Thursday, December 16, 2010

അഴിമതി നമ്മുടെ ശാപം :2 ജി സ്പെക്ട്രം

സ്‌പെക്ട്രം അന്വേഷണത്തിന് സുപ്രീംകോടതിയുടെ 

മേല്‍നോട്ടം
Posted on: 16 Dec 2010

ന്യൂഡല്‍ഹി: വിവാദമായ 2-ജി സ്‌പെക്ട്രം ഇടപാട് അന്വേഷണം നിര്‍ണ്ണായകമാകുന്നു. സി.ബി.ഐ. നടത്തുന്ന അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കും. ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഫെബ്രുവരി പത്തിനകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും 2001 ഇതുവരെയുള്ള ടെലികോം ഇടപാടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി വ്യക്തമാക്കി. 

ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സി.ബി.ഐയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച അവ്യക്തകളും ക്രമക്കേടുകളും എന്തുകൊണ്ട് കാര്യമാക്കിയെടുത്തില്ല എന്നത് പ്രത്യേകം അന്വേഷണ വിധേയമാക്കണമെന്നും ലൈസന്‍സ് നടപടികളില്‍ ക്രമക്കേടുകളുണ്ടെന്ന സി.എ.ജി. റിപ്പോര്‍ട്ട് സംശയങ്ങള്‍ ശരിവെക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകള്‍ വായ്പാ ക്രമക്കേട് നടത്തിയ സംഭവവുമായി സ്‌പെക്ട്രം ഇടപാടിലെ ലൈസന്‍സികള്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷണത്തില്‍ പരിധിയില്‍ ഉള്‍പ്പെടുത്തണം. അന്വേഷണ പരിധിയില്‍ വരുന്നവര്‍ എത്ര വലിയവരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് സി.ബി.ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും കോടതി നിര്‍ദേശം നല്‍കി. 

ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടേപ്പുകള്‍ ആഭ്യന്തര സെക്രട്ടറി മുഖേന സി.ബി.ഐയ്ക്ക് കൂടുതല്‍ അന്വേഷണത്തിനായി കൈമാറും. പൊതുമേഖലയ്ക്കും സര്‍ക്കാരിനും ഇടപാടിന്റെ ഭാഗമായി വന്നിട്ടുള്ള സഞ്ചിതനഷ്ടം എത്രയെന്ന് കൃത്യമായി അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജി. എസ്. സിങ്‌വി, എ.കെ.ഗാംഗുലി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം, മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. 

No comments:

Post a Comment