ലിബിയയിലെ പീഡനം: ഒരു സര്‍ക്കാറും സഹായിച്ചില്ലെന്ന് മടങ്ങിയെത്തിയവര്‍
Posted on: 22 Aug 2010
കോഴിക്കോട്: ഒരു വര്‍ഷത്തോളം ജോലിയും ഭക്ഷണവും പോലുമില്ലാതെ ദുരിതമനുഭവിച്ചിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സഹായമൊന്നും ചെയ്തില്ലെന്ന് ലിബിയയില്‍നിന്ന് നാട്ടിലെത്തിയ മലയാളികള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്താണ് ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചതെന്നാണ് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞത്. എന്നാല്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി തങ്ങളെ തിരിഞ്ഞു നോക്കിയതുപോലുമില്ലെന്നും സ്വന്തം ചെലവിലാണ് എല്ലാവരും നാട്ടിലെത്തിയതെന്നും അവര്‍ പറഞ്ഞു.
2007-ലാണ് 'അല്‍ - സറഫ' എന്ന ട്രാവല്‍ ഏജന്‍സി വഴി 54 പേര്‍ ലിബിയയില്‍ ജോലിക്കായി പോയത്. രണ്ടുവര്‍ഷത്തോളം അവിടെ കൃത്യമായി ജോലി ലഭിച്ചു. കമ്പനി പ്രവര്‍ത്തനം നിലച്ചപ്പോള്‍ ജീവിതം ദുരിതമായി. ആദ്യമാസങ്ങളില്‍ ഭക്ഷണം നല്‍കിയ കമ്പനി പിന്നീട് അതും നല്‍കാതായി. വെള്ളവും വൈദ്യുതിയും ഇല്ലാതെ ലേബര്‍ ക്യാമ്പില്‍ കടുത്ത ദുരിതമനുഭവിക്കേണ്ടിവന്നു. പലര്‍ക്കും രോഗം പിടിപെട്ടു. വെറും കഞ്ഞി മാത്രം കുടിച്ച് ജീവിതം നിലനിര്‍ത്തേണ്ടിവന്നു. ഭക്ഷണം പാകം ചെയ്യാനുള്ള തീ കത്തിക്കാന്‍ പോലും ലിബിയന്‍ പട്ടാളം അനുവദിച്ചില്ല.
ദുരിതത്തില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്താന്‍ സഹായം തേടി പലതവണ ലബിയയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. തങ്ങള്‍ ഇന്ത്യക്കാരാണോയെന്നു പോലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു.
100 കിലോമീറ്ററോളം ടാക്‌സി വിളിച്ച് എംബസിയിലെത്തിയിട്ടും അകത്തേക്ക് കടക്കാന്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
അതേസമയം എംബസി പോലുമില്ലാതിരുന്നിട്ടും തായ്‌ലന്‍ഡില്‍നിന്ന് പ്രത്യേക പ്രതിനിധി സംഘം വന്ന് അവരുടെ നാട്ടുകാരെ കൊണ്ടുപോയി. പാകിസ്താനികളായ തൊഴിലാളികള്‍ക്ക് അവരുടെ എംബസി ഭക്ഷണം പോലും എത്തിച്ചു കൊടുത്തു. ഫിലിപ്പീന്‍സും ഇന്‍ഡൊനീഷ്യയുമെല്ലാം അവരുടെ പൗരന്മാരരെ നാട്ടിലെത്തിക്കാന്‍ സഹായം ചെയ്തു.
പലരും രോഗികളായിട്ടുപോലും സഹായം എത്തിക്കാന്‍ ഇന്ത്യന്‍ എംബസി മുതിര്‍ന്നില്ല. കമ്പനിയില്‍ ജോലിക്ക് വന്ന ഒരു പഞ്ചാബി മരിച്ചപ്പോള്‍ മൃതദേഹത്തിന്റെ കൂടെ ആരെയും അയച്ചില്ല.
ഒരുവര്‍ഷം കേന്ദ്രസര്‍ക്കാറിന്റെ സഹായവും കാത്ത് പ്രതീക്ഷയോടെ നിന്ന തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി കോഴിക്കാട്ടുകാരനായ വി. ഗണേഷ്‌കുമാര്‍ പറഞ്ഞു. ബന്ധുക്കളും കര്‍മസമിതി പ്രവര്‍ത്തകരും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിട്ടും പ്രവാസികാര്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരില്‍ക്കണ്ട് പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ല. തങ്ങള്‍ ജോലി ചെയ്ത കമ്പനിയിലെ ഒരുദ്യോഗസ്ഥന്റെ സഹായത്തോടെയാണ് നാട്ടിലേക്ക് പോരാനായത്. കമ്പനി നാലുമാസത്തെ ശമ്പള കുടിശ്ശിക അവസാനം തന്നതും യാത്രച്ചെലവ് കണ്ടെത്താന്‍ സഹായകമായി. കേന്ദ്രസര്‍ക്കാറിനെയും ട്രാവല്‍ ഏജന്‍സിയെയും പ്രതിചേര്‍ത്ത് കേസ് കൊടുക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
(mathrubhumi)
No comments:
Post a Comment