Thursday, December 2, 2010

The Economics of Scam.

അഴിമതിയുടെ സാമ്പത്തികം
Posted on: 23 Nov 2010

K.L.Mohanavarma.
1.76 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം അഴിമതി വന്നപ്പോള്‍ നമുക്ക് സമാധാനമായി. ഇന്ത്യ അഴിമതിയുടെ കാര്യത്തില്‍ ലോകനിലവാരത്തില്‍ എത്തിക്കഴിഞ്ഞു. ലോകത്തിലെ ഒന്നാം നമ്പര്‍ അല്ലെങ്കിലും താമസിയാതെ നമുക്ക് ആ നിലയിലെത്താന്‍ കഴിയും. അതിനുള്ള സംവിധാനവും ലക്ഷ്യബോധവും നമുക്കിന്നുണ്ട്.

പക്ഷെ കേരളത്തിന് ഈ രംഗത്ത് വളരെയേറെ മുന്നേറാനുണ്ട് എന്ന വസ്തുത എന്നെ ദു:ഖിപ്പിച്ചു. നമ്മുടെ ലാവലിനും പാമോയിലും എല്ലാം വെറും ശതകോടികള്‍ക്കപ്പുറം പോകുന്നില്ല.

കേരളത്തിന്റെ ഈ രംഗത്തെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം. 


നാം സാക്ഷരരാണ്. ദിവസവും രണ്ടും മൂന്നും പത്രം വായിക്കുന്നവരാണ്. വാര്‍ത്തകള്‍ വായിക്കുന്നതില്‍ മാത്രമല്ല, കാണുന്നതിലും നമ്മള്‍ മുന്നിലാണ്. ടി.വി. വാര്‍ത്താചാനലുകള്‍ക്ക് ഇന്ത്യന്‍ ഭാഷകളില്‍ ഹൈ റേറ്റിങ് മലയാളത്തിനാണ്. പക്ഷെ ഒരു കാര്യം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാര്‍ത്ത അഴിമതിയുടേതുമാണ്. ദിവസവും കുറഞ്ഞത് രണ്ട് അഴിമതി വാര്‍ത്തകളെങ്കിലും നമുക്കു വേണം. ഞാനും എന്റെ കുടുംബവും ഒഴികെ മറ്റെല്ലാവരും അഴിമതിക്കാരാണ് എന്ന് നമ്മളെല്ലാവരും പൂര്‍ണ്ണമായി വിശ്വസിക്കുന്നു. അതു കൊണ്ട് ഒരു അഴിമതി വാര്‍ത്തയെങ്കിലും വരാത്ത കേരളീയപ്രഭാതത്തെ നമുക്കു അംഗീകരിക്കാന്‍ പറ്റുകില്ല. രാവിലത്തെ അഴിമതി ദ്യശ്യവും ചര്‍ച്ചയും പോലീസിന്റെ ഓട്ടവും കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്ക് ബ്രേക്ക് വാര്‍ത്ത വരണം. അടുത്ത അഴിമതിയുടെ പരസ്യം. സന്ധ്യയാകുമ്പോഴേക്ക് ആ അഴിമതിയുടെ ദ്യശ്യങ്ങള്‍ പത്തു തവണയെങ്കിലും ആവര്‍ത്തിച്ചിരിക്കണം. രാവിലത്തെ അഴിമതി വൈകിട്ടാകുമ്പോഴേക്ക് കംപ്ലീറ്റ്‌ലി ഔട്ട്. രണ്ടാമന്‍ റെഡി. ഭാഗ്യമുണ്ടെങ്കില്‍ അര്‍ദ്ധരാത്രിക്ക് ഒരു പുതിയ അഴിമതിയുടെ ബ്രേക്ക് ന്യൂസ് കൂടി വരാം. രാവിലെ പത്രത്തില്‍ ഈ അഴിമതികളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് ലോക്കല്‍ ആള്‍ കേരള പേജുകള്‍ നിറയണം.

രാഷ്ട്രീയക്കാരുടെ അഴിമതിയാണ് നമുക്കു ഏറ്റവും പ്രിയം. കളിക്കളത്തിലെ അഴിമതി, പോലീസ് അഴിമതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി, സിനിമാക്കാരുടെ അഴിമതി, പെണ്‍വാണിഭത്തിലെ അഴിമതി, അടിപിടിയിലെ അഴിമതി, കോടതിയിലെ അഴിമതി, കള്ള് അഴിമതി, വാഹന അഴിമതി. ലാന്‍ഡ് - കഞ്ചാവ് - വ്യഭിചാര - ക്വാട്ടേഷന്‍ മാഫിയാ രംഗത്തെ അഴിമതി. സാംസ്‌ക്കാരിക അഴിമതി. എന്തിന് ആള് മരിച്ചാല്‍ പോലീസ് വെടി വയ്ക്കുന്ന എണ്ണത്തിലെ അഴിമതി. റിയാലിറ്റി ഷോയിലെ ജഡ്ജ് അഴിമതി, എസ്.എം.എസ്. അഴിമതി.

