Saturday, August 21, 2010

പ്രവാസി വാര്‍ത്തകള്‍

സൗദിയില്‍ വ്യാജ കറന്‍സി പരിശോധന യന്ത്രം നിര്‍ബന്ധമാക്കി
ദമാം: സൗദി അറേബ്യയിലെ വ്യാപാര സ്‌ഥാപനങ്ങളില്‍ വ്യാജ കറന്‍സി പരിശോധിക്കാനുള്ള യന്ത്രം നിര്‍ബന്ധമാക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി നിര്‍ദ്ദേശിച്ചു. രാജ്യത്ത്‌ വ്യാജ കറന്‍സി വ്യാപകമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നടപടി. സ്‌ഥാപനങ്ങള്‍ തൊഴിലാളികളുടെ ശംബളം ബാങ്ക്‌ മുഖേനെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്‌ .
...തോമസ്‌ മാത്യൂ

പ്രതിയുടെ ശരീരം തളര്‍ത്തി ശിക്ഷ: സൗദി ജഡ്‌ജി സാധ്യതയാരാഞ്ഞു
കെയ്‌റോ: കശാപ്പുകത്തി കൊണ്ട്‌ ആക്രമിച്ച്‌ ഒരാളുടെ ശരീരം തളര്‍ത്തിയ കേസിലെ പ്രതിയുടെ സുഷുമ്‌നാ നാഡിക്കു കേടുവരുത്തി ശരീരം തളര്‍ത്തി ശിക്ഷ നടപ്പാക്കാനാകുമോയെന്നു സൗദി അറേബ്യയിലെ ജഡ്‌ജി വിവിധ ആശുപത്രികളോടു തിരക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇസ്ലാമിക നിയമം പിന്തുടരുന്ന സൗദി ചില അവസരങ്ങളില്‍ പകരത്തിനു പകരം എന്ന തരത്തിലുള്ള ശിക്ഷ നടപ്പാക്കാറുണ്ട്‌. താബുക്ക്‌ പ്രവിശ്യയിലെ ജഡ്‌ജിയാണ്‌ ആശുപത്രികളോടു വിദഗ്‌ധാഭിപ്രായം തേടിയത്‌. ഇത്തരത്തില്‍ ശസ്‌ത്രക്രിയ നടത്താനാവില്ലെന്നു റിയാദിലെ പ്രമുഖ ആശുപത്രി മറുപടി നല്‍കിയെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ്‌ അബ്‌ദുള്‍ അസീസ്‌ അല്‍ മൗത്താരി എന്നയാളെ കശാപ്പുകത്തിക്ക്‌ ആക്രമിച്ച കേസിലാണു കോടതി നടപടി. തളര്‍ന്നുകിടക്കുന്ന തനിക്കുണ്ടായ അനുഭവംതന്നെ പ്രതിക്കുമുണ്ടാകണമെന്ന്‌ അബ്‌ദുള്‍ നിര്‍ബന്ധിക്കുന്നതിനാല്‍ വിചാരണ വൈകിയിരുന്നു.

പ്രവാസി വോട്ടവകാശ ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയര്‍ക്കു വോട്ടവകാശം നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി എം. വീരപ്പമൊയ്‌ലിയാണു 'ജനപ്രാതിനിധ്യ (ഭേദഗതി) ബില്‍ 2010' അവതരിപ്പിച്ചത്‌.

പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതി, അവരുടെ വോട്ടിംഗ്‌ രീതി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഉപാധികള്‍ തുടങ്ങിയവ മന്ത്രി വിശദീകരിച്ചു.

2006-ല്‍ ഇതു സംബന്ധിച്ച്‌ അവതരിപ്പിച്ച ബില്‍ പിന്‍വലിച്ചുകൊണ്ടാണു സമഗ്രമായ പുതിയ ബില്‍ അവതരിപ്പിച്ചത്‌. ബില്‍ നിയമമാക്കുന്നതോടെ പ്രവാസികള്‍ക്കു തങ്ങളുടെ മാതൃരാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിത്തം ലഭിക്കുമെന്നു വീരപ്പമൊയ്‌ലി ചൂണ്ടിക്കാട്ടി.

ഈ ആവശ്യം ദീര്‍ഘകാലമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണെങ്കിലും പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും വിദേശത്തുനിന്നു വോട്ട്‌ രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കുന്നതിലുമുള്ള പ്രായോഗിക വൈഷമ്യങ്ങള്‍ കണക്കിലെടുത്താണു പരിഗണിക്കപ്പെടാതിരുന്നത്‌. ഇതു സംബന്ധിച്ച 2006-ലെ ബില്‍ പരിഗണിച്ച പാര്‍ലമെന്ററി സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി(നീതിന്യായം)യാണു സമഗ്രമായ പുതിയ ബില്‍ അവതരിപ്പിക്കാന്‍ ശിപാര്‍ശ ചെയ്‌തത്‌.


No comments:

Post a Comment