| പറശിനി മടപ്പുര പിടിക്കാന്‍ നീക്കം? |
| കണ്ണൂര്‍: മുത്തപ്പന്റെ ആരൂഢമായ പറശിനിക്കടവ് മടപ്പുര ക്ഷേത്രത്തിന്റെ ഭരണം പിടിക്കാന്‍ വീണ്ടും സി.പി.എം. നീക്കം.? 'വിസ്‌മയ' പാര്‍ക്ക് ആരംഭിച്ചതു മുതലാണു പറശിനി മടപ്പുരയിലെത്തുന്ന തീര്‍ഥാടകലക്ഷങ്ങളെ ലക്ഷ്യമിട്ടു ഭക്‌തി ടൂറിസത്തിന്റെ മറവില്‍ പണം വാരാന്‍ സി.പി.എം. ആലോചന തുടങ്ങിയത്. പറശിനി ക്ഷേത്രഭരണത്തിനു മേല്‍നോട്ടം വഹിക്കാന്‍ വീണ്ടും സമിതി രൂപീകരിക്കാനാണു പാര്‍ട്ടിനീക്കം. ആറുമാസം മുമ്പു മടപ്പുര മടയന്‍ ചെയര്‍മാനും ദേവസ്വം അസിസ്‌റ്റന്റ് കമ്മിഷണര്‍ കണ്‍വീനറുമായി പതിനൊന്നംഗ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ ശ്രമം നടന്നിരുന്നു. മടപ്പുര മടയനും ട്രസ്‌റ്റികളും ശക്‌തമായി എതിര്‍ത്തതോടെ നീക്കം പാളി. മലബാര്‍ ദേവസ്വത്തിന്റെ അധ്യക്ഷനായി സി.പി.എം. സഹയാത്രികനായ വയനാട്ടിലെ അഡ്വ. പി. ചാത്തുക്കുട്ടി നിയമിക്കപ്പെട്ട സാഹചര്യത്തിലാണു മുത്തപ്പനെ 'ഏറ്റെടുക്കാന്‍' പാര്‍ട്ടി രംഗത്തെത്തുന്നത്. ഹിന്ദുമത ധര്‍മസ്‌ഥാപനവകുപ്പിനു കീഴിലായിരുന്ന മടപ്പുര ക്ഷേത്രം ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ്. പാരമ്പര്യ ട്രസ്‌റ്റികള്‍ നടവരവില്‍ ഇടപെടുന്നത് ആറുമാസം മുമ്പു ദേവസ്വം പിന്തുണയോടെ തടയാന്‍ സി.പി.എം. നീക്കം നടത്തിയിരുന്നു. നടവരവിലും ഭണ്ഡാരം വരവിലും കണക്കു സൂക്ഷിക്കണമെന്നു തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ദേവസ്വം അസിസ്‌റ്റന്റ് കമ്മിഷണറെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചു. പറശിനി മടപ്പുര ജനറല്‍ മാനേജര്‍കൂടിയായ മടയനടക്കമുള്ള ട്രസ്‌റ്റികള്‍ എതിര്‍ത്തതോടെ ദേവസ്വം തുടര്‍നടപടിയെടുത്തില്ല. ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ എല്ലാ ക്ഷേത്രങ്ങളിലും ഉപദേശകസമിതിയുണ്ടാക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹിന്ദുസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. എന്നാല്‍ ഉപദേശകസമിതിയല്ല, മാനേജ്‌മെന്റ് കമ്മിറ്റിയാണു വേണ്ടതെന്ന തീരുമാനവുമായി പറശിനിയില്‍ സി.പി.