| ||
| കൊച്ചി: കുടുംബങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ ആശങ്കയുണ്ടെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭ ജീവന്റെ ദൈവത്തില്‍ വിശ്വസിക്കുന്നു. പീഡിതരെയും ദുഃഖിതരെയും പരിചരിക്കുന്ന ആതുരാലയങ്ങളും മനുഷ്യമഹത്വം പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ക്രിസ്‌തുവിന്റെ സാക്ഷ്യങ്ങളുമാണ്‌്. മനുഷ്യന് ഭൗതീകാതീതമായ മാനമുണ്ടെങ്കിലും ഭൗതികവികസന പ്രത്യയശാസ്‌ത്രങ്ങളോടു വിയോജിക്കുന്നു. കമ്പോള വികസന മാതൃക മനുഷ്യന്റെ സമഗ്ര വികസനത്തെ പരിഗണിക്കുന്നില്ലെന്ന് അസംബ്ലി വിലയിരുത്തിയതായി കണ്‍വീനര്‍ മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. ഇടയലേഖനം പുറപ്പെടുവിക്കാനുള്ള കടമയും അവകാശവും മെത്രാന്മാര്‍ക്കുണ്ട്. അതിനെ എതിര്‍ത്തിട്ടു കാര്യമില്ല. വിശ്വാസി സമൂഹവുമായുള്ള സഭയുടെ ആശയ വിനിമയമാണ് ഇടയലേഖനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ ദാനമായി സ്വീകരിച്ചവര്‍ ജീവന്‍ ദാനമായി നല്‍കാനും കടപ്പെട്ടവരാണ്. സ്‌നേഹത്തിന്റെയും പ്രജനനത്തിന്റെയും ദൈവികദാനമായ ലൈംഗീകത ഉത്തരവാദിത്ത രഹിതവും പ്രജനനമുക്‌തവുമായി ദുരുപയോഗിക്കുന്ന ലൈംഗിക വിപ്ലവം ആര്‍ഷസംസ്‌കാരത്തെ സാരമായി അപകടപ്പെടുത്താന്‍ തുടങ്ങി. കുടുംബ ജീവിത സങ്കല്‍പങ്ങള്‍ തകിടം മറിയുകയാണ്. വികസനം സകലരെയും ഉള്‍ക്കൊള്ളുന്നതാകണം. വികസനത്തില്‍ നിന്ന് ഒരു വിഭാഗം പുറത്താക്കപ്പെടുന്നു. നഗരങ്ങള്‍ ചേരികള്‍ തീര്‍ക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ദരിദ്രരേയും അവശരെയും പ്രത്യേകം സ്‌നേഹിക്കാന്‍ സഭ ബാധ്യസ്‌ഥമാണ്. വര്‍ധിച്ചു വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍, വിപ്ലവ പ്രത്യയശാസ്‌ത്രങ്ങള്‍, അക്രമ രാഷ്‌ട്രീയം, വാടക ഗുണ്ടാ സംഘങ്ങള്‍, മതമൗലീക വാദങ്ങള്‍, ലൈംഗിക പീഡനങ്ങള്‍, ഭ്രൂണഹത്യകള്‍, വികസനത്തിന്റെ പേരിലുള്ള പരിസ്‌ഥിതി മലിനീകരണങ്ങള്‍ തുടങ്ങിയവ സൃഷ്‌ടിക്കുന്ന ജീവഹത്യ വ്യാപകമാണ്. ഇന്നു ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ നാളെ ഇവിടെ ജീവിക്കാനുള്ളവരെക്കുറിച്ച് കരുതലോടെ ജീവിക്കണം. ഭൂമിയില്‍ കൃഷി ചെയ്യാനും കാത്തു സൂക്ഷിക്കാനുമാണ് ദൈവം മനുഷ്യനെ ഏല്‍പ്പിച്ചത്, കുത്തിക്കവരാനും മലിനമാക്കാനുമല്ല. പാരിസ്‌ഥിതിക പ്രശ്‌നം ധാര്‍മിക പ്രശ്‌നമാണ്. മണ്ണും വായുവും വെളളവും സ്വകാര്യമോ സംഘാതമോ ആയ ആര്‍ത്തിയുടെയും ആധിപത്യത്തിന്റെയും വിഷയമാക്കാതെ ലളിത ജീവിത ശൈലി സ്വീകരിക്കാനും എല്ലാ മണ്ഡലങ്ങളിലും അതു നടപ്പാക്കാനും സഭ ശ്രമിക്കും. ജീവനെ സംരക്ഷിക്കേണ്ട സാമൂഹിക സാംസ്‌കാരിക ക്രമം സൃഷ്‌ടിക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്. എന്നാല്‍ രാഷ്‌ട്രത്തിന്റെ നിയമങ്ങള്‍ അനീതികള്‍, ലൈംഗിക അരാജകത്വം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം, വാടക ഗര്‍ഭപാത്രം, മദ്യപാനം തുടങ്ങിയവയ്‌ക്കു ലൈസന്‍സ് നല്‍കുന്ന വിധമായി മാറുന്നത് ഗൗരവകരമാണ്. രാഷ്‌ട്രീയ പാര്‍ട്ടികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും ജീവന്റെ പക്ഷത്താണ് നില്‍ക്കേണ്ടതെന്ന് അസംബ്ലി അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ഫാ. പോള്‍ തേലക്കാട്ട്, ഫാ. ജസ്‌റ്റിന്‍ വെട്ടുകല്ലേല്‍, അഡ്വ. ജോസ് വിതയത്തില്‍ എന്നിവര്‍ പങ്കെടുത്തു. | ||
| E-mail to a friend (mangalam) |
Sunday, August 22, 2010
സീറോ മലബാര്‍ സഭ
Subscribe to:
Post Comments (Atom)
No comments:
Post a Comment