Tuesday, December 7, 2010

ജൂലിയന്‍ അസാഞ്ജ് അറസ്റ്റില്‍
Posted on: 07 Dec 2010

വാഷിംഗ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പോലീസ് ലണ്ടനില്‍ അറസ്റ്റുചെയ്തു. ലൈംഗിക പീഡനക്കേസില്‍ പ്രാദേശിക സമയം രാവിലെ 9.30നായിരുന്നു അറസ്റ്റ്.

ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച വാറന്ററിനെത്തുടര്‍ന്നാണ് അറസ്റ്റ്. സ്ത്രീപീഡനക്കേസില്‍ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ച സ്വീഡനു വേണ്ടിയാണ് അന്തരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ 'ഇന്‍റര്‍പോള്‍' നോട്ടീസ് പുറപ്പെടുവിച്ചത്. ബലാത്സംഗക്കേസില്‍ അസാഞ്ജിനെ കസ്റ്റഡിയിലെടുക്കുന്നതിന് സഹായം തേടി സ്വീഡിഷ് അധികൃതര്‍ നവംബര്‍ 18നാണ് ഇന്‍റര്‍പോളിനെ സമീപിച്ചത്. ഈ കേസില്‍ അറസ്റ്റുചെയ്യുന്നതിനെതിരെ അസാഞ്ജ് സമര്‍പ്പിച്ച അപ്പീല്‍ സ്വീഡനിലെ സുപ്രീംകോടതി തള്ളിയിരുന്നു. 

ആഗസ്തില്‍ സ്വീഡനില്‍ വെച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അസാഞ്ജ് ശ്രമിച്ചുവെന്ന് അജ്ഞാതനായ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.

അസാഞ്ജിന്റെ സ്വീസ് ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ മരവിപ്പിച്ചിരുന്നു. 31,000 യൂറോയും മറ്റ് നിക്ഷേപങ്ങളും അടക്കം ഓണ്‍ലൈന്‍ ബാങ്കിംഗ് ഉള്‍പ്പെടെയുള്ളവയാണ് മരവിപ്പിച്ചത്. വിക്കിലീക്‌സിന് വരുന്ന സംഭാവനകളും മറ്റ് സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്ന സ്ഥാപനവും ആമസോണും കഴിഞ്ഞദിവസം സേവനം അവസാനിപ്പിച്ചിരുന്നു. 

ജൂലിയനെതിരെ കൂടുതല്‍ നടപടികളിലേക്ക് അമേരിക്കയും ബ്രിട്ടണും നീങ്ങുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. വിക്കിലീക്‌സിന്റെ ധനാഗമ മാര്‍ഗ്ഗങ്ങള്‍ തടയാനാണ് ഇപ്പോഴത്തെ ശ്രമം. തനിക്കും ഭാര്യയ്ക്കും വധഭീഷണിയുണ്ടെന്ന് ജൂലിയന്‍ ഗാര്‍ഡിയനില്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ജൂലിയന്‍ കീഴടങ്ങിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

==================================================

No comments:

Post a Comment