Sunday, December 5, 2010

നെടുമ്പാശേരിയില്‍ 
250 കോടിയുടെ പുതിയ ടെര്‍മിനല്‍: 
സിയാല്‍ എം.ഡി.


നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അന്‍പത്‌ കോടി രൂപ ചെലവില്‍ അഞ്ചുലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ പണിയാന്‍ ബോര്‍ഡിന്റെ അംഗീകാരമായെന്നു സിയാല്‍ എം.ഡി. ഡോ. സി.ജി. കൃഷ്‌ണദാസ്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലിനോടുചേര്‍ന്നു പ്രവര്‍ത്തനമാരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ ഉടനെ വിളിക്കുമെന്നും എം.ഡി. പറഞ്ഞു. നിലവിലുള്ള ആഭ്യന്തര ടെര്‍മിനലുകള്‍ക്കു സൗകര്യക്കുറവുള്ളതുകൊണ്ടാണ്‌ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്‌.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലി ടെര്‍മിനലും നിര്‍മിക്കാന്‍ ഉദേശമുണ്ട്‌. ആഭ്യന്തര ടൂറിസം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലികോപ്‌ടര്‍ സര്‍വീസുകള്‍ ചെറിയ പട്ടണങ്ങളിലേക്കും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കും ആരംഭിക്കുന്നുണ്ട്‌. ആറ്‌ ഹെലികോപ്‌ടറുകള്‍ക്ക്‌ ഒരേസമയം ലാന്‍ഡ്‌ ചെയ്യാനും ടേക്ക്‌ഓഫ്‌ ചെയ്യാനും ഹെലിടെര്‍മിനലില്‍ സൗകര്യമുണ്ടാകും.

കൂടുതല്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ്‌ നടത്താന്‍ ഫ്‌ളൈറ്റ്‌ ഓപ്പറേറ്റര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. ഫുജാരിയ എയര്‍പോര്‍ട്ടുമായി സിയാല്‍ ധാരണാപത്രത്തില്‍ ഉടന്‍ ഒപ്പിടുമെന്നും എം.ഡി. വ്യക്‌തമാക്കി.

വിമാനത്താവളത്തില്‍ ലാന്‍ഡിംഗ്‌ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി ആരംഭിച്ചു. തകരാറിലായ ഇന്‍സ്‌ട്രുമെന്റല്‍ ലാന്‍ഡിംഗ്‌ സിസ്‌റ്റം കുറ്റമറ്റതാക്കി.

റഡാര്‍ സംവിധാനം ഉടന്‍ സ്‌ഥാപിക്കും. റഡാര്‍ സ്‌ഥാപിക്കുന്നതോടെ ലാന്‍ഡിംഗിനെടുക്കുന്ന കാലതാമസം ഒഴിവാക്കാനാകും. ഇതുവഴി വിമാന കമ്പനികള്‍ക്ക്‌ ഇന്ധനലാഭവും സമയലാഭവും ലഭിക്കും. കൂടുതല്‍ സൂക്ഷ്‌മതയ്‌ക്ക് ആധുനിക സംവിധാനങ്ങള്‍ സ്‌ഥാപിക്കാന്‍ പരിപാടിയുണ്ട്‌. സേഫ്‌റ്റ് എക്യുപ്പ്‌മെന്റ്‌ സിസ്‌റ്റമാണ്‌ സ്‌ഥാപിക്കുന്നത്‌. ഈ ഉപകരണം എല്ലാ എയര്‍പോര്‍ട്ടുകളിലും സ്‌ഥാപിക്കണമെന്നു സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്‌. യൂണിവേഴ്‌സിറ്റി ഓഫ്‌ നാഷണല്‍ എയ്‌റോടൈപ്പ്‌ ലബോറട്ടീസില്‍ ഈ ഉപകരണം നിര്‍മിക്കുന്നുണ്ട്‌. ദൃഷ്‌ടി എന്നാണ്‌ ഈ ഉപകരണത്തിന്റെ പേര്‌. മുപ്പതു ലക്ഷത്തോളം രൂപയാണ്‌ ഇതിനു ചെലവിടുന്നതെന്നും എം.ഡി. പറഞ്ഞു.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ദിനേശ്‌ കുമാര്‍, പീറ്റര്‍ ജോസഫ്‌, പി.ആര്‍.ഒമാരായ രമേശ്‌, സെല്‍വരാജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. (mangalam)
=======================================================

No comments:

Post a Comment