| ക്ഷേത്രങ്ങളില്‍ വ്യാജ രസീത് ഉപയോഗിച്ചു കോടികളുടെ തട്ടിപ്പ് |
| തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബോര്‍ഡിന്റെ വ്യാജ രസീത് ഉപയോഗിച്ചു കോടികളുടെ തട്ടിപ്പ്. ഇതേത്തുടര്‍ന്നു ക്ഷേത്രങ്ങളിലെ വരുമാനം വന്‍തോതില്‍ കുറഞ്ഞു. അനധികൃത പണപ്പിരിവിനെക്കുറിച്ചു ഹൈക്കോടതിക്കു ലഭിച്ച പരാതി തുടരന്വേഷണത്തിനായി ദേവസ്വം ഓംബുഡ്‌സ്മാനു കൈമാറി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1208 ക്ഷേത്രങ്ങളില്‍ ചുരുക്കം ചിലതിലൊഴികെ എല്ലായിടത്തും വന്‍തോതിലുള്ള തട്ടിപ്പാണു നടക്കുന്നത്. ഒരു ക്ഷേത്രത്തില്‍നിന്നു മാത്രമായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയാണു ഹൈക്കോടതിക്കു ലഭിച്ചത്. വ്യാജ രസീതുകളുടെ കോപ്പിയും പരാതിയോടൊപ്പമുണ്ടായിരുന്നു. കുളത്തൂപ്പുഴ ശ്രീധര്‍മശാസ്‌താ ക്ഷേത്രത്തിലെ മേട വിഷു മഹോത്സവുമായി ബന്ധപ്പെട്ട് ഉപദേശകസമിതിയുടെ പേരില്‍ നടത്തിയ പിരിവിലാണു ക്രമക്കേടു നടന്നതെന്നു പരാതിയില്‍ പറയുന്നു. അന്വേഷണത്തിനായി പരാതി ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്‌റ്റിസ് ആര്‍. ഭാസ്‌കരനു ഹൈക്കോടതി അയച്ചുകൊടുത്തു. ബോര്‍ഡിനു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷണം നടത്തിയിരുന്നു. മറ്റ് ഉപദേശക സമിതികള്‍ നടത്തുന്ന പണപ്പിരിവിനെക്കുറിച്ചും ദേവസ്വം ബോര്‍ഡിനു പരാതി ലഭിച്ചിട്ടുണ്ട്. ഉത്സവം, സപ്‌താഹം, നവീകരണം തുടങ്ങി വിവിധ ചടങ്ങുകള്‍ക്കായി നാലോളം വന്‍പിരിവുകളാണ് ഓരോ ക്ഷേത്രത്തിലും ഒരുവര്‍ഷം നടക്കുന്നത്. ഉത്സവപൂജകള്‍ക്കു ദേവസ്വം ബോര്‍ഡ് ഓരോ ക്ഷേത്രത്തിനും പ്രത്യേകം തുക നല്‍കുന്നുണ്ട്. കലാപരിപാടികള്‍ നടത്താനെന്ന പേരിലാണ് ഉത്സവത്തോടനുബന്ധിച്ച് ഉപദേശകസമിതികള്‍ ജനങ്ങളില്‍നിന്നു പണംപിരിക്കുന്നത്. ചെലവിന്റെ കണക്കുപോലും ഉത്സവശേഷം വെളിപ്പെടുത്താറില്ല. ഉത്സവത്തിനും മറ്റാഘോഷങ്ങള്‍ക്കുമുള്ള പിരിവിനു ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണം. ബോര്‍ഡിന്റെ ശംഖുമുദ്ര പതിച്ച കൂപ്പണ്‍ ഉപയോഗിച്ചു മാത്രമേ പണം പിരിക്കാവൂ എന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുക രേഖപ്പെടുത്തിയ കൂപ്പണ്‍ ഉപയോഗിച്ചാകണം പിരിവെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് അസിസ്‌റ്റന്റ് കമ്മിഷണര്‍ കൂപ്പണിലെ സീരിയല്‍ നമ്പരും കൂപ്പണുകളുടെ എണ്ണവും പരിശോധിച്ച് ഉപദേശക സമിതി ഭാരവാഹികളില്‍നിന്നും മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങണം. ധനവിനിയോഗത്തിന്റെ കണക്കു ഹാജരാക്കിക്കൊള്ളാമെന്ന് എഴുതിയാണ് ഒപ്പിട്ടുവാങ്ങേണ്ടത്. ബോര്‍ഡിന്റെ സബ്‌ഗ്രൂപ്പ് ഓഫീസറായിരിക്കും ഉപദേശകസമിതി ട്രഷറര്‍. ഇദ്ദേഹത്തിന്റെ അറിവോടെയായിരിക്കണം പിരിവ്. ഈ തുക അസിസ്‌റ്റന്റ് കമ്മിഷണര്‍-ഉപദേശക സമിതി സെക്രട്ടറി എന്നിവുടെ പേരിലുള്ള സംയുക്‌ത അക്കൗണ്ടില്‍ വേണം നിക്ഷേപിക്കാന്‍. ഉപയോഗിച്ച തുക, ബാക്കി വന്ന തുക, പിരിച്ച തുക, ചെലവായ തുക എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ടു പരിശോധിപ്പിച്ച് സബ്‌ഗ്രൂപ്പ് ഓഫീസര്‍ക്ക് ഉത്സവശേഷം നല്‍കണം. ഭക്‌തരില്‍നിന്നു പിരിക്കുന്ന തുക ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പാണ് ഓഡിറ്റ് ചെയ്യേണ്ടത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ പേരും ഗ്രൂപ്പും രേഖപ്പെടുത്തി സ്വന്തമായി രസീത് അച്ചടിക്കുകയും വ്യാജമായി സീല്‍ പതിപ്പിക്കുകയും ചെയ്‌താണു ക്ഷേത്രങ്ങളില്‍ കോടികളുടെ തട്ടിപ്പു നടക്കുന്നത്. കൂപ്പണ്‍ മാത്രമേ ഉപയോഗിക്കാവൂവെന്നു നിബന്ധനയുണ്ടെങ്കിലും തുക രേഖപ്പെടുത്താത്ത രസീതുകള്‍ ഉപയോഗിച്ചാണു പിരിവ്. അസിസ്‌റ്റന്റ് കമ്മിഷണര്‍ സീല്‍ പതിപ്പിച്ചു നല്‍കുന്ന കൂപ്പണുകള്‍ക്കൊപ്പം ഇവ ചേര്‍ത്താണു പിരിവ്. കൂടിയ തുകയ്‌ക്കുള്ള പിരിവു വ്യാജ രസീത് ഉപയോഗിച്ചു നടത്തും. ചെലവായശേഷമുള്ള തുക വീതംവച്ചെടുക്കുകയാണു പലയിടത്തും ചെയ്യുന്നത്. ചിലയിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്‌ഥന്മാരുടെ സഹായത്തോടെയാണു തട്ടിപ്പെന്നും സൂചനയുണ്ട്. വ്യാജ രസീതാണെന്ന് അറിഞ്ഞിട്ടും സീല്‍ പതിപ്പിച്ചു നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. -വി.എ. ഗിരീഷ് |
Thursday, December 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment