Thursday, August 5, 2010

അഴിമതി, ചൂഷണം ബഹുവിധം!

സിക്കിം നിര്‍ത്തിയ ലോട്ടറി വിറ്റ്‌ മാഫിയ കൊയ്‌തത്‌ 800 കോടി
തിരുവനന്തപുരം: രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ ലോട്ടറി മാഫിയ കേരളത്തില്‍ വില്‍ക്കുന്നതു സിക്കിം സര്‍ക്കാര്‍ പിന്‍വലിച്ച ലോട്ടറികള്‍. സിക്കിം സൂപ്പര്‍ ഡീലക്‌സ്, പ്ലാറ്റിനം ഡിയര്‍ അടക്കം എട്ടു സ്‌കീമുകളില്‍പ്പെട്ട ലോട്ടറികള്‍ കഴിഞ്ഞമാസം സിക്കിം സംസ്‌ഥാന ലോട്ടറി അധികൃതര്‍ പിന്‍വലിച്ചിരുന്നു. അതിനുശേഷം ലോട്ടറി മാഫിയ കേരളത്തില്‍നിന്നു കൊയ്‌തത്‌ 800 കോടിയിലധികം രൂപ.

നിയമവിരുദ്ധമായാണു പല ലോട്ടറികളും നടക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണു നടത്തിപ്പുകാരായ ഫ്യൂച്ചര്‍ ഗെയിമിംഗ്‌ സൊലൂഷന്‍സിനോടു നിലവിലുള്ള എട്ടു സ്‌കീമില്‍പ്പെട്ട ലോട്ടറികള്‍ നിര്‍ത്താന്‍ സിക്കിം സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌.

ജൂലൈ നാലിനു ശേഷം ഒരു നറുക്കെടുപ്പും അനുവദിക്കില്ലെന്നു ജൂണ്‍ 25-നു വിതരണക്കാര്‍ക്കു നല്‍കിയ കത്തില്‍ വ്യക്‌തമാക്കിയിരുന്നു. പഴയ സ്‌കീമുകള്‍ക്കു പകരം പുതിയ സ്‌കീമുകള്‍ തുടങ്ങാനാണിത്‌. എന്നാല്‍, ജൂലൈ നാലിനു ശേഷവും സംസ്‌ഥാനത്തു വില്‍പ്പനയും നറുക്കെടുപ്പും തുടരുകയാണ്‌. അന്യസംസ്‌ഥാന ലോട്ടറി വിതരണക്കാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്‌തമായ യാതൊരു വിവരവും അധികൃതര്‍ക്കില്ല.

പേപ്പര്‍ ലോട്ടറി വിതരണത്തിന്റെ ചുമതല ഫ്യൂച്ചര്‍ ഗെയിമിംഗ്‌ സൊലൂഷന്‍സ്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡിനാണെന്നു സിക്കിം സര്‍ക്കാരിന്റെ രേഖകളില്‍ വ്യക്‌തമാണ്‌. വാണിജ്യനികുതിവകുപ്പ്‌ മുന്‍കൂര്‍നികുതി സ്വീകരിക്കുമ്പോള്‍ വിതരണക്കാര്‍ നിയമവ്യവസ്‌ഥകള്‍ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. എന്നാല്‍, ഓരോ നറുക്കെടുപ്പിനും ഏഴുലക്ഷത്തോളം രൂപ മുന്‍കൂര്‍നികുതി നല്‍കുന്നവര്‍ അംഗീകൃത ഏജന്റുമാരാണോയെന്നു സ്‌ഥിരീകരിക്കാന്‍ പോലും കേരളാ സര്‍ക്കാരിനായിട്ടില്ല. 'മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്' സിക്കിം ലോട്ടറി പ്രമോട്ടര്‍മാരാണോയെന്ന്‌ ആരാഞ്ഞു സിക്കിം സര്‍ക്കാരിനു ഫാക്‌സ് അയച്ചതിനപ്പുറം സംസ്‌ഥാനസര്‍ക്കാര്‍ ഒന്നുംചെയ്‌തില്ല.

സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ്‌ വാങ്ങുന്നതില്‍ ഏറെയും സാധാരണക്കാരാണ്‌. ഒരു ലോട്ടറി നിര്‍ത്തലാക്കിയാല്‍ അതു ജനങ്ങളെ അറിയിക്കണമെന്ന വ്യവസ്‌ഥയും കാറ്റില്‍പ്പറത്തി.

ജൂലൈ 19 വരെ സിക്കിം ഡിയറായി ഇറങ്ങിയിരുന്ന ലോട്ടറി ഭൂട്ടാന്‍ ഡിയറായി മാറി. അതിനുമുമ്പ്‌ സിക്കിം ലോട്ടറികളുടെ പ്രതിദിന വിറ്റുവരവ്‌ 35 കോടി രൂപയായിരുന്നു. ഇപ്രകാരം കഴിഞ്ഞ ഒരുമാസത്തില്‍ 800 കോടിയോളം രൂപയാണു സിക്കിം ലോട്ടറിയുടെ പേരില്‍ പാവപ്പെട്ടവന്റെ കീശയില്‍നിന്നു കവര്‍ന്നത്‌.

ലോട്ടറി നിയമങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വിശദാംശങ്ങള്‍ സഹിതം കേന്ദ്രത്തെയും ലോട്ടറി നടത്തുന്ന സംസ്‌ഥാനങ്ങളെയും അറിയിക്കണമെന്നാണു വ്യവസ്‌ഥ. എന്നാല്‍ സംസ്‌ഥാനം കേന്ദ്രത്തിന്‌ എഴുതിയ കത്തുകളില്‍ വിതരണക്കാരുടെ പേരു പോലുമില്ല. മറുനാടന്‍ ലോട്ടറികള്‍ നിരോധിക്കണമെന്ന എ.ഡി.ജി.പി. സിബി മാത്യൂസിന്റെ ശിപാര്‍ശ പോലും സര്‍ക്കാരിന്റെ മൃദുസമീപനത്തില്‍ ജലരേഖയായി. (a mangalam report)

-എസ്‌. ശ്രീജിത്ത്‌


No comments:

Post a Comment