റോഡില്‍ കുഴി വരുന്നത് അഴിമതികൊണ്ടാണെന്ന് നമുക്കറിയാം. കുഴി മൂടിയാല്‍ അതില്‍ അഴിമതി ഉണ്ടാകുമെന്നും നമുക്കറിയാം.

പക്ഷെ നാം അഴിമതിയുടെ ഗ്രേഡിങ് നല്‍കുന്നത് ഒരു തുകയുമായി ബന്ധപ്പെടുത്തിയല്ല എന്നതാണ് ഇതില്‍ രസകരം. അഴിമതിയുടെ അളവുകോല്‍ നമുക്കു തുകയേയല്ല. അഴിമതിയുടെ ആകര്‍ഷണീയതയാണ്.

വല്ലപ്പോഴുമാണ് ലാവലിന്‍ പോലെ കുറെക്കാലം നിലനില്‍ക്കുന്ന ഒരു ഭേദപ്പെട്ട തുക കാട്ടാവുന്ന അഴിമതി കേരളത്തിന് ലഭിക്കുന്നത്. ആറു ലക്ഷത്തില്‍ പണ്ടു പണ്ടു തുടങ്ങിയ പഞ്ചസാര കുംഭകോണം അറുപതു വര്‍ഷം കൊണ്ട് മുന്നൂറുകോടിയുടെ ലാവലിനില്‍ എത്തിക്കാന്‍ പെട്ട പാട് നമുക്കറിയാം. തമിഴ്‌നാടും കര്‍ണ്ണാടകയും ബീഹാറും വെറും ഒരു വര്‍ഷം കൊണ്ടാണ് ഈ ലെവലില്‍ വളര്‍ച്ച നേടിയത് എന്ന് കൂടി ഓര്‍ക്കുമ്പോള്‍ നാം ലജ്ജിക്കണം. 


എന്റെ സുഹൃത്ത് രാഷ്ട്രീയക്കാരനാണ്. മിടുക്കന്‍. കേരളത്തിലെ അഴിമതിരംഗത്ത് പരിചയസമ്പന്നന്‍. ഒരു ചെറിയ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ പ്രമുഖനാണിന്ന്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒരിടത്തും ജനസ്വാധീനം ഇല്ലെങ്കിലും നന്നായി രാഷ്ട്രീയം കളിക്കാനറിയാവുന്ന ഒരു പഴയ നേതാവിന്റെ പോക്കറ്റ് പാര്‍ട്ടിയായതിനാല്‍ എന്നും വാര്‍ത്തകളില്‍ വരും. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത കാരണം പാര്‍ട്ടി തീരെ ചെറുതെങ്കിലും പാര്‍ട്ടിക്ക് പത്തുകൊല്ലത്തില്‍ ഒരിക്കല്‍ അഞ്ചു കൊല്ലത്തേക്ക് രണ്ടോ മൂന്നോ എമ്മെല്ലെയെ കിട്ടും. പാര്‍ട്ടി ഉടമസ്ഥന്‍ നേതാവ് മന്ത്രിയാകും. എമ്മെല്ലെ സ്ഥാനം കിട്ടാത്തവരുടെ മുറുമുറുപ്പ് തീര്‍ക്കാനായി പത്തിരുനൂറു പൊതുമേഖലാ സ്ഥാപനങ്ങളുടെ സാരഥി പദം കേരളത്തില്‍ റിസര്‍വു ചെയ്തിട്ടുണ്ട്. അതില്‍ ഒന്നോ രണ്ടോ ഈ പാര്‍ട്ടിക്കും കിട്ടും. 
ഞാന്‍ സുഹൃത്തിനോട് ചോദിച്ചു.

നിങ്ങളെപ്പോലുള്ളവരുണ്ടായിട്ട് ഈ അഴിമതിമേഖലയില്‍ നാം എന്തേ ഇത്ര പിന്നാക്കം ?

അദ്ദേഹം ചിരിച്ചു.

