സി.പി.എം. നയം തിരുത്തുന്നു: ജനിതകമാറ്റം വരുത്തിയ വിളകളാകാം |
തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരേ ശക്‌തമായ നിലപാടുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ എല്ലാവരെയും അമ്പരപ്പിച്ച് സി.പി.എം. നയം തിരുത്തുന്നു. ആഗോളപഠനകോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയാണ് നിലപാടുമാറ്റം പ്രഖ്യാപിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്‌ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്‌ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇതു പരിഹാരമായേക്കും. എന്നാല്‍ എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണമെന്നും അദ്ദേഹം വ്യക്‌തമാക്കി. ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. കേരളത്തിന്റെ കാര്‍ഷികോല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ അത്യാവശ്യമാണ്. ഇവ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പഠനം നടത്തിയിട്ടില്ല. ഇതാണ് ഇത്തരം വിളകള്‍ നിരോധിക്കാന്‍ കാരണം. കുത്തകകളുടെ കൈയിലെത്താതെ വേണം ഇത്തരം വിത്തുകള്‍ ഉല്‍പാദിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം സജീവമാക്കണമെന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കു വേണ്ടി എസ്.ആര്‍.പി. രംഗത്തെത്തിയതെന്നതു ശ്രദ്ധേയമാണ്. സിമ്പോസിയത്തില്‍ തുടര്‍ന്നു സംസാരിച്ച കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഈ നിലപാടിനെ തുറന്നെതിര്‍ത്തു. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായത്തോടു യോജിപ്പില്ല. കാര്‍ഷികമേഖലയില്‍ അതിന്റെ ഫലം പോസിറ്റീവ് ആണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ നടത്തിയ പഠന റിപ്പോര്‍ട്ടുകളെല്ലാം ജനിതകവിളകള്‍ക്ക് എതിരായിരുന്നു. എസ്.ആര്‍.പിയുടെ നിലപാടല്ല സര്‍ക്കാരിനുള്ളതെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ രണ്ടു ചേരിയായി തിരിഞ്ഞ് എസ്.ആര്‍.പിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ജനിതകവിളകള്‍ക്ക് അനുകൂലമായി ടാറ്റാ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഫെല്ലോ ഡോ. ആര്‍. രാമകുമാര്‍ സംസാരിച്ചു. തണല്‍ ഡയറക്‌ടര്‍ എസ്. ഉഷ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തി. അമേരിക്കന്‍ കുത്തക കമ്പനിയായ മോണ്‍സാന്റോയുടെ ഏജന്റിനെപ്പോലെയാണ് രാമകുമാര്‍ സംസാരിക്കുന്നതെന്നുവരെ തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരേ അതിശക്‌തമായ പ്രതിരോധമാണ് ദേശീയതലത്തില്‍ തന്നെ സി.പി.എം. സ്വീകരിച്ചിരുന്നത്. സംസ്‌ഥാന സര്‍ക്കാരും ഇത്തരം വിളകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തിന് എഴുതിയിരുന്നു. ഇതിനിടയിലാണ് ജനിതകമാറ്റം വരുത്തിയ വിളകളെ അനുകൂലിച്ച് സി.പി.എം. ഉന്നത നേതാവിന്റെ രംഗപ്രവേശം. പാര്‍ട്ടിയുടെ നിലപാടു മാറ്റത്തിന്റെ സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്. കേരളത്തെ ജനിതകവിളകളുടെ വിമുക്‌തമേഖലയായി പ്രഖ്യാപിക്കണമെന്നു നിയമസഭയുടെ നടപ്പുസമ്മേളനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി മുല്ലക്കര രത്നാകരനും ശക്‌തമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചുപോരുന്നത്. പരീക്ഷണാടിസ്‌ഥാനത്തില്‍ പോലും കേരളത്തില്‍ ഇത്തരം വിളകള്‍ നട്ടുപിടിപ്പിക്കാന്‍ പാടില്ലെന്ന് ഒരു ഉപക്ഷേപത്തിനു മറുപടിയായി അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എസ്.ആര്‍.പി. തുറന്നുവിട്ട വിവാദം സി.പി.എമ്മിനകത്തും ഇടതു മുന്നണിയിലും ഭൂകമ്പങ്ങള്‍ സൃഷ്‌ടിക്കുമെന്ന് ഉറപ്പാണ്. |
E-mail to a friend |
Saturday, January 1, 2011
സി.പി.എം. നയം തിരുത്തുന്നു:
Subscribe to:
Post Comments (Atom)
No comments:
Post a Comment