Sunday, December 19, 2010

സ്വര്‍ണവില 18000 രൂപ കടക്കും?
Posted on: 19 Dec 2010


കൊച്ചി: 2011ലും സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന് ബുള്ള്യന്‍ വിദഗ്ധര്‍. 20 ശതമാനം വര്‍ധനയെങ്കിലുമുണ്ടാവുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ പവന് 18,000 രൂപയ്ക്ക് മുകളിലെത്തും.

ഡിസംബര്‍ ഏഴിന് പവന്‍വില 15,600 രൂപയിലെത്തി പുതിയ റെക്കോഡ് കുറിച്ചിരുന്നു. അതിനു ശേഷം ലാഭമെടുക്കലിനെത്തുടര്‍ന്ന് വില താഴ്ന്നിട്ടുണ്ട്. എന്നാല്‍ ക്രിസ്മസും പുതുവത്സരവും കഴിയുന്നതോടെ വില വീണ്ടും ഉയരുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,431 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം നേരിയ താഴ്ചയിലാണ്. എന്നാല്‍ അടുത്ത 12 മാസക്കാലയളവില്‍ വില 1,690 ഡോളറിലേക്ക് ഉയരുമെന്ന് ആഗോള ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നു. 2011ല്‍ 1,500 ഡോളര്‍ ആയിരിക്കും ശരാശരി വില എന്നാണ് ബിഎന്‍പി പാരിബയുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ആറ് മടങ്ങാണ് ഉയര്‍ന്നത്. 10 വര്‍ഷം മുമ്പ് ട്രോയ് ഔണ്‍സിന് 250 ഡോളറിനടുത്തായിരുന്നു വില. അതാണ് ഇപ്പോള്‍ 1,400 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണവില നിശ്ചയി ക്കുന്നത്. അതിനാല്‍ ഡോളറിന്റെ വില ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില കയറുക സ്വാഭാവികമാണ്.

ലോകമൊട്ടാകെയുള്ള നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പണപ്പെരുപ്പം ഉയര്‍ന്ന തോതിലാണ് നില്‍ക്കുന്നത്. അതിനാല്‍ പണപ്പെരുപ്പത്തെ നേരിടാന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതാണ് അഭികാമ്യമെന്ന് നിക്ഷേപക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപമെന്ന നിലയില്‍ ഇന്ത്യയിലും കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് പ്രിയമേറിയിട്ടുണ്ട്. സ്വര്‍ണനാണയങ്ങളിലും ഗോള്‍ഡ് ഇടിഎഫുകളിലുമൊക്കെ ജനം കാര്യമായി നിക്ഷേപിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

=================================================

No comments:

Post a Comment