Friday, December 3, 2010

കെ.പി. സാബിര്‍ പാകിസ്‌താനിലെന്നു

മലയാളി ഭീകരന്‍ കെ.പി. സാബിര്‍ പാകിസ്‌താനിലെന്നു സഹോദരന്‍
കൊച്ചി/തൃശൂര്‍: രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികളും കേരളാ പോലീസും തെരയുന്ന, കണ്ണൂര്‍ സ്വദേശിയായ ലഷ്‌കര്‍ ഭീകരന്‍ കെ.പി. സാബിര്‍ പാകിസ്‌താനിലേക്കു കടന്നെന്നു സഹോദരന്‍ കെ.പി. ഷബീറിന്റെ മൊഴി. കഴിഞ്ഞദിവസം അറസ്‌റ്റിലായ ഷബീറിനെ കോയമ്പത്തൂര്‍ പോലീസിന്റെ കസ്‌റ്റഡിയില്‍ കേരളാ ആഭ്യന്തരസുരക്ഷാ അന്വേഷണ സംഘം (ഐ.എസ്‌.ഐ.ടി) ഡിവൈ.എസ്‌.പി: എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തപ്പോഴാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്‌. ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകരും കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്കു ഹവാല പണമൊഴുക്കുന്നവരുമായ മലയാളി ഭീകരരുടെ ഗള്‍ഫിലെ ഒളിയിടങ്ങളെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സിക്കും ഐ.എസ്‌.ഐ.ടിക്കും സൂചന ലഭിച്ചു.

കെ.പി. സാബിറിനു പാക്‌ പാസ്‌പോര്‍ട്ടുണ്ടെന്നും ഐ.എസ്‌.ഐയുമായി നേരിട്ടു ബന്ധമുണ്ടെന്നും ഷബീര്‍ വെളിപ്പെടുത്തി. ഹജ്‌ജ് സമയത്തു മക്കയില്‍ സാബിറിനെ കണ്ടപ്പോള്‍ ഒപ്പം മൂന്നു പാകിസ്‌താനികളുണ്ടായിരുന്നെന്നും ഷബീര്‍ വെളിപ്പെടുത്തി. 2003 ല്‍ കേരളംവിട്ടശേഷം സൗദി, ഒമാന്‍ തുടങ്ങി വിവിധയിടങ്ങളില്‍ മാറിമാറി താമസിച്ചു. എറണാകുളം കലക്‌ടറേറ്റ്‌ സ്‌ഫോടനം, കാശ്‌മീര്‍ തീവ്രവാദക്കേസ്‌ തുടങ്ങി ഒട്ടേറെ കേസുകളില്‍ പോലീസും വിവിധ ഏജന്‍സികളും സാബിറിനെ തെരയുന്നുണ്ട്‌. ഇയാളെ പിടികൂടാന്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. കേരളത്തിലെ വിവിധ തീവ്രവാദക്കേസുകളില്‍പ്പെട്ട പലരെയും ദുബായില്‍ കണ്ടതായും പാകിസ്‌താന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍നിന്നുള്ള ഭീകരര്‍ ദുബായിലാണു പലകാര്യങ്ങളും ആസൂത്രണം ചെയ്യുന്നതെന്നും ഷബീര്‍ വെളിപ്പെടുത്തി. അധോലോകത്തലവന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ ഉറ്റസുഹൃത്തും രാജ്യാന്തര ഭീകരനുമായ ആലുവ സ്വദേശി സി.എ.എം. ബഷീര്‍, കെ.കെ. സബീര്‍ എന്ന അയൂബ്‌, ഷുഹൈബ്‌ എന്നിവരടക്കമുള്ള ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ചും സൂചന ലഭിച്ചു.

തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്റെ കസ്‌റ്റഡിയിലുള്ള ഷബീറിനെ ചെന്നൈയിലെ രഹസ്യകേന്ദ്രത്തില്‍ എന്‍.ഐ.എയും ചോദ്യംചെയ്‌തു. വെള്ളിയാഴ്‌ച ആരംഭിച്ച ഐ.എസ്‌.ഐ.ടിയുടെ ചോദ്യംചെയ്യല്‍ ഇന്നും തുടരും. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരരുടെ സംഗമകേന്ദ്രം ദുബായാണെന്നു ഷബീര്‍ വെളിപ്പെടുത്തി. അബുദാബിയും മസ്‌കറ്റുമാണു മറ്റു കേന്ദ്രങ്ങള്‍. കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ധനസ്രോതസായ സഹോദരന്‍ കെ.പി. സബീര്‍, സുഹൃത്ത്‌ ഷുഹൈബ്‌ എന്നിവരുമായി ദുബായില്‍ ഒന്നിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഷബീര്‍ സമ്മതിച്ചു. കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസിലെ പ്രതി അയൂബടക്കം പല ഭീകരരും ഗള്‍ഫ്‌ നാടുകളില്‍ മാറിമാറി താമസിക്കുകയാണ്‌. പലരും ഒട്ടേറെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്‌.

ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകനായ സി.എ.എം. ബഷീറുമായി ഫോണ്‍വഴി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അയാളുടെ താമസസ്‌ഥലം അറിയില്ലെന്നും ഷബീര്‍ പറഞ്ഞു. ഷബീറിനെ കേരളത്തിലെത്തിച്ചു വിശദമായി ചോദ്യംചെയ്യുന്നത്‌ ഐ.എസ്‌.ഐ.ടിയുടെ പരിഗണനയിലാണ്‌. ഐ.ജി. ടോമിന്‍ തച്ചങ്കരി വിവാദ ഗള്‍ഫ്‌ സന്ദര്‍ശനവേളയില്‍ രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നു പറയപ്പെടുന്ന, കേരളാ ബന്ധമുള്ള തീവ്രവാദികളെക്കുറിച്ചാണു ഷബീറിനോട്‌ എന്‍.ഐ.എ. ആരാഞ്ഞത്‌.

ദുബായിയും ഖത്തറും സന്ദര്‍ശിച്ച തച്ചങ്കരി അവിടെ യൂസഫ്‌, അസര്‍, അയൂബ്‌, ഷുഹൈബ്‌ എന്നിവരുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നാണ്‌ ആരോപണം. ഇതേക്കുറിച്ചു സ്‌ഥിരീകരണം ലഭിക്കാനാണു ഷബീറിനെ ചോദ്യംചെയ്‌തത്‌.
=======================================================

No comments:

Post a Comment