Friday, December 3, 2010

നിര്‍മാണക്കരാറില്‍ ക്രമക്കേട്‌ !

അയ്യപ്പലോക്കറ്റ്‌ നിര്‍മാണക്കരാറില്‍ ക്രമക്കേട്‌
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം, വെള്ളി അയ്യപ്പലോക്കറ്റിന്റെ നിര്‍മാണക്കരാറില്‍ വന്‍ക്രമക്കേട്‌. ടെന്‍ഡറില്‍ പങ്കെടുത്തവരെ ഒഴിവാക്കി ക്വട്ടേഷന്‍ പോലും നല്‍കാത്ത കമ്പനിക്കു കരാര്‍ നല്‍കി. ക്രമക്കേടു കണ്ടെത്തിയതിനേത്തുടര്‍ന്ന്‌, ശബരിമലയിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ നല്‍കിയ കരാര്‍ ഉത്തരവു ദേവസ്വം ബോര്‍ഡ്‌ പിന്‍വലിച്ചു. തുടര്‍ന്ന്‌ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിക്കും പങ്കെടുക്കാത്ത കമ്പനിക്കുമായി കരാര്‍ വീതിച്ചു നല്‍കി.

അയ്യപ്പരൂപം മുദ്രണം ചെയ്‌ത ലോക്കറ്റ്‌ സന്നിധാനത്തെ കൗണ്ടറുകള്‍ വഴിയാണു വിതരണം ചെയ്യുന്നത്‌. മുമ്പു നിര്‍മിച്ചിരുന്നതു തനിസ്വര്‍ണ ലോക്കറ്റായിരുന്നു. ഇക്കൊല്ലം സാധാരണക്കാര്‍ക്കു വാങ്ങാന്‍ കഴിയുംവിധം സ്വര്‍ണം പൂശിയ ലോക്കറ്റ്‌ നിര്‍മിക്കാന്‍ തീരുമാനിച്ചു. ലോക്കറ്റിന്റെ കുറഞ്ഞവില ആയിരം രൂപയാണ്‌. വെള്ളിയിലും ലോക്കറ്റ്‌ ലഭ്യമാണ്‌. ഇത്തവണ പുതിയ ബോര്‍ഡ്‌് വരുന്നതിനുമുമ്പു ലോക്കറ്റ്‌ നിര്‍മാണത്തിനു ടെന്‍ഡര്‍ ക്ഷണിച്ചു.

ശബരിമലയുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥനാണു ടെന്‍ഡര്‍ നടപടിക്കു നേതൃത്വം നല്‍കിയത്‌. ഈ ഘട്ടത്തില്‍ പുതിയ ബോര്‍ഡ്‌ ചുമതലയേറ്റെങ്കിലും ലോക്കറ്റ്‌ കാര്യത്തില്‍ ഇടപെട്ടില്ല. ലക്ഷക്കണക്കിനു രൂപയുടെ ലോക്കറ്റുകള്‍ തയാറാക്കാനായിരുന്നു കരാര്‍. സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ക്കായി പ്രത്യേകം ടെന്‍ഡറാണു ക്ഷണിച്ചത്‌. നിശ്‌ചിത സമയപരിധിക്കുള്ളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ പൊട്ടിച്ചപ്പോള്‍ കായംകുളത്തെ ശ്രീരാമകൃഷ്‌ണ മിഷന്‍ മാത്രമേ സ്വര്‍ണ ലോക്കറ്റ്‌ നിര്‍മാണത്തിനായി ടെന്‍ഡറില്‍ പങ്കെടുത്തുള്ളൂ എന്നു വ്യക്‌തമായി. ടെന്‍ഡറുകള്‍ തുറന്നപ്പോള്‍ മിഷന്‍ പ്രതിനിധികള്‍ സ്‌ഥലത്തുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ക്കു കരാര്‍ നല്‍കാതെ ചെന്നൈ സ്‌ഥാപനത്തിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളി ലോക്കറ്റിന്റെ കരാര്‍ ടെന്‍ഡറില്‍ പങ്കെടുത്ത ചെന്നൈയിലെ

മറ്റൊരു സ്‌ഥാപനത്തിനു നല്‍കി. സ്വര്‍ണ ലോക്കറ്റ്‌ കരാറില്‍ ശ്രീരാമകൃഷ്‌ണ മിഷനെ പൂര്‍ണമായും ഒഴിവാക്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കരാര്‍ സംബന്ധിച്ച ഉത്തരവു ലഭിക്കാത്തതിനാല്‍ ശ്രീരാമകൃഷ്‌ണ മിഷന്റെ പ്രതിനിധികള്‍ വിവരം തിരക്കിയെങ്കിലും വ്യക്‌തമായ മറുപടി ലഭിച്ചില്ല.

ചെന്നൈ കമ്പനിക്കു കരാര്‍ നല്‍കിയ വിവരം പിന്നീടാണ്‌ അറിഞ്ഞത്‌. തുടര്‍ന്ന്‌ ടെന്‍ഡറില്‍ നടന്ന ക്രമക്കേടിനെക്കുറിച്ചു മിഷന്‍ അധികൃതര്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ. എം. രാജഗോപാലന്‍നായര്‍ക്കും മെമ്പര്‍ കെ. സിസിലിക്കും പരാതി നല്‍കി. ബോര്‍ഡിന്റെ അന്വേഷണത്തില്‍ വന്‍ക്രമക്കേടു കണ്ടെത്തി.

ടെന്‍ഡര്‍ തുറന്നദിവസം വൈകുന്നേരമാണു ചെന്നൈ കമ്പനിയുടെ ക്വട്ടേഷന്‍ ലഭിച്ചതെന്നും അതില്‍ കുറഞ്ഞ നിരക്കു രേഖപ്പെടുത്തിയിരുന്നതിനാലാണ്‌ അവര്‍ക്കു കരാര്‍ നല്‍കിയതെന്നുമായിരുന്നു ശബരിമലയിലെ ഉന്നത ഉദ്യോഗസ്‌ഥന്റെ വിശദീകരണം. ക്രമക്കേടു കണ്ടെത്തിയ ബോര്‍ഡ്‌, ചെന്നൈ കമ്പനിക്കു കരാര്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവു മരവിപ്പിക്കുകയായിരുന്നു.

നിശ്‌ചിത സമയത്തിനകം ലഭിക്കാത്ത ടെന്‍ഡറുകള്‍ പരിഗണിക്കരുതെന്നാണു നിയമം. രാവിലെ ഒരു ക്വട്ടേഷന്‍ തുറന്നശേഷം അതില്‍ രേഖപ്പെടുത്തിയ തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈകുന്നേരം മറ്റൊരു ക്വട്ടേഷന്‍ ലഭിച്ചതും ദുരൂഹമാണ്‌.

കരാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ ചെന്നൈ കമ്പനി നിയമനടപടി കൈക്കൊള്ളുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെ ബോര്‍ഡ്‌ ചെന്നൈ കമ്പനിയേയും ശ്രീരാമകൃഷ്‌ണ മിഷനെയും ചര്‍ച്ചയ്‌ക്കു വിളിച്ച്‌ കരാര്‍ വീതിക്കുകയായിരുന്നു.
-വി.എ. ഗിരീഷ്‌

No comments:

Post a Comment