വാസ്തവത്തില്‍ കുഴപ്പം അക്കങ്ങളുടേതാണ്. നാം അഴിമതിയില്‍ മറ്റാരെക്കാളും ഒട്ടും പിന്നിലല്ല. നാം അഴിമതിയുടെ തുകയാണ് കാണുന്നത്. അത് ശരിയല്ല. അഴിമതി വളരെ ഡീപ് ആണ്. ഇന്ന് ഇന്ത്യയിലെ അഴിമതിയുടെ ഇക്കോണോമിക്ക് വാല്യൂ കണക്കാക്കുന്ന സംവിധാനം തികച്ചും പ്രാകൃതമായതിനാല്‍ നമുക്കു തോന്നുന്നതാണ് കേരളം പിന്നിലാണെന്ന്.

എനിക്കു മനസ്സിലായില്ല.

അദ്ദേഹം വിശദീകരിച്ചു.
ഞാന്‍ എന്റെ കഥ പറയാം. അപ്പോള്‍ മനസ്സിലാകും. എന്റെ അഛന്റെ പഴയ ക്ലാസ്‌മേറ്റാണ് ഞങ്ങളുടെ നേതാവ്. പത്തിരുപതു കൊല്ലം മുമ്പാണ്. ഞാന്‍ അന്ന് കോളേജ് വിട്ട് ഒരു പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നു. ഞങ്ങളുടെ നേതാവ് അന്ന് പ്രതിപക്ഷത്താണ്. തിരഞ്ഞെടുപ്പു വരുന്നു. പതിവുപോലെ അടുത്ത ഊഴം ഞങ്ങള്‍ ഉള്‍പ്പെട്ട മുന്നണിയുടേതാണ്. സീറ്റു വീതം വയ്പില്‍ നാലെണ്ണം നേതാവ് സംഘടിപ്പിച്ചു. അതില്‍ ഒരെണ്ണം വിജയിക്കാന്‍ തീരെ സാധ്യത കുറഞ്ഞതായിരുന്നു. യൂവാവിന് എന്നു പറഞ്ഞ് പലരെയും ഒഴിവാക്കി നേതാവ് എനിക്ക് ആ സീറ്റ് തന്നു. പ്രതീക്ഷിച്ചതുപോലെ ഞാന്‍ തോറ്റു. മുന്നണി വിജയിച്ചു. നേതാവ് മന്ത്രിയായി. പക്ഷെ തോറ്റ നേതാവെന്ന നിലയില്‍ ഞങ്ങളുടെ പാര്‍ട്ടിക്കു കിട്ടിയ മൂന്നു പൊതുമേഖലസ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നിന്റെ ചെയര്‍മാന്‍ സ്ഥാനം എനിക്കു കിട്ടി.


സുഹൃത്ത് ചിരിച്ചു.