എം. മുന്നോട്ടുപോയി. മടയന്‍ ഉള്‍പ്പെടെ പാരമ്പര്യ ട്രസ്‌റ്റികളെയും ചേര്‍ത്തു രൂപീകരിച്ച കമ്മിറ്റിയില്‍ വിസ്‌മയ പാര്‍ക്ക് ഡയറക്‌ടറും അംഗമാണ്. മടയന്‍ എതിര്‍ത്തതിനാല്‍ കമ്മിറ്റിയുടെ ആദ്യയോഗം മടപ്പുരയ്‌ക്കു പുറത്തു ലോഡ്‌ജില്‍ നടത്തേണ്ടിവന്നു. മടയനും ട്രസ്‌റ്റികളും പങ്കെടുക്കാതിരുന്നതിനാല്‍ കോറം തികഞ്ഞില്ല. അതോടെ നീക്കം സി.പി.എം. ഉപേക്ഷിച്ചെന്നാണു കരുതിയിരുന്നത്. ദേവസ്വത്തിനു പുതിയ ചെയര്‍മാന്‍ വന്നതോടെ ഇതേ മാനേജ്‌മെന്റ് കമ്മിറ്റിയുമായി സി.പി.എം. വീണ്ടും രംഗത്തെത്തി. ഇക്കുറി യോഗം വിളിച്ചപ്പോഴും പങ്കെടുക്കില്ലെന്നു മടയന്‍ രേഖാമൂലം വ്യക്‌തമാക്കി. പറശിനി മടപ്പുരയിലെ ഭരണാധികാരം മാനേജ്‌മെന്റ് കമ്മിറ്റിക്കാണെന്ന ദേവസ്വം തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ മടയന്റെ എതിര്‍പ്പവഗണിച്ചു ദേവസ്വം അസിസ്‌റ്റന്റ് കമ്മിഷണര്‍ സുഗുണന്റെ സാന്നിധ്യത്തില്‍ രണ്ടാഴ്‌ച മുമ്പായിരുന്നു യോഗം. മടപ്പുര ട്രസ്‌റ്റികള്‍ ഈയിടെ ക്ഷേത്രത്തില്‍ നടത്തിയ സ്‌ഥിരം നിയമനത്തിന്റെ നിയമസാധുത പരിശോധിക്കാനാണു കമ്മിറ്റിയുടെ തീരുമാനം. ടൂറിസം വകുപ്പുമായി സഹകരിച്ചു തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചു 'തീര്‍ഥാടനടൂറിസം' പ്രോത്സാഹിപ്പിക്കാന്‍ ദേവസ്വം വകുപ്പ് തീരുമാനിച്ച സാഹചര്യത്തില്‍ നടപടികള്‍ക്കു വേഗമേറി. ദേവസ്വം കമ്മിഷണര്‍ക്കു ബോധ്യപ്പെടുന്ന പക്ഷം വേണ്ടിവന്നാല്‍ ട്രസ്‌റ്റിയുമായി ചര്‍ച്ചചെയ്‌തു ഭരണസഹായത്തിനു കമ്മിറ്റി രൂപീകരിക്കാമെന്ന ഹൈക്കോടതിവിധിയിലെ പരാമര്‍ശം മറയായാണു മടപ്പുര പിടിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. മടപ്പുര ഭരണത്തിനു ദേവസ്വംതന്നെ സ്‌പെഷല്‍ ഓഫീസറെ നിയമിച്ച സാഹചര്യത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി എന്തിനാണെന്നാണു പാരമ്പര്യ ട്രസ്‌റ്റികളുടെ ചോദ്യം. ആറുമാസം മുമ്പ് ആദ്യതവണ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പറശിനി മടയന്‍ ഹൈക്കോടതിയുടെ സ്‌റ്റേ വാങ്ങിയിരുന്നു. ടൂറിസം കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ സൗകര്യങ്ങള്‍ ഒരുക്കി ലാഭം കൊയ്യാന്‍ പാര്‍ട്ടിക്ക് അവസരമുണ്ടാക്കുകയാണു സമിതി രൂപീകരണത്തിന്റെ ലക്ഷ്യം. - കെ. സുജിത്ത് |
| ====================================================== |
Thursday, December 16, 2010
പറശിനി മടപ്പുര
Subscribe to:
Post Comments (Atom)
No comments:
Post a Comment