Saturday, December 18, 2010

ബസ്‌ കത്തിക്കല്‍

ബസ്‌ കത്തിക്കല്‍:
ആസൂത്രണം സൂഫിയയും മജീദ്‌ പറമ്പായിയുമെന്നു കുറ്റപത്രം
=======================================================
കൊച്ചി: കളമശേരി ബസ്‌ കത്തിക്കല്‍ ആസൂത്രണം ചെയ്‌തതു സൂഫിയ മഅ്‌ദനിയും മജീദ്‌ പറമ്പായിയും ചേര്‍ന്നായിരുന്നുവെന്ന്‌ എന്‍.ഐ.എയുടെ കുറ്റപത്രം. ലഷ്‌കറെ ഭീകരന്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതിയും സൂഫിയ മഅ്‌ദനി 10-ാം പ്രതിയുമായി എറണാകുളം എന്‍.ഐ.എ. പ്രത്യേക കോടതി മുമ്പാകെയാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. മൊത്തം 13 പ്രതികള്‍ക്കെതിരേയാണു കുറ്റപത്രം. അബ്‌ദുള്‍ ഹാലിം, ബോംബ്‌ ഇസ്‌മയില്‍, ഷെഫീക്ക്‌ ഹംസ, സബീര്‍ ബുഹാരി, മുഹമ്മദ്‌ നവാസ്‌, കുമ്മായം നാസര്‍, കെ.എസ്‌. അനൂപ്‌, ഉമ്മര്‍ ഫറൂക്ക്‌, മജീദ്‌ പറമ്പായി, മുഹമ്മദ്‌ സാബിര്‍, താജുദീന്‍ എന്നിവരാണു മറ്റു പ്രതികള്‍. 
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ട അബ്‌ദുള്‍ റഹീമിനെ പ്രതിപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കി. പി.ഡി.പി. നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയെയും ഒഴിവാക്കിയിട്ടുണ്ട്‌. അബ്‌ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍നിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു കളമശേരി ബസ്‌ കത്തിക്കലെന്നു കുറ്റപത്രം പറയുന്നു. പ്രതികളായ മുഹമ്മദ്‌ സാബിര്‍, കെ.എസ്‌. അനൂപ്‌, ഷെഫീക്ക്‌ ഹംസ എന്നിവര്‍ ഒളിവിലാണെന്നും എന്‍.ഐ.എ. കോടതിയില്‍ അറിയിച്ചു.

2005 സെപ്‌റ്റംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്‌പദമായ സംഭവം. എറണാകുളം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു സേലത്തേക്കു പുറപ്പെട്ട തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്‍ ബസാണു തട്ടിയെടുത്തു കത്തിച്ചത്‌.

തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ നാലുപ്രതികള്‍ കളമശേരിയില്‍നിന്നു ബസില്‍ കയറി. ഡ്രൈവര്‍ മുത്തുക്കൗണ്ടറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം എച്ച്‌.എം.ടി. കോളനി പരിസരത്തേക്കു ബസ്‌ തട്ടിക്കൊണ്ടുപോയി.

യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയശേഷം ബസിനു തീവയ്‌ക്കുകമായിരുന്നു. പ്രതികളുടെ കൈവശം ഒരു തോക്കും കത്തിയുമുണ്ടായിരുന്നു. ബസ്‌ കത്തിക്കാനുപയോഗിച്ച പെട്രോളും കോട്ടണ്‍ വെയ്‌സ്റ്റും സംഘടിപ്പിച്ചതു പ്രതി ബോംബ്‌ ഇസ്‌മായിലായിരുന്നു.

ബസ്‌ കത്തിക്കലിനു വേണ്ട പദ്ധതികള്‍ തയാറാക്കിയത്‌ ആലുവയിലെ പള്ളിയില്‍ യോഗം ചേര്‍ന്നാണ്‌. 2005 സെപ്‌റ്റംബര്‍ ആദ്യവാരമാണു തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ബസ്‌ കത്തിക്കാനുള്ള ഗൂഢാലോചനയില്‍ പ്രതികള്‍ ഏര്‍പ്പെട്ടത്‌. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള അക്രമമാണു പ്രതികള്‍ നടത്തിയതെന്നും കുറ്റപത്രത്തില്‍ എന്‍.ഐ.എ. വ്യക്‌തമാക്കി.

ദൃക്‌സാക്ഷികളായ 17 യാത്രക്കാരുടെ മൊഴിയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌. ഈ മൊഴികള്‍ പോലീസ്‌ ആസ്‌ഥാനത്തുനിന്നു നഷ്‌ടപ്പെട്ടെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണെന്നു പോലീസ്‌ നേരത്തെ വ്യക്‌തമാക്കിയിരുന്നു. 82 സാക്ഷികളുടെ മൊഴികളാണു കോടതിയില്‍ നല്‍കിയിട്ടുള്ളത്‌. 64 തൊണ്ടിവസ്‌തുക്കളും ഹാജരാക്കി.

ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ആരോപിച്ചിട്ടുള്ളത്‌.

എന്‍.ഐ.എ. ന്യൂഡല്‍ഹി യൂണിറ്റ്‌ എസ്‌.പി. ലാരി ദുര്‍ജി ലാത്തൂര്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേകകോടതി ജഡ്‌ജി എസ്‌. വിജയകുമാര്‍ പിന്നീടു പരിഗണിക്കും.

നേരത്തെ ലോക്കല്‍ പോലീസ്‌ കേസ്‌ അന്വേഷിച്ച്‌ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീടു തുടരന്വേഷണത്തിനു മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടു. തീവ്രവാദ സ്വഭാവമുള്ള കേസായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം എന്‍.ഐ.എയ്‌ക്കു കൈമാറി
=================================================

No comments:

Post a Comment