Saturday, January 1, 2011

കുഞ്ഞുങ്ങളെ വില്‍ക്കുന്നത്,






കുഞ്ഞുങ്ങളെ വില്‍ക്കുന്നത്, അവയവലോബികള്‍ക്കെന്ന് സൂചന
Posted on: 02 Jan 2011

കൊല്ലം: കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റുകള്‍ അവയവദാന ലോബികള്‍ക്കാണ് കുഞ്ഞുങ്ങളെ കൈമാറുന്നതെന്ന് സൂചന. ബാംഗ്ലൂരും കേരളവും മറ്റു ചില സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് ഈ ലോബിയുടെ പ്രവര്‍ത്തനം വര്‍ഷങ്ങളായി നടക്കുന്നുണ്ടെന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 

വ്യക്തമായ തെളിവുകളുടെ അഭാവവും വന്‍സ്വാധീനങ്ങളും ഇവരെ കുടുക്കുന്നതില്‍ പോലീസിന് പരിമിതികളുണ്ടാക്കുന്നു. തെളിവുകള്‍ അവശേഷിപ്പിക്കാതെയും സര്‍ക്കാര്‍ ആസ്​പത്രികള്‍ കേന്ദ്രീകരിച്ചും കുട്ടികളെ കൈമാറ്റം ചെയ്യുന്നുണ്ടത്രെ. അതിനുപിന്നില്‍ വ്യക്തമായ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. പഴുതുകളടച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ ഇത്തരം ഗ്രൂപ്പുകളെ വലയിലാക്കാനാവുമെന്ന് ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും കുഞ്ഞുങ്ങളെ കാണാതായി എന്നൊരു പരാതിമാത്രമാണ് ഉണ്ടാകുന്നത്. 

വളര്‍ത്താന്‍ കൊടുക്കുന്ന കുട്ടികള്‍ക്ക് 10ലക്ഷംവരെ വാങ്ങുമ്പോള്‍ അവയവമാറ്റത്തിനായി കുഞ്ഞിനെ കൈമാറുന്നവര്‍ കോടികളാണ് പ്രതിഫലം കൊയ്യുന്നത്. വന്‍ ബിസിനസ്സുകാരും വന്‍ മുതലാളിമാരും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ജന്മനായുണ്ടായ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ അതേ ഗ്രൂപ്പിലോ ചേര്‍ച്ചാ ഗ്രൂപ്പിലോപെടുന്ന കുഞ്ഞുങ്ങളെ വാങ്ങി ആസ്​പത്രികള്‍വഴി അവയവമാറ്റം നടത്താറുണ്ടെന്നും സൂചനയുണ്ട്.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കോടികള്‍ വേണം. പക്ഷേ കരളിന്റെ ചെറിയ കഷണങ്ങള്‍ ഉപയോഗിച്ച് ശസ്ത്രക്രിയവഴി അത് മറ്റൊരാള്‍ക്ക് വച്ചുകൊടുക്കുന്നതിനും കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നതായി ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ കരള്‍ വളര്‍ത്തിയെടുക്കലാണിത്. കണ്ണിന്റെ കോര്‍ണിയ, അസ്ഥിയുടെ മജ്ജ, ഹൃദയംമുതല്‍ കിഡ്‌നിവരെ ഇങ്ങനെ മാറ്റി വയ്ക്കുന്നത് രാജ്യത്ത് സര്‍വ്വസാധാരണമായതിനാല്‍ അവയവലോബിയും ശക്തിപ്രാപിച്ചതായാണ് ചില അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒരാള്‍ക്ക് വേണ്ടുന്ന ഗ്രൂപ്പ് ചേര്‍ച്ചയുള്ള അവയവത്തിനായി ചിലര്‍ ആസ്​പത്രികളില്‍ അഡ്മിറ്റായശേഷം ചില ലോബികള്‍ വഴി കരാര്‍ ഉറപ്പിക്കുന്ന രീതി പോലുമുണ്ടെന്ന് പ്രമുഖ ഡോക്ടര്‍മാര്‍തന്നെ വെളിപ്പെടുത്തുന്നു.

ആസ്​പത്രി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, നേഴ്‌സുമാര്‍ തുടങ്ങിയവരെ ആസ്​പത്രിമേലധികാരികളോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ കൈയിലെടുത്ത് 'കൈമാറ്റകച്ചവടങ്ങള്‍' കേരളത്തില്‍ നടക്കുന്നതായി സൂചനയുണ്ട്. പ്രസവാസ്​പത്രികള്‍ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
റാണിയെ തേടി പോലീസ്: ഉന്നതസംരക്ഷണമെന്ന് നിഗമനം


കൊല്ലം: സ്വന്തം കുഞ്ഞിനെ ദമ്പതിമാര്‍ക്ക് നല്‍കുകയും ഒടുവില്‍ വിലപേശി ലക്ഷങ്ങള്‍ ചോദിക്കുകയും ചെയ്ത റാണി ബിനോയ് എന്ന യുവതിയെ അടിയന്തരമായി കണ്ടെത്താന്‍ പത്തനംതിട്ട എസ്. പി. കെ.സഞ്ജീവ്കുമാര്‍ പോലീസിന് ഉത്തരവ് നല്‍കി. റാണിയെ എവിടെ കണ്ടാലും അറസ്റ്റു ചെയ്യാന്‍ എസ്.പി. പോലീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. അടൂര്‍ ഡിവൈ.എസ്.പി. വി.അജിത്തിനാണ് അന്വേഷണത്തിന്റെ പൂര്‍ണ ചുമതല.

റാണി ആസ്​പത്രിയിലും ഫോണ്‍ എടുക്കുന്നതിനും നല്‍കിയിരിക്കുന്ന വിലാസങ്ങള്‍ വ്യാജമാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കൊല്ലത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രത്യേക കത്തുള്ളതിനാല്‍ റാണിയെ അറസ്റ്റു ചെയ്യാന്‍ പോലീസിന് തടസ്സമില്ല. റാണിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കണമെന്നാണ് കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
റാണി പല സ്ഥലങ്ങളില്‍നിന്ന് മാറി മാറി ടെലിഫോണ്‍ ചെയ്യുന്നുണ്ട്. വിളിക്കുന്ന നമ്പരുകള്‍ മനസ്സിലാക്കാതിരിക്കാന്‍ ലാന്‍ഡ് ഫോണുകളിലേക്കാണ് ഇവര്‍ വിളിക്കുന്നത്. തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തുവച്ച് റാണിയെ കുടുക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും ഇവര്‍ രക്ഷപ്പെട്ടിരുന്നു.

റാണിയെ ഉന്നതരായ രാഷ്ട്രീയ നേതാക്കളാരോ സംരക്ഷിക്കുന്നതായും സൂചനയുണ്ട്. ഇവര്‍ ഇത്തരത്തില്‍ നേരത്തെയും കുഞ്ഞുങ്ങളെ വിറ്റതായി പറഞ്ഞു കേള്‍ക്കുന്നു. റാണിയെ അറസ്റ്റ് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം

========================================

No comments:

Post a Comment