സൈബര്‍ ലോകത്തും തീവ്രവാദ പ്രചാരണം
Posted on: 11 Jul 2010
-പി. എസ്. ജയന്തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ കേരളത്തില്‍ നിന്ന് മതനിന്ദയുണര്‍ത്തുന്ന ലേഖനങ്ങളും ബ്ലോഗുകളും പെരുകുന്നു. അടുത്തിടെ സംസ്ഥാനത്തുണ്ടായ തീവ്രവാദ സംഭവങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് നൂറുകണക്കിന് സന്ദേശങ്ങളാണ് ഓരോ സെക്കന്റിലും പ്രചരിക്കുന്നത്. ഇതിനെതിരെ മറ്റ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
അധ്യാപകന്റെ കൈവെട്ടിയത് അഭിമാനികളാണ് എന്ന തലക്കെട്ടുള്ള ചര്‍ച്ചാ ഫോറത്തില്‍ അമ്പതിലേറെ പോസ്റ്റുകളാണ് (ഇന്റര്‍നെറ്റിലെ ലേഖനങ്ങള്‍) ഒറ്റദിവസം കൊണ്ട് പ്രത്യക്ഷമായത്.
ഇന്റര്‍നെറ്റിലെ അന്വേഷണ യന്ത്രമായ ഗൂഗിള്‍ ഒരുക്കിയിരിക്കുന്ന നൂറുകണക്കിന് ചര്‍ച്ചാഫോറമുകളില്‍ കേരളത്തിലെ തീവ്രവാദ പ്രശ്‌നം തീപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ ഫോറത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഓരോ സമുദായങ്ങളെയും പേരെടുത്ത് വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
ജിഹാദ് വാച്ച്, ഇസ്രായേലി മിലിട്ടറി, മിലിട്ടറി ഫോറം, മിലിട്ടറി ഫയല്‍ തുടങ്ങിയ പേരുകളുമായി ബന്ധപ്പെട്ടുള്ള സൈറ്റുകളുടെ ചര്‍ച്ചാവേദികളില്‍ ആശയപ്രചാരണങ്ങള്‍ നടക്കുകയാണ്.
ലോകത്തെവിടെയും നടക്കുന്ന തീവ്രവാദ സംഭവങ്ങളെ അനുകൂലിച്ചുകൊണ്ട് ഉടനടി മലയാളത്തില്‍ വാര്‍ത്താരൂപത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്ന ഒരു മെയില്‍ ഉറവിടം രണ്ട് ദിവസം മുന്‍പ് കേരളത്തിലെ പതിനായിരക്കണക്കിന് ആള്‍ക്കാരുടെ മെയില്‍ ബോക്‌സുകള്‍ നിറച്ചു. അധ്യാപകന്റെ കൈ വെട്ടിയെറിഞ്ഞ സംഭവത്തെ ശക്തമായി പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു ഈ വാര്‍ത്താസന്ദേശം.
ഇതിനെ വിമര്‍ശിച്ച് മറുപടി അയച്ചവരെ ബോധ്യപ്പെടുത്താന്‍ നിരവധി ഉദ്ധരണികളും പിന്നാലെയെത്തി. 'കൈവെട്ടിയ അധ്യാപകന് പത്തുകുപ്പി രക്തം കൊടുത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാതൃകകാണിച്ചു' എന്ന വാര്‍ത്തയും കഴിഞ്ഞദിവസം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കപ്പെട്ടു.
'ശാന്തിയെന്തെന്ന് മനസ്സിലാകാന്‍ യുദ്ധത്തെ അറിയുക' എന്ന ആപ്തവാക്യത്തോടെ പ്രചാരത്തിലുള്ള ഡിഫന്‍സ് ഫോറം ഓഫ് ഇന്ത്യ എന്ന സൈനിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സൈറ്റിലും കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്.
അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സി.ഡിയിലെ ഭീകര ദൃശ്യങ്ങള്‍ ഒരുമാസം മുന്‍പ് തന്നെ കേരളത്തില്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. നാല് പേര്‍ ചേര്‍ന്ന് ഒരാളെ കഴുത്തറത്ത് കൊല്ലുകയും തുടര്‍ന്ന് ആഘോഷപൂര്‍വം തല പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച ആ ദൃശ്യങ്ങള്‍. താലിബാന്‍ മുതല്‍ പോപ്പുലര്‍ ഫ്രണ്ട് വരെയുള്ള സംഘടനകളുടെ ചെയ്തികളെ ന്യായീകരിച്ചുകൊണ്ട് മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കുന്ന പ്രചാരണ സന്ദേശങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രചരിക്കുകയാണ്.
മുന്‍പ് സംസ്ഥാനത്ത് ഏറെ ചര്‍ച്ചാവിഷയമായ 'ലൗ ജിഹാദി'നെത്തുടര്‍ന്നാണ് ഇന്റര്‍നെറ്റിലൂടെ ആശയപ്പോരാട്ടങ്ങള്‍ രൂക്ഷമായത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് കോളേജുകള്‍ക്ക് മുന്‍പില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ കേസില്‍ പോലീസ് അന്വേഷണവും നടത്തിയിരുന്നു.
എന്നാല്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന മതനിന്ദകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ സൈബര്‍ പോലീസ്. '' ആയിരക്കണക്കിന് വെബ്‌സൈറ്റുകളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. അത് നിരീക്ഷിക്കാനോ വിലയിരുത്താനോ ഉള്ള ഉപാധികള്‍ ഇപ്പോള്‍ പോലീസിന്റെ കൈയിലില്ല. ഇതു സംബന്ധിച്ച് ഒരു ഉത്തരവോ നിര്‍ദേശമോ ലഭിച്ചിട്ടുമില്ല'' -സൈബര്‍ പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ആശയങ്ങളുടെ മേല്‍ പരാതിയുണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ ഇടപെടുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്.
(a mathrubhumi report)
No comments:
Post a Comment