത്തിലെ അഞ്ച് സ്‌ത്രീകളെ കുന്നംകുളം പോലീസ് അറസ്‌റ്റുചെയ്‌തു. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന തമിഴ്‌നാട് പെരിയസേലം സെല്‍വി കൃഷ്‌ണമ്മ (20), ചിന്നസേലം സ്വദേശികളായ ശാന്തി (ജ്യോതി - 28), ഗൗരി (22), കാളി (18), സേലം കാര്‍ത്യായനി (19) എന്നിവരെയാണ് ഡിവൈ.എസ്‌പി. രാധാകൃഷ്‌ണന്‍, സി.ഐ. പി.സി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്ചെയ്‌തത്. പോന്നോര്‍ മോസ്‌കോ നഗറില്‍ പാമ്പുങ്ങല്‍ വീട്ടില്‍ ഹരിപ്രിയന്റെ ഭാര്യ ബിന്ദുവിന്റെ 13 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ മാസം 26-ന് രാവിലെ പട്ടാപ്പകല്‍ മോഷ്‌ടിക്കപ്പെട്ടത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ നാടോടിസംഘം ഗ്ലാസിന് പകരം കൈയിലൊഴിച്ചാണു വെള്ളം കുടിച്ചത്. ഓരോരുത്തര്‍ക്കും വെള്ളം എടുക്കാന്‍വേണ്ടി വീട്ടമ്മ അകത്തേക്കുപോയ തക്കംനോക്കിയാണു നാടോടിസംഘത്തിലെ രണ്ടുപേര്‍ അകത്തുകയറി അലമാരയില്‍ വച്ചിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് മോഷ്‌ടിച്ചത്. വെള്ളം കുടിച്ചതിനുശേഷം സംഘം തിരിച്ചുപോയി. വൈകിട്ടാണ് ആഭരണങ്ങള്‍ അടങ്ങിയ ബാഗ് അലമാരയില്‍നിന്ന് കാണാതായ വിവരം വീട്ടമ്മ അറിഞ്ഞത്. തുടര്‍ന്നു പേരമാംഗലം പോലീസില്‍ പരാതി നല്‍കി. പകല്‍ സമയങ്ങളില്‍ സ്‌ത്രീകള്‍ മാത്രമുള്ള വീടുകള്‍ കണ്ടുവച്ച് പഴയ സാധനങ്ങള്‍ വാങ്ങിക്കാനെന്ന വ്യാജേന സ്‌ത്രീകളെ കബളിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നത്. രാത്രിസമയങ്ങളില്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരങ്ങളില്‍ താവളമടിക്കുന്ന സംഘം പകല്‍ സമയങ്ങളില്‍ തീവണ്ടികളില്‍ സഞ്ചരിച്ച് സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കവര്‍ച്ച നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. |
Wednesday, August 4, 2010
സ്‌ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച
Subscribe to:
Post Comments (Atom)
No comments:
Post a Comment