Monday, December 6, 2010

അഴിമതി നമ്മുടെ ശാപം :

അപകടപെരുമഴയില്‍ 'ദാഹം തീര്‍ക്കുന്ന'
അഭിഭാഷക- ഉദ്യോഗസ്‌ഥ സംഘം 
========================================

കൊച്ചി: വ്യാജ രേഖകള്‍ ചമച്ചു മോട്ടോര്‍ വാഹന അപകട നഷ്‌ടപരിഹാര കേസ്‌ ഫയല്‍ ചെയ്‌തു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അഭിഭാഷക ദമ്പതികളും ഇന്‍ഷുറന്‍സ്‌ ഉദ്യോഗസ്‌ഥനുമടക്കമുള്ള പ്രതികള്‍ക്ക്‌ കോടതി തടവും പിഴയും ശിക്ഷ വിധിച്ചെങ്കിലും തട്ടിപ്പ്‌ മറ്റൊരു തരത്തില്‍ ഇപ്പോഴും തുടരുകയാണ്‌.

അഭിഭാഷകരും ഉദ്യോഗസ്‌ഥരും പോലീസുമടങ്ങുന്ന വന്‍ സംഘമാണ്‌ ഇതിനു പിന്നില്‍. വിഹിതങ്ങള്‍ എല്ലാവര്‍ക്കും മുറപോലെ കിട്ടുമ്പോഴും വഞ്ചിക്കപ്പെടുന്നത്‌ സാധാരണക്കാരും ഇന്‍ഷൂറന്‍സ്‌ കമ്പനികളും ഓരോ അപകടവും നടക്കുമ്പോള്‍ കൃത്യമായി വിവരങ്ങള്‍ അറിയിക്കാന്‍ അഭിഭാഷകര്‍ക്ക്‌ ഏജന്റുമാരുണ്ട്‌.

തുടര്‍ന്ന്‌ അപകടം പറ്റിയവരെ സമീപിച്ച്‌ എല്ലാ കാര്യങ്ങളും അഭിഭാഷകര്‍ തന്നെ ഏറ്റെടുക്കുന്നു. മറ്റെന്തെങ്കിലും അപകടത്തില്‍ പരുക്കേറ്റവരുടെ പരുക്കുകള്‍ വാഹനാപകടത്തില്‍ സംഭവിച്ചതാണെന്നു രേഖകള്‍ ചമച്ചു പണം കൈക്കലാക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്‌. അപകടവിവരം അറിയിക്കുന്ന ഏജന്റ്‌ മുതല്‍ വ്യാജരേഖകള്‍ ചമച്ചുനല്‍കുന്ന വിദഗ്‌ധര്‍ വരെ ഉള്‍പ്പെട്ടതാണ്‌ സംഘം.

വാഹനാപകട കേസുകള്‍ക്കു മാത്രമായി നിലവിലുള്ള മോട്ടോര്‍ ആക്‌സിഡന്റ്‌ ക്ലെയിം ട്രൈബ്യൂണല്‍(എം.എ.സി.ടി) അയയ്‌ക്കുന്ന സമന്‍സ്‌ കിട്ടുമ്പോള്‍ മാത്രമാണ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അപകടവിവരം അറിയുന്നത്‌. പഴുതുകള്‍ എല്ലാം അടച്ച്‌ ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ്‌ തട്ടിപ്പുസംഘം എം.എ.സി.ടിയില്‍ സമര്‍പ്പിക്കുന്നത്‌.

