വനംവകുപ്പും വൈദ്യുതി ബോര്‍ഡും ഇടയുന്നു; സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പാളി
തിരുവനന്തപുരം: പരിസ്‌ഥിതിയുടെ പേരില്‍ സംസ്‌ഥാന വനംവുകപ്പും വൈദ്യുതി ബോര്‍ഡും ഇടയുന്നു. പത്തു ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ഇടങ്കോലിട്ടതിനു പിന്നാലെ ആദിവാസി കോളനികളിലേക്കു വൈദ്യുതി ലൈന്‍ വലിക്കാന്‍ വനംവകുപ്പ് അനുമതി നിഷേധിച്ചു. ഇതോടെ സംസ്‌ഥാനത്തെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പാളി.
സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ലാഡ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ആദിവാസി കോളനികള്‍ വൈദ്യുതീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഓരോ ജില്ലയിലേയും ആദിവാസി കോളനികളുടെ പ്രത്യേകതകള്‍ കണക്കിലെടുത്താണു പദ്ധതികള്‍ ആവിഷ്‌കരിച്ചത്. കോളനികളിലേക്കു വൈദ്യുതി എത്തിക്കാന്‍ പ്രത്യേകം 11 കെ.വി ലൈനുകള്‍ സ്‌ഥാപിക്കേണ്ടതുണ്ട്. ഇപ്പോള്‍ ലൈനുകള്‍ ഉള്ള സ്‌ഥലത്തുനിന്നും വനത്തിനുള്ളിലൂടെ കോളനികളിലേക്കു പുതുതായി സ്‌ഥാപിക്കുന്ന ലൈന്‍ വഴി വൈദ്യുതി എത്തിക്കാനായിരുന്നു ലക്ഷ്യം.
ഇതിനായി മരം മുറിക്കേണ്ടതില്ലെന്നും ലൈന്‍ കടന്നുപോകുന്ന വന പ്രദേശത്തെ മരങ്ങളുടെ ശിഖരങ്ങള്‍ മാത്രം മുറിച്ചാല്‍ മതിയെന്നും സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധ സമിതി കണ്ടെത്തുകയും കേന്ദ്ര സര്‍ക്കാരിനു ശിപാര്‍ശ ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ പഠിക്കുകയും മരങ്ങള്‍ മുറിക്കേണ്ടതില്ലാത്തതിനാല്‍ ലൈന്‍ സ്‌ഥാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചു വനത്തില്‍ കൂടി 22 കെ.വി ലൈനില്‍ കൂടുതല്‍ ശേഷിയുള്ള ലൈനുകള്‍ സ്‌ഥാപിക്കുകയാണെങ്കില്‍ അതിനു സംസ്‌ഥാനം തുക (നെറ്റ് പ്രെസന്റ് വാല്യൂ) അടയ്‌ക്കണം. ഒരു ഹെക്‌ടറിന് 10.72 ലക്ഷം രൂപയാണ് ഇങ്ങനെ അടയ്‌ക്കേണ്ടത്.
ആദിവാസി കോളനികളില്‍ വൈദ്യുതി എത്തിക്കാന്‍ 11 കെ.വി. ലൈനാണ് സ്‌ഥാപിക്കുന്നത് എന്നതിനാല്‍ കേന്ദ്രത്തിനു പണമടയ്‌ക്കേണ്ടതില്ല. ലൈന്‍ നിര്‍മാണത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ വനംവകുപ്പ് എതിര്‍പ്പുമായി രംഗത്തുവന്നു. ഹെക്‌ടറിനു 10.72 ലക്ഷം രൂപ വീതം അടയ്‌ക്കാതെ അനുമതി നല്‍കില്ലെന്നാണു വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യം 100 രൂപയുടെ മുദ്രപത്രത്തില്‍ അതതു പ്രദേശത്തെ വിതരണത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനു വൈദ്യുതി ബോര്‍ഡ് തയാറായില്ല.
കേന്ദ്രം നിര്‍ദേശിച്ചതനുസരിച്ച് നിലവില്‍ തുക അടയ്‌ക്കേണ്ടതില്ലെന്നും ഭാവിയില്‍ കേന്ദ്രം ആവശ്യപ്പെട്ടാല്‍ തുക നല്‍കാമെന്നും ഊര്‍ജവകുപ്പ് അറിയിച്ചു. വനംവുകപ്പിന് ഇതു സ്വീകാര്യമായില്ല. പദ്ധതി നിലച്ചു. 2008ല്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കി. സ്‌പെഷല്‍ അഫോറസ്‌റ്റേഷന്‍ ആന്റ് നോഡല്‍ ഓഫീസറായ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മുന്‍കാല പ്രാബല്യത്തോടെയാക്കി. ഇതോടെ 2009- 2010 സാമ്പത്തിക വര്‍ഷം അവസാനിച്ചതോടെ പദ്ധതിയുടെ അനുമതി നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വനംവുകപ്പ് കെ.എസ്.ഇ.ബിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ആദിവാസി കോളനികളിലേക്കുള്ള പദ്ധതിയുടെ പൂര്‍ണ ചെലവു വഹിക്കുന്നത് അതതു പ്രദേശത്തെ എം.എല്‍.എമാരാണ്. പലരും അവരുടെ ഫണ്ടിന്റെ നല്ലൊരു പങ്ക് ഇതിനായി നീക്കിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്‌ഥര്‍ സ്‌പെഷ്യല്‍ അഫോറസ്‌റ്റേഷന്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്ററെ നേരില്‍കണ്ടുവെങ്കിലും പ്രയോജനമുണ്ടായില്ല.
കേന്ദ്രം അനുമതി നല്‍കിയ പദ്ധതികള്‍ സ്‌ഥിരമായി നടപ്പാക്കാതെ വന്നാല്‍ കെ.എസ്.ഇ.ബി പ്രതിസന്ധിയിലാകുമെന്നും ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഊര്‍ജ്‌ജ വകുപ്പ് അറിയിച്ചുവെങ്കിലും ലൈന്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് വനംവകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ ആനക്കയം, മാങ്കുളം, തോട്ടിയാര്‍, മുല്ലപ്പെരിയാര്‍ ഡാമിലേക്ക് വൈദ്യുതി നല്‍കാനുള്ള പദ്ധതി,കുറ്റ്യാടി ഓഗ്‌മെന്റേഷന്‍, വക്കല്ലാര്‍, അച്ചന്‍കോവില്‍, ചെളിക്കല്ലാര്‍, ആനമല മണലി തുടങ്ങിയ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം വനംവകുപ്പ് തടസം ഉന്നയിച്ചിരുന്നു.
....വി.എ. ഗിരീഷ് (mangalam)
No comments:
Post a Comment