Wednesday, August 4, 2010

ക്രിമിനല്‍ കേരളം --പോലിസ് ഇങ്ങനെ ആയാല്‍?

വ്യാജകത്ത്‌: ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കുടുങ്ങും
തിരുവനന്തപുരം: ഐ.പി.എസ്‌. പദവി അനര്‍ഹമായി നേടിയെടുക്കുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെയും മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും പേരില്‍ വ്യാജകത്ത്‌ തയാറാക്കി അയച്ച സംഭവവുമായി ബന്ധപ്പെട്ടു കേരള പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ കുടുങ്ങും.

സംഭവത്തെ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെയാണു കാണുന്നതെന്നു വി.എസ്‌. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞു. വ്യാജകത്തിനെക്കുറിച്ചു വന്ന മംഗളം വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ഇരുവരും.വ്യാജകത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ പോലീസ്‌ പ്രത്യേകസംഘം അന്വേഷിക്കും. തിരുവനന്തപുരം കമ്മിഷണര്‍ എം.ആര്‍. അജിത്‌കുമാറിന്റെ നേതൃത്വത്തിലുളള ഏഴംഗ പ്രത്യേകസംഘമായിരിക്കും അന്വേഷണത്തിന്‌ ചുക്കാന്‍പിടിക്കുക. നര്‍കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി: കെ. ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു.

ഐ.പി.എസ്‌. സെലക്ഷന്‍ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട 15 സീനിയര്‍ എസ്‌.പിമാരില്‍ നാലുപേരെ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നതെന്ന്‌ ഉന്നത പോലീസ്‌ കേന്ദ്രങ്ങള്‍ വ്യക്‌തമാക്കി. ഐ.പി.എസ്‌. ലഭിക്കുന്നവര്‍ക്ക്‌ അഞ്ചുവര്‍ഷം കൂടി സര്‍വീസില്‍ തുടരാനാകും. കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന ക്വാട്ടയില്‍ അഞ്ച്‌ ഒഴിവുകളാണുള്ളത്‌. അന്തിമ പട്ടികയില്‍ തഴയപ്പെടുമെന്ന്‌ ഉറപ്പായ ഒരു ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലാണ്‌ കത്ത്‌ തയാറാക്കിയതെന്നാണ്‌ അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‌ തന്റെ പേരില്‍ അയച്ച വ്യാജകത്തിനെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ ഡി.ജി.പിയോട്‌ നിര്‍ദേശിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താലേഖകരോട്‌ പറഞ്ഞു. 

No comments:

Post a Comment