Saturday, January 15, 2011

അലക്കുകയും ഷോപ്പിംഗ്‌ നടത്തുകയും ചെയ്യുന്ന സൂപ്പര്‍ നായ





നാലു വയസുള്ള നായയാണ്‌ സന്‍ഡി. പക്ഷേ, എന്തു ജോലി വേണമെങ്കിലും ചെയ്യുന്ന സൂപ്പര്‍ നായയാണ്‌ സന്‍ഡി. അരയ്‌ക്കു താഴോട്ട്‌ തളര്‍ന്നു വീല്‍ച്ചെയറില്‍ ജീവിക്കുന്ന സ്യൂ ലിന്റെ ഒരേ ഒരു സഹായിയാണ്‌ സന്‍ഡി. സ്യൂവിനൊപ്പം ഷോപ്പിംഗ്‌ ബാഗുമൊക്കെ തൂക്കിയാണ്‌ സന്‍ഡി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്നത്‌. ഷോപ്പിംഗെല്ലാം കഴിയുമ്പോള്‍ സ്യൂവിന്റെ പഴ്‌സില്‍നിന്നും പണം കൗണ്ടറില്‍ നല്‍കുന്നതോ സന്‍ഡിയും. മേശയ്‌ക്കുള്ളില്‍നിന്നും വസ്‌ത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതും സന്‍ഡിയാണ്‌. അലക്കണോ അതിനും സന്‍ഡി തയാറാണ്‌. മുഷിഞ്ഞ വസ്‌ത്രങ്ങള്‍ വീഷിംഗ്‌ മെഷീനില്‍ ഇടുന്നതെല്ലാം ഈ നായയാണ്‌. അടുക്കള വാതിലും ബാത്ത്‌റൂം വാതിലുമെല്ലാം സ്യൂവിനുവേണ്ടി തുറന്നു കൊടുത്തു സഹായിക്കാനും സന്‍ഡിക്കു കഴിയും.

40 വര്‍ഷം മുമ്പു നടന്ന അപകടത്തെത്തുടര്‍ന്നാണ്‌ സ്യൂവിന്റെ ജീവിതം വീല്‍ച്ചെയറിലേക്ക്‌ ഒതുക്കപ്പെട്ടത്‌. ഇപ്പോള്‍ 61 വയസുള്ള സ്യൂവിന്റെ സ്വന്തം മകളെപ്പോലെയാണ്‌ സന്‍ഡി. രാവിലെ പത്രവും കത്തുകളും സ്യൂയിക്ക്‌ എടുത്തു നല്‍കാനുള്ള പരിശീലനവും സന്‍ഡിക്കു ലഭിച്ചിട്ടുണ്ട്‌. സ്യൂ തിരക്കിലാണെങ്കില്‍ ഫോണ്‍ സന്‍ഡിയാണ്‌ എടുക്കുന്നത്‌. ഫോണ്‍ എടുത്ത്‌ സന്‍ഡി കുരയ്‌ക്കുമ്പോള്‍ മറുതലയ്‌ക്കലുള്ളവര്‍ക്ക്‌ അറിയാം സ്യൂ തിരക്കിലാണെന്ന്‌.

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയാല്‍ യജമാനത്തിക്കുവേണ്ടി സാധനങ്ങള്‍ എടുക്കാന്‍ സന്‍ഡി മിടുക്കിയാണെന്നാണ്‌ അവിടത്തെ ജീവനക്കാരുടെ സാക്ഷ്യം. ഒരിക്കല്‍ ഷോപ്പിംഗ്‌ നടത്തുമ്പോള്‍ മറ്റൊരാളുടെ കൈയില്‍നിന്നും പണം താഴെപ്പോയി. സന്‍ഡി പണം വായില്‍ കടിച്ചുപിടിച്ചു തിരികെ നല്‍കി. ഇതു കണ്ട്‌ അവര്‍ അത്ഭുതപ്പെട്ടെന്നാണ്‌ സ്യൂ പറയുന്നത്‌. രണ്ടു വര്‍ഷത്തെ പരിശീലനമാണ്‌ സന്‍ഡിയെ സൂപ്പര്‍ നായയാക്കി മാറ്റിയത്‌. ജീവിതത്തില്‍ ഒറ്റപ്പെട്ട തനിക്കു ലഭിച്ച ഏറ്റവും ഉത്തമ കൂട്ടാണ്‌ സന്‍ഡിയെന്നാണ്‌ സ്യൂ പറയുന്നത്‌.

=============================================

No comments:

Post a Comment