Sunday, August 22, 2010

ശമ്പള വര്‍ധനയേച്ചൊല്ലി സി.ഐ.ടി.യു- ബി.എം.എസ്‌. യൂണിയനുകള്‍ തമ്മില്‍ സംഘര്‍ഷം.

വിദേശസഞ്ചാരികളെ ഹൗസ്‌ബോട്ടുകളില്‍നിന്നിറക്കിവിട്ടു

ആലപ്പുഴ: ഹൗസ്‌ബോട്ട്‌ മേഖലയിലെ ശമ്പള വര്‍ധനയേച്ചൊല്ലി സി.ഐ.ടി.യു- ബി.എം.എസ്‌. യൂണിയനുകള്‍ തമ്മില്‍ സംഘര്‍ഷം. വിദേശ വിനോദസഞ്ചാരികളെ ഹൗസ്‌ബോട്ടുകളില്‍ നിന്നിറക്കിവിട്ടു. ഇന്നലെ രാവിലെയാണു പുന്നമടയില്‍ യാത്രയ്‌ക്കൊരുങ്ങുന്നതിനിടെ വിനോദസഞ്ചാരികളെ ബി.എം.എസിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ ഇറക്കിവിട്ടത്‌. സഞ്ചാരികളുമായി കായലില്‍പോയ ഹൗസ്‌ബോട്ടിനെ സ്‌പീഡ്‌ ബോട്ടില്‍ പിന്തുടര്‍ന്നെത്തി ജീവനക്കാരെ മര്‍ദിച്ചതായും പരാതിയുണ്ട്‌. ഹൗസ്‌ബോട്ട്‌ മേഖലയില്‍ ശമ്പളവര്‍ധനയാവശ്യപ്പെട്ട്‌ രണ്ടുദിവസം മുമ്പ്‌ ആരംഭിച്ച സമരത്തിന്റെ തുടര്‍ച്ചയായാണു സംഘര്‍ഷം.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ 4500 രൂപ ശമ്പളവും 125 രൂപ ബാറ്റയും അംഗീകരിച്ച്‌ ജോലിക്കു കയറാന്‍ തയാറായപ്പോള്‍ ബി.എം.എസ്‌. ആവശ്യപ്പെട്ടത്‌ 5000 രൂപ ശമ്പളവും 150 രൂപ ബാറ്റയുമാണ്‌.

നിലവിലുണ്ടായിരുന്ന 3500 രൂപ ശമ്പളവും 110 രൂപ ബാറ്റയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഇരുകൂട്ടരും കത്തുനല്‍കിയിരുന്നെങ്കിലും സി.ഐ.ടി.യു. യൂണിയനുമായാണു ഹൗസ്‌ബോട്ടുടമകള്‍ ചര്‍ച്ചയ്‌ക്ക് തയാറായത്‌. ബാറ്റ 125 എന്നു ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും ശമ്പളം 4250 രൂപയേ നല്‍കാനാകൂ എന്ന ബോട്ടുടമകളുടെ നിലപാടുമൂലം സമരം നീണ്ടു. ഒടുവില്‍ 4500 രൂപ അംഗീകരിക്കുന്നവരുടെ ബോട്ടുകളില്‍ ജോലിക്കു പോകാമെന്നു സി.ഐ.ടി.യു. തീരുമാനിച്ചപ്പോഴാണ്‌ 5000 രൂപ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട്‌ ബി.എം.എസ്‌. രംഗത്തെത്തിയത്‌.

ഹൗസ്‌ബോട്ട്‌ തൊഴിലാളികള്‍ ഷോപ്പ്‌ വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ നിശ്‌ചയിച്ചതിലും കുറവു ശമ്പളം അംഗീകരിച്ച സി.ഐ.ടി.യു, തൊഴിലാളികളെ വഞ്ചിച്ചെന്നാണു ബി.എം.എസ്‌. ആരോപിക്കുന്നത്‌. പുന്നമടയിലെ ഫിനിഷിംഗ്‌ പോയിന്റില്‍ സംഘര്‍ഷമുണ്ടായതിനേത്തുടര്‍ന്ന്‌ നോര്‍ത്ത്‌ സി.ഐയുടെ സാന്നിധ്യത്തില്‍ യൂണിയനുകള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തി.

സി.ഐ.ടി.യു. തൊഴിലാളികള്‍ മാത്രമുള്ള ബോട്ടുകള്‍ തടയില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നും ബി.എം.എസ്‌. യൂണിയന്‍ വ്യക്‌തമാക്കി.
E-mail to a friend (mangalam)

No comments:

Post a Comment