കേസുമായി ബന്ധപ്പെട്ടു രേഖകള്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ കൈമാറാന്‍ അനുവദിക്കപ്പെട്ട സമയം കൂടുതലായതിനാല്‍ ഇവര്‍ക്കു തട്ടിപ്പ്‌ നടത്താനുള്ള സാധ്യതയും കൂടുന്നു. വാഹനാപകടങ്ങളിലല്ലാതെ മറ്റു തരത്തിലുള്ള അപകടങ്ങളില്‍ പെട്ടു പരുക്കുപറ്റിയവരെ വച്ചും അഭിഭാഷകരും, ഡോക്‌ടര്‍മാരും, പോലീസും ചേര്‍ന്ന സംഘം വ്യാജ രേഖ ചമച്ചു പണം തട്ടി വരുന്നുണ്ട്‌. ഇത്തരം തട്ടിപ്പു തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു പൊതു ഫോറം രൂപീകരിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പു സംഘം വിദഗ്‌ധമായി ഇവരെയും മറികടക്കുന്നു. കൃത്രിമമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഡോക്‌ടര്‍മാര്‍ നല്‍കുമ്പോള്‍ കൃത്രിമമായി ചമച്ച എഫ്‌.ഐ.ആര്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ നല്‍കിയാണ്‌ പോലീസ്‌ തട്ടിപ്പു സംഘത്തിലെ കണ്ണിയായി പ്രവര്‍ത്തിക്കുന്നത്‌. ഈ സഹായങ്ങള്‍ക്ക്‌ കൃത്യമായ പ്രതിഫലവും അഭിഭാഷകരും വ്യാജ കക്ഷികളും നല്‍കുന്നുണ്ട്‌.

കൊച്ചിയിലെ അഭിഭാഷക ദമ്പതികളായ പ്രേംകുമാര്‍, ഭാര്യ റൊസാരി പ്രേം, ബന്ധു ജുഡ്‌ ആന്റണി, നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ കെ.എസ്‌. അനിയന്‍ എന്നിവരെയാണ്‌ സി.ബി.ഐ. പ്രത്യേക ജഡ്‌ജി എസ്‌. വിജയകുമാര്‍ കഴിഞ്ഞ ദിവസം ആറുവര്‍ഷം തടവ്‌ ശിക്ഷ വിധിച്ചത്‌.

1998-99 കാലത്ത്‌ വാഹന അപകടങ്ങളില്‍ പരുക്കേറ്റുവെന്ന്‌ വ്യാജ രേഖകള്‍ ചമച്ചു എറണാകുളം എം.എ.സി.ടി കോടതിയില്‍ വ്യാജ പേരുകളില്‍ കേസുകള്‍ ഫയല്‍ ചെയ്‌ത് കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതായി രേഖകള്‍ ചമച്ച്‌ 10.98 ലക്ഷം രൂപ തട്ടിയെടുത്തതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഒത്തുതീര്‍പ്പായി എന്ന വ്യാജേന നഷ്‌ടപരിഹാരത്തുകയ്‌ക്കുള്ള ചെക്കുകള്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നും കൈപ്പറ്റി ബാങ്കില്‍ ഹാജരാക്കി പണം മാറ്റിയെടുത്തതിനാണ്‌ ശിക്ഷ. 17 കേസുകളിലായി 22 വ്യാജ പേരുകളില്‍ കേസ്‌ ഫയല്‍ ചെയ്‌തുവെന്നും അഭിഭാഷക ദമ്പതികളുടെ ബന്ധുവായ ജൂഡ്‌ ആന്റണിയുടെ പേരിലുള്ള അക്കൗണ്ടിലൂടെ തുക മാറ്റിയെടുത്തതായും സി.ബി.ഐ. കണ്ടെത്തിയിരുന്നു.

അതേസമയം മോട്ടോര്‍ വാഹന നഷ്‌ടപരിഹാരം കിട്ടുന്നതിനായി ഇല്ലാത്ത ആളുകളുടെ പേരില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്‌തു പണം തട്ടുന്ന സംഘം ഇപ്പോഴും സജീവമാണ്‌ താനും. അഭിഭാഷക ദമ്പതികള്‍ക്കെതിരെ ഉണ്ടായ കോടതി നടപടികളൊന്നും ഇവരുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുമില്ല. ഒരുവിഭാഗം അഭിഭാഷകരും ഡോക്‌ടര്‍മാരും പോലീസും ഉള്‍പ്പെട്ട ലോബിയാണ്‌ തട്ടിപ്പിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളിലെ ഉദ്യോഗസ്‌ഥരില്‍ ചിലരും ലോബിക്കാവശ്യമായ ഒത്താശകള്‍ ചെയ്‌തു സഹായിക്കുന്നുണ്ട്‌.
(mangalam report)
=======================================================

No comments:

Post a Comment