Saturday, November 6, 2010

ആയിരംകോടിയുടെ വ്യാപാരകരാറുകള്‍ ഒബാമ പ്രഖ്യാപിച്ചു 

Posted on: 06 Nov 2010
========================================================
മുംബൈ: ആയിരംകോടി രൂപയുടെ 20 വ്യാപാരകരാറുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. ഇതുവഴി അമേരിക്കയില്‍ 54,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതപ്പെടുന്നു. വ്യാപാര കരാറുകളില്‍ ജനറല്‍ ഇലക്ട്രിക്കല്‍സില്‍ നിന്ന് എയര്‍ക്രാഫ്റ്റ് എഞ്ചിനുകള്‍ വാങ്ങുന്നതിനും കൂടാതെ സ്‌പൈസ് ജെറ്റിന് വേണ്ടി ബോയിങ് 737 വിഭാഗത്തില്‍ പെടുന്ന 33 വിമാനങ്ങളുടെ കരാറും ഉള്‍പ്പെടുന്നു. 

സാങ്കേതികവിദ്യയുടെ കയറ്റുമതിയില്‍ ഇന്ത്യക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള ഉടമ്പടിയിലൂടെ മാത്രം 12,000 തൊഴിലവ സരങ്ങള്‍ അമേരിക്കയിലുണ്ടാകും. ഉപരോധങ്ങളുടെ പട്ടികയില്‍ നിന്ന് ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, ബി.ഡി.എല്‍ എന്നീ സ്ഥാപനങ്ങളെ ഒഴിവാക്കി. പൊഖ്‌റാന്‍ പരീക്ഷണത്തിന് ശേഷമാണ് അമേരിക്ക ഐ.എസ്.ആര്‍.ഒ, ഡി.ആര്‍.ഡി.ഒ എന്നിവയുമായുള്ള സാങ്കേതിവിദ്യ കൈമാറ്റത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതത്. വൈകിട്ട് ഹോട്ടല്‍ ട്രൈഡന്‍റില്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഒബാമ കരാറുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അമേരിക്കയുടെ നിര്‍മ്മാണത്തില്‍ ഇന്ത്യക്കാരും ഇന്ത്യയുടെ നിര്‍മ്മിതിയില്‍ അമേരിക്കക്കാരും നിര്‍ണായക പങ്കുവഹിച്ചു. ഭാവിയുടെ വിപണിയായി ഇന്ത്യയെയാണ് അമേരിക്ക കാണുന്നത്. അമേരിക്കയില്‍ ഇന്ത്യ നടത്തുന്ന നിക്ഷേപങ്ങളിലൂടെ 10,000 തൊഴിലവസരങ്ങളുണ്ടാകും. ദക്ഷിണ കരോലിനയില്‍ റിലയന്‍സ് ഊര്‍ജനിലയം സ്ഥാപിക്കുന്നതാണ് ഇതിലെ പ്രധാന പദ്ധതി.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും മുമ്പെങ്ങുമില്ലാത്ത വിധം ഒന്നിച്ചുനില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക ഒബാമ പറഞ്ഞു. മുംബൈ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു ഒബാമ. ഇന്ത്യന്‍ ജനതയുടെ കരുത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീകമാണ് താജ് എന്ന് ഒബാമ അഭിപ്രായപ്പെട്ടു. തീവ്രവാദികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ് തന്റെ സന്ദര്‍ശനം. നിശ്ചയദാര്‍ഢ്യത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും അടയാളം കൂടിയാണ് താജ്. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍കൊണ്ടുവരണം. മുംബൈയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയില്ല.

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അദ്ദേഹം താജ് ഹോട്ടലിലെത്തിയത്. പാകിസ്താനെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ഒബാമയുടെ പ്രസംഗം

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഉച്ചയ്ക്ക് 12.50 ഓടെയാണ് ഒബാമ മുംബൈയിലെത്തിയത്. പ്രത്യേക വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഒബാമയെ വിദേശകാര്യ സഹമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങിയ നേതാക്കള്‍ ഔദ്യോഗികമായി വരവേറ്റു. മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഒബാമയ്ക്കും സംഘത്തിനും വേണ്ടി വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ഇന്ത്യ-യു.എസ്. തന്ത്രപ്രധാന, സാമ്പത്തിക സഹകരണം ശക്തമാക്കുക, ഭീകരവിരുദ്ധപോരാട്ടം സജീവമാക്കുക തുടങ്ങിയവയാണ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. മുംബൈ ഭീകരാക്രമണത്തിനിരയായ മുംബൈയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അദ്ദേഹം ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കന്നി ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കം കുറിക്കുന്നത്. ഭാര്യ മിഷേലും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടുന്ന ഒബാമയുടെ സംഘത്തിനൊപ്പം വ്യവസായലോകത്തെ 200 പ്രമുഖരുമുണ്ട്. 

മുംബൈ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം അര്‍പ്പിക്കല്‍, ഗാന്ധി മ്യൂസിയം സന്ദര്‍ശനം, വ്യവസായ തലവന്മാരുമായി കൂടിക്കാഴ്ച എന്നിവയാണ് ശനിയാഴ്ച മുംബൈയിലെ ഔദ്യോഗിക പരിപാടികള്‍. മുംബൈ വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം ഒബാമ യു.എസ്. നാവികസേനയുടെ മറീന്‍ വണ്‍ ഹെലികോപ്റ്ററില്‍ ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള നാവികസേന ആസ്ഥാനമായ ഐ.എന്‍.എസ്. ശിക്രയിലേക്ക് പോയി. അവിടെ നിന്ന് താജ് ഹോട്ടലിലേക്ക് തിരിച്ച ഒബാമ ചടങ്ങില്‍ മുംബൈ ഭീകരാക്രമണത്തില്‍ അനുശോചിച്ചുകൊണ്ടുള്ള സന്ദേശം വായിച്ചു. ചടങ്ങില്‍ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചവരുമായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും ഒബാമ ആശയവിനിമയം നടത്തി. 

മുംബൈയില്‍ നിന്ന് ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ഡല്‍ഹിക്ക് പുറപ്പെടും. ഹുമയൂണ്‍ ശവകുടീര സന്ദര്‍ശനമാണ് പ്രധാന പരിപാടി. രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഭാര്യ ഗുര്‍ശരണ്‍ കൗറിനുമൊപ്പം ഒബാമയും മിഷേലും അത്താഴവിരുന്ന് കഴിക്കും. ഡല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടല്‍ പൂര്‍ണമായും അമേരിക്കന്‍ പ്രസിഡന്‍റിനും സംഘത്തിനും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനുശേഷം ഒബാമ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപമായ രാജ്ഘട്ട് സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. 

അതിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഔദ്യോഗിക ചര്‍ച്ച. ധനമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, കൃഷിമന്ത്രി ശരദ് പവാര്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ തുടങ്ങിയ പ്രമുഖരും ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. 

ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഇന്‍ഡൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കാണ് ഒബാമ പോകുന്നത്. അവിടെ നിന്ന് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയിലെത്തും. തുടര്‍ന്ന് ജപ്പാനും സന്ദര്‍ശിക്കും. 2006-ല്‍ ജോര്‍ജ് ബുഷിനുശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത്.

======================================================

No comments:

Post a Comment