ദുബായ് ചലച്ചിത്രമേളയില്‍ 'ഇലക്ട്ര'യ്ക്ക് വന്‍ സ്വീകരണം
19 Dec 2010
ഗ്രീക്ക് മിത്തോളജിയെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്ര' ദുബായ് ചലച്ചിത്രമേളയില്‍ പ്രേക്ഷകഹൃദയം കീഴടക്കി. ഗ്രീക്ക് മിത്തോളജിയിലെ ഇലക്ട്രയുടെ കഥയെ മധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യാവിഷ്‌കരിച്ച ഇലക്ട്രയുടെ പ്രദര്‍ശനത്തിനൊടുവില്‍ പ്രേക്ഷകര്‍ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി. വെള്ളിയാഴ്ച ഫസ്റ്റ് ഗ്രൂപ്പ് തിയേറ്ററിലും ശനിയാഴ്ച സിനിസ്റ്റാര്‍ തീയേറ്ററിലുമായി രണ്ടുവട്ടം 'ഇലക്ട്ര' മേളയില്‍ പ്രദര്‍ശിപ്പിച്ചു.
2008-ലെ ദുബായ് ചലച്ചിത്രമേളയില്‍ ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധായകന്‍ ശ്യാമപ്രസാദും നിര്‍മാതാവ് വിന്ധ്യനും ചലച്ചിത്രമേളയ്‌ക്കെത്തിയിട്ടുണ്ട്. ''എന്റെ നാടകകാലം മുതല്‍ ഞാന്‍ ഗ്രീക്ക് മിത്തോളജിയിലെ കഥാപാത്രങ്ങളില്‍ ആകൃഷ്ടനായിരുന്നു. നാടകത്തിലും സിനിമയിലും ഇലക്ട്രയെന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കാന്‍ വര്‍ഷങ്ങളായി ഞാന്‍ ശ്രമിക്കുന്നുണ്ട്. 'ഇലക്ട്ര'യുടെ വ്യക്തിത്വത്തിന്റെ ബഹുമുഖത്വം അഗാധമായ സര്‍ഗാത്മക വ്യാഖ്യാനത്തിനുള്ള സാധ്യത ചലച്ചിത്രകാരന്മാര്‍ക്ക് നല്‍കുന്നുണ്ട്''- ശ്യാമപ്രസാദ് പറഞ്ഞു. ഇലക്ട്രയുടെ കഥയെ മധ്യതിരുവിതാംകൂര്‍ പശ്ചാത്തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് വ്യത്യസ്തമായ അന്തരീക്ഷ സൃഷ്ടിക്ക് അവസരമൊരുക്കിയതായും ശ്യാമപ്രസാദ് പറഞ്ഞു.
''വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് മധ്യതിരുവിതാംകൂര്‍ പശ്ചാത്തലം സാര്‍ഥകമായി ഉപയോഗിച്ചിട്ടുള്ളത്. ചലച്ചിത്രത്തിന്റെ പ്രമേയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സദാചാരപരമായ കാര്യങ്ങളെക്കുറിച്ചും നൈതികതയെക്കുറിച്ചും പ്രേക്ഷകര്‍ അവരുടേതായ നിലപാടെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്''-ശ്യാമപ്രസാദ് പറഞ്ഞു.
അപര്‍ണസെന്നിന്റെ 'ഇതി മൃണാളിനി', കൃഷ്ണ ഡി.കെ.യും രാജ്‌നിദിമോറും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച 'ഷോര്‍' പ്രഭു സോളമന്റെ തമിഴ്ചിത്രം 'മൈന' ആമിര്‍ ബഷീറിന്റെ 'ഹാറുദ്' അശ്വിന്‍കുമാറിന്റെ 'ഇന്‍ഷാ അള്ളാ, ഫുട്‌ബോള്‍' തുടങ്ങിയ ഇന്ത്യന്‍ സിനിമകള്‍ ഏഴാമത് ദുബായ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 41 സിനിമകളുടെ ആദ്യ പ്രദര്‍ശനം നടക്കുന്ന ചലച്ചിത്രമേള 19-ന് സമാപിക്കും.
================================================
No comments:
Post a Comment