Tuesday, August 24, 2010

കാട്ടിലെ തടി, തേവരുടെ ആന. ഇവിടെ എല്ലാം ചട്ട വിരുദ്ധം!

സ്‌മാര്‍ട്‌ സിറ്റി: ഭൂമി നല്‍കിയതു ചട്ടം ലംഘിച്ചെന്ന്‌ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍
കൊച്ചി: കെ.എസ്‌.ഇ.ബിയുടെ ബ്രഹ്‌മപുരത്തുള്ള നൂറേക്കര്‍ സ്‌മാര്‍ട്‌സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ വിട്ടുകൊടുത്തതു ചട്ടം ലംഘിച്ചാണെന്നു വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍.

വിപണിവില നല്‍കാതെ തുച്‌ഛമായ തുകയ്‌ക്ക് ഭൂമി കൈമാറിയത്‌ ശരിയല്ലെന്നാണു കമ്മിഷന്റെ നിലപാട്‌. റെഗുലേറ്ററി കമ്മിഷന്‍ ലിസ്‌റ്റ് ചെയ്‌തിട്ടുളള സ്വത്ത്‌ ബോര്‍ഡിന്റെ അനുമതിയില്ലാതെ സര്‍ക്കാരിന്‌ ഇഷ്‌ടംപോലെ കൈമാറ്റം ചെയ്യാനും വില്‍ക്കാനും കഴിയില്ല. മുന്നൂറു കോടി രൂപ വിലയുള്ള ഭൂമി ഏഴു കോടി മാത്രം ഈടാക്കിയാണ്‌ ടീകോമിനു കൈമാറിയത്‌.

വാര്‍ഷിക കണക്കില്‍ ഈ നഷ്‌ടം കമ്മിഷനു മുന്നില്‍ വന്നിരുന്നു. കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന്‌ 1026 മെഗാവാട്ടിന്റെ പുതിയ ഗ്യാസ്‌ ടെര്‍മിനല്‍ വൈദ്യുതി പദ്ധതിയ്‌ക്കായി ഈ ഭൂമി തിരിച്ചെടുക്കാന്‍ ബോര്‍ഡ്‌ നടപടി തുടങ്ങി. താരിഫ്‌ നിര്‍ണയത്തില്‍ പരിഗണിക്കപ്പെടുന്നതിനാല്‍ കുറഞ്ഞ വില ബോര്‍ഡിന്റെ നഷ്‌ടമായി കണക്കാക്കി വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കേണ്ടിവരും.

സ്‌മാര്‍ട്‌സിറ്റിക്ക്‌ ഭൂമി കൈമാറിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌ മാത്രമാണുള്ളത്‌. മറ്റൊരുത്തരവിലൂടെ ഒരു വര്‍ഷത്തിനകം ബ്രഹ്‌മപുരത്തെ ഭൂമി തിരിച്ചുകിട്ടണമെന്നാണ്‌ ബോര്‍ഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. വൈദ്യുതി നിലയത്തിന്‌ കഴിഞ്ഞമാസം മന്ത്രിസഭ ഭരണാനുമതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും തങ്ങളുടെ ഭൂമി ആര്‍ക്കും കൈമാറ്റം ചെയ്‌തിട്ടില്ലെന്നാണു ബോര്‍ഡിന്റെ വാദം. കൈമാറിയതിന്‌ പണവും വാങ്ങിയിട്ടില്ല. രേഖകള്‍ പ്രകാരം ഭൂമി ഇപ്പോഴും ബോര്‍ഡിന്റേതാണ്‌. അതിരപ്പിള്ളി, പൂയംകുട്ടി ജലവൈദ്യുതി പദ്ധതികള്‍ നടപ്പാകാത്ത സാഹചര്യത്തില്‍ ദ്രവീകൃത പ്രകൃതിവാതകം (എല്‍.എന്‍.ജി.) ഉപയോഗിച്ചുള്ള വൈദ്യുതി നിലയം എത്രയുംവേഗം പൂര്‍ത്തിയാക്കാനാണ്‌ ബോര്‍ഡ്‌ തീരുമാനം.

ചീമേനിയിലെ നിര്‍ദിഷ്‌ട കല്‍ക്കരി നിലയത്തിന്റെ സാധ്യതയും മങ്ങുകയാണ്‌. എല്‍.എന്‍.ജി എത്തിക്കുന്നതിന്‌ ഗ്യാസ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യയുമായി ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നിന്ന്‌ മംഗലാപുരം വഴി കൊച്ചിയിലേക്കു വാതക പൈപ്പ്‌ ലൈന്‍ രണ്ടു വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകും. പുതുവൈപ്പിലെ എല്‍.എന്‍.ജി ടെര്‍മിനല്‍ പൂര്‍ത്തിയായാല്‍ ഗ്യാസ്‌ ഇറക്കുമതി ചെയ്യാനാകും. ഈ അനുകൂല ഘടകങ്ങള്‍ കണ്ടാണ്‌ പദ്ധതിയുമായി ബോര്‍ഡ്‌ മുന്നോട്ടു പോകുന്നത്‌.

കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്താന്‍ അടുത്ത മാസം ടെണ്ടര്‍ വിളിക്കും. 2014-15 ഓടെ പ്രവര്‍ത്തനമാരംഭിക്കാന്‍ ലക്ഷ്യമിടുന്ന ഗ്യാസ്‌ ടെര്‍മിനല്‍ വൈദ്യുതി നിലയത്തിന്‌ 440 കോടി രൂപയാണ്‌ ചെലവു കണക്കാക്കുന്നത്‌. നിലവില്‍ ഡീസല്‍ നിലയം സ്‌ഥിതിചെയ്യുന്ന ഭാഗത്തു തന്നെ എല്‍.പി.ജി നിലയവും സ്‌ഥാപിക്കാനാണു ലക്ഷ്യമിട്ടതെങ്കിലും പിന്നീടു തീരുമാനം മാറ്റുകയായിരുന്നു.

ഫ്രെയിംവര്‍ക്ക്‌ കരാര്‍ പ്രകാരം 246 ഏക്കറാണ്‌ സ്‌മാര്‍ട്‌ സിറ്റിക്കു വിട്ടുകൊടുത്തത്‌. കാക്കനാട്‌ ഇടച്ചിറയിലുള്ള 135.65 ഏക്കറിന്‌ സെസ്‌ പദവിയും ലഭിച്ചിട്ടുണ്ട്‌. രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ വിജ്‌ഞാപനം ഇറങ്ങിയിട്ടില്ലെന്നു മാത്രം. ബ്രഹ്‌മപുരത്തെ ഭൂമിക്ക്‌ ഇപ്രകാരം സെസ്‌ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭൂമി വിട്ടുകിട്ടണമെന്നു ടീകോം നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

മാറിയ സാഹചര്യത്തില്‍ സ്‌മാര്‍ട്‌ സിറ്റിക്കു ബോര്‍ഡിന്റെ ഭൂമി ലഭിക്കില്ല. ആവശ്യമെങ്കില്‍ കരാര്‍പ്രകാരമുള്ള ഭൂമി മറ്റെവിടെയെങ്കിലും കണ്ടെത്തും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും കുറവാണ്‌.
.....ജെബി പോള്‍ (mangalam)
E-mail to a friend

No comments:

Post a Comment