Wednesday, August 25, 2010

സ്റ്റേഷനില്‍ക്കയറി എസ്.ഐ.യെ കൈയേറ്റം ചെയ്തു; 
Posted on: 25 Aug 2010

ചിറ്റൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ്‌സ്റ്റേഷനില്‍ക്കയറി അതിക്രമത്തിന് ശ്രമിച്ച സി.പി.എം. പെരുമാട്ടി ലോക്കല്‍കമ്മിറ്റി മുന്‍ അംഗത്തെ അറസ്റ്റ് ചെയ്തു.

പെരുമാട്ടി അത്തിമണി കാരികുളം രാജന്റെ മകന്‍ അനില്‍കുമാര്‍ (27) ആണ് അറസ്റ്റിലായത്. ചിറ്റൂര്‍ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി എസ്.ഐ. എം.ജെ. ജിജോയെ കൈയേറ്റം ചെയ്തതിനും ഫയലുകള്‍ നശിപ്പിച്ച് സ്റ്റേഷന്‍പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. ഏതാനും ദിവസംമുമ്പ് പുതുനഗരം പോലീസ് ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് അനില്‍കുമാര്‍.

വിവിധ പോലീസ്‌സ്റ്റേഷനുകളിലായി 13 ഓളം കേസില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. പാലക്കാട്‌കോടതിയില്‍ ഹാജരാക്കിയ അനില്‍കുമാറിനെ സപ്തംബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. തത്തമംഗലം കുരിശുമുക്ക് ഭാഗത്ത് ഒരുസംഘം യുവാക്കളുടെ ഓണാഘോഷ പരിപാടികള്‍ക്കിടെ അനില്‍കുമാറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാനില്‍ രതീഷ് എന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് തട്ടിയെന്നാരോപിച്ചുണ്ടായ തര്‍ക്കവും സംഘട്ടനവുമാണ് പിന്നീട് സ്റ്റേഷനില്‍ ക്കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്.

വാനില്‍ സഞ്ചരിച്ചിരുന്ന അനില്‍കുമാറിന്റെ സുഹൃത്തുക്കളായ വാസു, രമേഷ്, അനന്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ രതീഷിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഘത്തിന്റെ ആക്രമണത്തില്‍ മാങ്ങോട് കിട്ടുണ്ണിയുടെ മകന്‍ രതിഷ്(29), അമ്മ ദൈവാന(49), സഹോദരി ജയന്തി(34), സമീപവാസിയും ലോട്ടറിവില്പന ത്തൊഴിലാളിയുമായ രാജന്‍(40) എന്നിവര്‍ക്ക് പരിക്കേറ്റു. മര്‍ദനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശാരീരികവൈകല്യമുള്ള രാജന് മര്‍ദനമേറ്റതെന്നും പരാതിയുണ്ട്. പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്തെത്തിയ ചിറ്റൂര്‍ എസ്.ഐ. എം.ജെ.ജിജോയും സംഘവും വാസു, രമേഷ്, അനന്തന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചിറ്റൂര്‍ സ്റ്റേഷനിലെത്തിച്ചു. ഈ സമയം സ്റ്റേഷനിലെത്തിയ അനില്‍കുമാര്‍ സുഹൃത്തുക്കളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു. എസ്.ഐ. വിസമ്മതിച്ചതോടെ വാക്കേറ്റമായി. ഇതിനിടെ അനില്‍കുമാര്‍ എസ്.ഐ.യുടെ ഷര്‍ട്ടിന്റെ കോളറില്‍പ്പിടിച്ച് വലിച്ചതായും പരാതിയുണ്ട്. പോലീസ്‌സ്റ്റേഷനിലെ ഫയലുകള്‍ പിടിവലിക്കിടെ അനില്‍കുമാര്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചതായും പോലീസ് ആരോപിച്ചു. പോലീസ് അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി വിലങ്ങണിയിക്കുകയും ചെയ്തു. സംഘം മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവമറിഞ്ഞ് പാലക്കാട് ഡിവൈ.എസ്.പി. എം.കെ. പുഷ്‌കരന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്റ്റേഷന്‍ പരിസരത്തെത്തി. സംഘാംഗങ്ങളായ വാസു, രമേഷ്, അനന്തന്‍ എന്നിവര്‍ക്കെതിരെ പെറ്റിക്കേസെടുത്ത പോലീസ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
(mathrubhumi) 

No comments:

Post a Comment