Thursday, December 2, 2010

ചിത്രവര്‍ണം തീര്‍ക്കുന്ന നെയ്ത്തുകാരി 
കെ.എ.ബാബു 

ആലപ്പുഴ ബീച്ചുറോഡിലെ കല്ലന്‍ പാലത്തിനുസമീപം ഇലഞ്ഞിക്കല്‍ മങ്കോട്ടു വീട്ടില്‍ എത്തുന്നവര്‍ വിസ്മയം കൂറും. അപൂര്‍വ ചിത്രങ്ങളൊരുക്കിയ ഗാലറിയിലാണോ നില്‍ക്കുന്നതെന്നുതോന്നും. സ്വീകരണമുറിയില്‍നിന്ന് ഊണുമുറിയിലേക്കുകൂടി കടക്കാന്‍ കഴിഞ്ഞാന്‍ അത് ജീവിതത്തിലെ അസുലഭാവസരമാകും. ചുവരില്‍ ഫ്രെയിംചെയ്തുവച്ച ചിത്രത്തിലെ ഉദ്യാനസുന്ദരിയില്‍നിന്ന് കണ്ണെടുക്കാനാവില്ല. സൂക്ഷിക്കുക, തൊട്ടടുത്ത് മലയിറങ്ങി വരുന്ന ആനക്കൂട്ടമുണ്ട്. മലയടിവാരത്തെ വീടും സമീപത്തെ തടാകവും എല്ലാംകണ്ട്‌നിങ്ങള്‍ ചോദിക്കും- വാങ്ങിയതാണോ ഇതെല്ലാം? അല്ലെന്ന് ഗൃഹനാഥന്‍ ജേക്കബ് ഫിലിപ്പോസ് പറയുമ്പോഴേക്കും അടുത്ത ചോദ്യവും നിങ്ങളുയര്‍ത്തും- ആരാണിത് വരച്ചത്? 'വരച്ചതല്ല; തുന്നിയെടുത്തതാണ്- എന്റെ ഭാര്യ സേതു ഫിലിപ്പോസ്'. 

അതെ, അവരാണ് വര്‍ണങ്ങള്‍ ഇഴചേര്‍ത്ത് ചിത്രവിസ്മയം തീര്‍ക്കുന്ന അപൂര്‍വം സ്ത്രീകളില്‍ ഒരുവള്‍. എംബ്രോയിഡറി എന്നു വിളിക്കുന്ന അലങ്കാരത്തുന്നലിന്റെ പഴയരൂപമായ ക്രോസ് സ്റ്റിച്ചിങ്ങിന്റെ ആരാധിക. യൂറോപ്പിലെ സമ്പന്നകുടുംബങ്ങളിലെ സ്ത്രീകള്‍ ഒരുകാലത്ത് ഹോബിയായി കൊണ്ടുനടന്ന ക്രോസ് സ്റ്റിച്ചിങ്ങിനെ ചിത്രചാരുതയുടെ വിസ്മയ ലോകത്തേക്ക് ആനയിക്കുകയാണ് ഈ വീട്ടമ്മ. കൊച്ചുകൊച്ചു ചതുരക്കളമുള്ള കട്ടിയുള്ള തുണിയില്‍ എക്‌സ് ആകൃതിയില്‍ തുന്നിത്തുന്നിയാണ് ചിത്രം ഒരുക്കുന്നത്. ഇതിനുപയോഗിക്കുന്നത് സാധാരണസൂചിയും അസാധാരണനൂലും. ഒരോനിറവും തുന്നിച്ചേര്‍ത്ത് ഒരുചിത്രം പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ഊണുമുറിയില്‍ തൂക്കിയിട്ടുള്ള താഴ്‌വരയിലെ വീട് പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെടുത്തു. പ്രണയമയിലുകളുടെ ദൃശ്യചാരുത തുന്നിയൊരുക്കാന്‍ ഒരു വര്‍ഷത്തോളവും. പ്രകൃതിവര്‍ണം തുന്നിച്ചേര്‍ക്കുന്നതിലൂടെ ഓരോചിത്രത്തിനും ജീവത്തുടിപ്പേകാനും ഇവര്‍ക്കു കഴിയുന്നു. 67കാരിയായ ഈ വീട്ടമ്മ അധികചിത്രങ്ങളൊന്നും തുന്നിയൊരുക്കിയിട്ടില്ല. ഇരുപതില്‍ താഴെമാത്രം. ഇവയൊന്നും പ്രദര്‍ശനത്തിനു കൊണ്ടുപോയിട്ടുമില്ല.

തിരു-കൊച്ചിയിലെ ടി.കെ.നാരായണ പിള്ളയുടെ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയായിരുന്ന ഇ.ജോണ്‍ഫിലിപ്പോസിന്റെ മകനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍കയര്‍ വ്യവസായിയുമായ ജേക്കബ് ഫിലിപ്പോസിന്റെ ഭാര്യയായി എത്തിയത് സേതുവിന്റെ കലാസപര്യയുടെയും ഭാഗ്യമായി. ഭര്‍ത്താവിന്റെ അമ്മയുടെയുംകൂടി പ്രോത്സാഹനത്തില്‍ ക്രോസ് സ്റ്റിച്ചിങ് കലാസപര്യയായി. എറണാകുളം മുളന്തുരുത്തി പുല്യാട്ട് വീട്ടില്‍ ജോര്‍ജ് തുകലന്റെയും തങ്കമ്മയുടെയും മകളായ സേതുഎറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദമെടുത്തെങ്കിലും അമ്മയും അമ്മൂമ്മയും പഠിപ്പിച്ച ക്രോസ് സ്റ്റിച്ചിങ്ങില്‍ മുഴുകനായിരുന്നു താത്പര്യം. സ്വന്തം ആവശ്യത്തിനും ഉറ്റവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഇവര്‍ രൂപപ്പെടുത്തി. ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും നടത്തിയ ചിത്രത്തുന്നലിനെ സര്‍ഗാത്മക തലത്തിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിച്ചത് ജേക്കബാണ്. അപൂര്‍വയിനം ഓര്‍ക്കിഡുകളുടെയും ആന്തൂറിയത്തിന്റെയും സംരക്ഷക കൂടിയായ സേതുഫിലിപ്പോസ് ആലപ്പി റോട്ടറി ക്ലബ്ബിന്റെ ഇന്നര്‍വീല്‍ പ്രസിഡന്റായിരുന്നു. റോട്ടറി സ്‌കൂളിന്റെ ചെയര്‍പേഴ്‌സണുമായിരുന്നു.

സേതു ഫിലിപ്പോസിന്റെ കരവിരുത് കണ്ട ഒരുകൂട്ടുകാരി അമേരിക്കയില്‍നിന്നയച്ചു കൊടുക്കുന്ന നൂല്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തുന്നുന്നത്. രണ്ടുദൗത്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനുള്ള വ്യഗ്രതയിലാണിവര്‍. 

വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ സൂര്യകാന്തിയും സുഹൃത്തായ മറിയക്കുട്ടി മരിക്കും മുമ്പ് ഏല്‍പ്പിച്ച കുന്നിന്‍ ചെരുവില്‍ ആടുമേയ്ക്കുന്ന യേശുവിന്റെ ചിത്രവും.റെഡിമെയ്ഡു വസ്ത്രങ്ങളുടെ പെരുമഴക്കാലത്ത് എന്തിനാവെറുതേ തുന്നാന്‍ കൊടുക്കുന്നതെന്നു ചിന്തിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയും ഒരുവീട്ടമ്മയുണ്ട്.

(mathrubhumi)
=========================================

No comments:

Post a Comment