Monday, December 6, 2010

എന്തും കടത്താം;

ട്രെയിനില്‍ കഞ്ചാവല്ല എന്തും കടത്താം; 
പിടികൂടുന്നത്‌ അപൂര്‍വം
==============================
കോട്ടയം: പരിശോധനകള്‍ കുറഞ്ഞതിനാല്‍ ട്രെയിന്‍ വഴി മയക്കുമരുന്ന്‌ ഉള്‍പ്പെടെയുളള സാധനങ്ങള്‍ കടത്തുന്നത്‌ വര്‍ധിക്കുന്നു. കഞ്ചാവു മാത്രമല്ല, എന്തും കടത്തിക്കൊണ്ടുപോകാവുന്ന സ്‌ഥിതിയാണ്‌ സംസ്‌ഥാനത്തുകൂടി കടന്നുപോകുന്ന ട്രെയിനുകളില്‍ ഉള്ളത്‌. ട്രെയിനുകളിലെ എ.സി. കംപാര്‍ട്ടുമെന്റുകളിലും ഏറ്റവും തിരക്കേറിയ സാധാരണ കോച്ചുകളിലും പലപ്പോഴും പരിശോധനകളൊന്നുമുണ്ടാകാറില്ലത്രെ. 

ഏതാനും മാസം മുമ്പ്‌ വഞ്ചിനാട്‌ എക്‌സ്പ്രസില്‍ ചെങ്ങന്നൂരില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ നടപ്പിലാക്കിയ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളാണ്‌ ഇപ്പോള്‍ വീണ്ടും നിര്‍ജീവമായിരിക്കുന്നത്‌. ഇതോടെ ട്രെയിന്‍ വഴിയുള്ള കള്ളക്കത്തും വര്‍ധിച്ചിരിക്കുകയാണ്‌.

പരിശോധനകള്‍ ഇല്ലാതായതോടെ എന്തും ട്രെയിനില്‍ കടത്താമെന്ന്‌ വന്നതാണ്‌ ഇതിനു കാരണം. മാത്രമല്ല, അതിര്‍ത്തി ചെക്കുപോസ്‌റ്റുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കിയത്‌ ട്രെയിനിനെ ആശ്രയിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നു. ബംഗളുരു, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌സ് വസ്‌തുക്കളും റെഡിമെയ്‌ഡ് തുണിത്തരങ്ങളും വന്‍തോതില്‍ മധ്യതിരുവതാംകൂറിലേക്കു കടത്തുന്നതായി അധികൃതര്‍ക്ക്‌ പരാതി ലഭിച്ചിട്ടും പരിശോധനകള്‍ ഒഴിവാക്കുകയാണത്രെ. ചെറിയ പായ്‌ക്കറ്റുകളിലാക്കി കടത്തുന്നതിനാല്‍ ഒരു രൂപ പോലും നികുതി അടയ്‌ക്കേണ്ടി വരുന്നതുമില്ല. ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോകുന്ന വസ്‌തുക്കളൊന്നും പിടിക്കപ്പെട്ടാല്‍ ആരെയും ഒപ്പം കണ്ടെത്താനാകില്ല. ഒപ്പമുള്ളവര്‍ പലപ്പോഴും നിരീക്ഷകരായി നിലകൊള്ളുകയാണ്‌ പതിവ്‌. ഇടപാടുകാര്‍ ട്രെയിനില്‍ കയറി ചരക്കുമായി മടങ്ങും. വന്‍കിട ലോബി തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ നിഗമനം. കഴിഞ്ഞ ദിവസം കഞ്ചാവു കടത്തുമ്പോള്‍ പിടിയിലായത്‌ യാദൃശ്‌ചികം മാത്രമെന്നാണ്‌ അധികൃതരുടെ ഭാഷ്യം.  (mangalam report)

==============================================

No comments:

Post a Comment