ഞാന്‍ അഴിമതിക്കാരനല്ല. ഒരു ചെറിയ വീട്. മുപ്പതു സെന്റ് പറമ്പ്. ഒരു അലമാര നിറച്ച് പുസ്തകങ്ങള്‍. വീട്ടില്‍ ഗ്യാസടുപ്പില്ല. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി. സ്വന്തമായി വാഹനവുമില്ല. ബാങ്കിലെ അക്കൗണ്ടില്‍ ഒരിക്കലും മിനിമം ബാലന്‍സില്‍ കൂടുതല്‍ തുക കാണാറില്ല. ആ ഞാന്‍ പെട്ടെന്ന് ഒരു വലിയ സ്ഥാപനത്തിന്റെ അധിപനായി. രണ്ട് കാറ്. ബംഗ്ലാവ്. പൂന്തോട്ടം. എയര്‍കണ്ടീഷണര്‍. പരിചാരകര്‍. രണ്ടു വലിയ കളര്‍ ടി.വി. പഠിപ്പും വിവരവുമുള്ള വലിയ ഉദ്യോഗസ്ഥരുടെ ദാസഭാവം. എന്റെ പഴയ വീടിനെക്കാള്‍ വലിപ്പമുണ്ട് ആഫീസ് മുറിയോടു ചേര്‍ന്നുള്ള എനിക്കു മാത്രമായി ഉപയോഗിക്കാവുന്ന ടോയ്‌ലറ്റിന്. പരിപ്പുവടയ്ക്കപ്പുറം തിന്നാറില്ലാതിരുന്ന എനിക്ക് കശുവണ്ടിപ്പരിപ്പ് സ്‌നാക്ക്‌സിന്. വീട്ടിലും ആഫീസിലും ഫ്രീ ഫോണ്‍. എന്റര്‍ടെയിന്റ്‌മെന്റ് എക്‌സ്‌പെന്‍സസ്. ആരെയും പരസ്യമായിത്തന്നെ ഫൈവ് സ്റ്റാര്‍ അതിഥിയാക്കാം. ഇടയ്ക്ക് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ദുബായ്, അമേരിക്ക, യൂറോപ്പ് വിമാനയാത്ര. ഞാന്‍ ഒരു പൈസ കൈക്കൂലി വാങ്ങിയില്ല. ഒരു കോണ്‍ട്രാക്ടിലും നിയമാനുസ്യതമല്ലാത്ത ഒന്നും ചെയ്തില്ല. പക്ഷെ എന്റെ നേതാവ് പറയുന്ന ആള്‍ക്കാരെ എനിക്ക് സ്ഥാപനത്തില്‍ എടുക്കേണ്ടി വന്നു. അവര്‍ നേരിട്ട് നടത്തുന്ന ഒരു ഇടപാടിനും ഞാന്‍ എതിരു നിന്നില്ല. എനിക്ക് വ്യക്തിപരമായി കുഴപ്പം വരരുത് എന്നു മാത്രം നോക്കി. ഓരോ ദിവസം കഴിയുന്തോറും സ്ഥാപനം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ഞാന്‍ പക്ഷെ സ്ഥാപനം പൂട്ടാന്‍ നിര്‍ദ്ദേശിക്കേണ്ടതിനു പകരം അതിന്റെ കടം സര്‍ക്കാര്‍ എഴുതിത്തള്ളാനും സ്ഥാപനത്തിന്റെ രണ്ടു പുതിയ ഫാക്ടറികള്‍ കൂടി തുടങ്ങാനും പദ്ധതി തയാറാക്കി അതില്‍ വിജയിച്ചു. നാടിന് ഒരു പ്രയോജനവുമില്ലാത്ത സ്ഥാപനമാണ്. പക്ഷെ അത് നിലനിര്‍ത്തുകയും വലുതാക്കുകയും ചെയ്ത ഞാന്‍ കാട്ടിയതല്ലേ ശരിക്കും അഴിമതി?

സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവത്തില്‍ കേരളത്തിന്റെ അഴിമതിയുടെ യഥാര്‍ത്ഥരൂപമല്ലേ ?

അറുപതു വര്‍ഷമായി പണി തീരാത്ത വൈദ്യുതി പ്രോജക്ടുകള്‍. നാല്പതു വര്‍ഷമായി തീരാത്ത ഹൈ വേ ബൈപാസുകള്‍, മുപ്പതു കൊല്ലമായി പണി നടക്കുന്ന ഓവര്‍ ബ്രിഡ്ജുകള്‍, തികച്ചും അനാവശ്യമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വെള്ളാനകള്‍. ഇവയുടെ ഇക്കണോമിക്ക് വാല്യൂ നാം കണക്കാക്കുന്നില്ല. ഒരു തകര്‍ന്ന റോഡ് നന്നാക്കാത്തതിലെ കോണ്‍ട്രാക്ട് അഴിമതിയെക്കാള്‍ എത്രയോ വലുതാണ് റോഡ് പ്രവര്‍ത്തനക്ഷമം ആകാത്തതിനാല്‍ സമൂഹത്തിന് ഉണ്ടാകുന്ന അധികച്ചെലവുകള്‍. കമ്പ്യൂട്ടര്‍ വന്ന കാലത്ത് അതിനെതിരെ നടന്ന സമരം ഏറ്റവും വലിയ അഴിമതി ആയിരുന്നു. കേരളത്തിന്റെ സാമ്പത്തികരംഗത്തെ പുരോഗതിയെ ആ സമരം പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം കണക്കാക്കാന്‍ അളവുകോലില്ല.

സുഹൃത്ത് പറഞ്ഞു.

നേത്യത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും അധികാരവും ആര്‍ത്തിയും നിലനിര്‍ത്താനായി കണ്ണടക്കുന്ന രീതിയും ഇന്ന് സാര്‍വത്രികമാണ്. ഈ പ്രവണതയാണ് ശരിക്കും അഴിമതി. കോടികളില്‍ കൃത്യമായി കണക്കു കൂട്ടാന്‍ പറ്റാത്ത ആരും അറിയാത്ത ഈ അഴിമതിയില്‍ നാമും ഒട്ടും പിന്നിലല്ല.

ആലോചിച്ചപ്പോള്‍ സംഗതി ശരിയാണ്.

സമാധാനമായി. കേരളം പിന്നിലല്ലല്ലോ. 
(mathrubhumi)
=================================================


No comments:

Post a Comment