Saturday, December 18, 2010

തേക്കടിയില്‍ പ്രകടനം നടത്തിയ ടാക്‌സി ഡ്രൈവര്‍മാരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു
കുമളി: തേക്കടിയില്‍ ടൂറിസം പൂട്ടിക്കുമെന്ന്‌ മുദ്രാവാക്യം വിളിച്ച്‌ പ്രകടനം നടത്തിയ ടാക്‌സി ഡ്രൈവര്‍മാരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌ത് തുരത്തിയോടിച്ചു.

ഇന്നലെ രാത്രി എട്ടരയോടെയാണ്‌ എറണാകുളം മേഖലയില്‍നിന്ന്‌ സഞ്ചാരികളുമായെത്തിയ ഒരു പറ്റം ഡ്രൈവര്‍മാര്‍ സംഘടിച്ച്‌ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയത്‌. ഇന്നലെ രാവിലെ തേക്കടി ആമ പാര്‍ക്കിനടുത്ത്‌ വാഹനം പാര്‍ക്കിംഗിനെചൊല്ലി ഓട്ടോറിക്ഷാക്കാരും പുറത്തുനിന്നു വന്ന ഡ്രൈവര്‍മാരും ഏറ്റുമുട്ടി സംഘര്‍ഷം സൃഷ്‌ടിച്ചിരുന്നു. ഇത്‌ അന്വേഷിക്കാനെത്തിയ കുമളി ടൂറിസം പോലീസ്‌ കോണ്‍സ്‌റ്റബിള്‍ മുരളീധരനെ ടാക്‌സി ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയുമുണ്ടായി.

സംഭവത്തില്‍ എറണാകുളം ലിബിയാ ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവര്‍ മരട്‌ പുല്ലത്ത്‌ വീട്ടില്‍ ഷിജു (39), ആലപ്പുഴ നടക്കാവ്‌ പനമ്പള്ളി ചാപ്രായില്‍ ദിലീപ്‌ (28) എന്നിവരെ പോലീസ്‌ അറസ്‌റ്റു ചെയ്‌ത് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്‌തു.

ഇതില്‍ പ്രതിഷേധിച്ചായിരുന്നു പുറത്തുനിന്നും സഞ്ചാരികളുമായെത്തിയ ഡ്രൈവര്‍മാര്‍ രാത്രി സംഘടിതരായി പ്രതിഷേധിച്ചത്‌.

തേക്കടിയിലെ ടൂറിസം പൂട്ടിക്കുമെന്നും നാട്ടുകാര്‍ക്കെതിരെ അസഭ്യം വര്‍ഷിച്ചതുമാണ്‌ ജനങ്ങളെ പ്രകോപിതരാക്കി ഡ്രൈവര്‍മാരെ കൈകാര്യം ചെയ്യാന്‍ ഇടയാക്കിയത്‌. ഇവര്‍ വാഹനത്തില്‍ കൊണ്ടുവന്ന സഞ്ചാരികളെ റിസര്‍വേഷന്‍ പ്രകാരം അതാതു റിസോര്‍ട്ടുകളിലെത്തിയ ശേഷമായിരുന്നു ഡ്രൈവര്‍മാരുടെ പ്രകടനം.

സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആനസവാരി, പ്ലാന്‍േറഷന്‍ ടൂര്‍, മസാജിംഗ്‌, കഥകളി, സ്‌പൈസസ്‌ പര്‍ച്ചേസിംഗ്‌ എന്നിവയ്‌ക്ക് നേര്‍പകുതിയാണ്‌ കമ്മീഷന്‍. തേക്കടിയിലെത്തി തിരികെ മടങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ശരാശരി പതിനായിരം രൂപയാണ്‌ സ്‌ഥാപനങ്ങളില്‍നിന്ന്‌ മാത്രം ലഭിക്കുന്ന കമ്മീഷന്‍. ഈ കമ്മീഷനും പുറമേ മദ്യവും മറ്റു ചിലതുമൊക്കെ പറ്റുന്ന ഡ്രൈവര്‍മാരാണ്‌ ഇന്നലെ തേക്കടിയില്‍ ടൂറിസം സ്‌തംഭിപ്പിക്കുമെന്ന്‌ ഭീഷണി മുഴക്കിയത്‌. ഡ്രൈവര്‍മാരുടെ ന്യായവിരുദ്ധമായ കമ്മീഷന്‍ വാങ്ങലിനെതിരെ പ്രതിഷേധം ശക്‌തമാണ്‌. ആനസവാരി, കഥകളി, കളരിപ്പയറ്റ്‌, സ്‌പൈസസ്‌ പ്ലാന്‍േറഷന്‍, എന്നിവയുടെ വിലനിലവാരവും ഫീസും അതാതുസ്‌ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌. ചില സ്‌പൈസസ്‌ പ്ലാന്‍േറഷന്‍ സെന്‍ററുകളാണ്‌ സഞ്ചാരികളുമായെത്തുന്ന ടാക്‌സി ഡ്രൈവര്‍മാരെ വഴിതെറ്റിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.
======================================================

No comments:

Post a Comment