ലോക റെക്കോഡുമായി സ്‌നേഹപ്പൂക്കളം 
Posted on: 22 Aug 2010
കോഴിക്കോട്: ഏഴു വന്‍കരകളെ കുറിക്കാന്‍ ഏഴിനം പൂക്കള്‍കൊണ്ട് ആയിരത്തോളമാളുകള്‍ നാനൂറ് കളങ്ങളിലായി തീര്‍ത്ത കോഴിക്കോടിന്റെ പടുകൂറ്റന്‍ സ്‌നേഹപ്പൂക്കളം ഗിന്നസ് റെക്കോഡിലേക്ക്.
ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോടിന്റെ സൗഹൃദപ്പെരുമ വിളംബരം ചെയ്ത് പൂക്കളം ഒരുങ്ങിയത്. രണ്ടു മണിക്കൂറും എട്ടു മിനിറ്റുമെടുത്താണ് സ്വപ്നനഗരിയില്‍ 17,662 ചതുരശ്രഅടി വിസ്തീര്‍ണമുള്ള പൂക്കളം പൂര്‍ത്തിയായത്. വിധികര്‍ത്താക്കളായ മേയര്‍ എം.ഭാസ്‌കരന്‍, എം.കെ.രാഘവന്‍ എം.പി., ജില്ലാ ജഡ്ജി എം.പി.ഇസ്മയില്‍ എന്നിവര്‍ ഏറ്റവും വേഗത്തില്‍ തീര്‍ത്തതും ഏറ്റവും വലിയതുമായ പൂക്കളത്തിനുള്ള ലോകറെക്കോഡ്, കോഴിക്കോട്ടെ സ്‌നേഹപ്പൂക്കളം സ്വന്തമാക്കിയതായി പ്രഖ്യാപിച്ചു.
സാമൂതിരി പി.കെ.എസ്.രാജ, മുഖ്യഖാസി കെ.വി.ഇമ്പിച്ചഹമ്മദ്, ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍, മന്ത്രി എളമരം കരീം, മേയര്‍ എം.ഭാസ്‌കരന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കളക്ടര്‍ പി.ബി.സലീം തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ കളത്തിലേക്ക് പൂവിതറിയാണ് തുടക്കംകുറിച്ചത്. 10.30ന് തുടങ്ങിയ കളമൊരുക്കല്‍ 12.38ന് പൂര്‍ത്തിയായി.
ചെട്ടി, അരളി, മുല്ല, കോഴിപ്പൂവ്, ട്യൂബ്‌റോസ്, വാടാമല്ലി, ജമന്തി എന്നീ പൂക്കള്‍ക്കൊണ്ടാണ് കളമൊരുക്കിയത്. പതിനഞ്ച് ടണ്‍ പൂക്കള്‍ ഇതിനായി ഉപയോഗിച്ചു. പൂക്കളത്തെ 400 കളങ്ങളാക്കി തിരിച്ച് ഓരോ കള്ളിയും ഓരോ ടീമിനെ ഏല്പിച്ചു. നൂറ് ടീമുകളാണ് പൂവിട്ടത്. മുപ്പതോളം ചിത്രകലാധ്യാപകര്‍ മേല്‍നോട്ടം വഹിച്ചു. സി.കെ.സുരേഷ് ആണ് പൂക്കളത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. 14,400 ചതുരശ്ര അടിയില്‍ തൃശ്ശൂരില്‍ തയ്യാറാക്കിയ പൂക്കളമാണ് നിലവില്‍ ഗിന്നസ് റെക്കോഡ് പ്രകാരം ഏറ്റവും വലിയ പൂക്കളം. മൂന്നുമണിക്കൂര്‍കൊണ്ടാണ് ഇത് തയ്യാറാക്കിയത്. കൊച്ചിയില്‍ ജനമൈത്രി പോലീസ് 13,500 ചതുരശ്ര അടിയുള്ള പൂക്കളം ഒരുക്കിയിരുന്നു.
ഇവയൊക്കെ മറികടന്നാണ് കോഴിക്കോടിന്റെ മാനവമൈത്രിയുടെ സ്‌നേഹപ്പൂക്കളം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. കേരള സോപ്‌സിന്റെയും മാതൃഭൂമിയുടെയും സഹകരണത്തോടെയാണ് സ്‌നേഹപ്പൂക്കളം തയ്യാറാക്കിയത്. സമാധാനത്തിന്റെയും മാനവികഐക്യത്തിന്റെയും സൗന്ദര്യം വിളംബരം ചെയ്യുന്ന പൂക്കളം തീര്‍ക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയതും ആവേശമായി. പൂക്കളത്തിന്റെ ചിത്രങ്ങളും മറ്റും പരിശോധിച്ചശേഷം ഗിന്നസ് അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ഉത്രാടനാളിലും തിരുവോണനാളിലും പൊതുജനങ്ങള്‍ക്ക് പൂക്കളം കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
നിറച്ചാര്‍ത്തൊരുക്കാന്‍ ആയിരങ്ങള്‍
കോഴിക്കോട്: മാനവ മൈത്രിയുടെ ഇഴചേര്‍ത്ത് സ്വപ്നനഗരിയില്‍ പടുകൂറ്റന്‍ പൂക്കളം തീര്‍ക്കാന്‍ സ്വപ്നനഗരിയിലേക്ക് ഒഴുകിയത് വന്‍ജനാവലി. ജില്ലയിലെ പ്രമുഖ സാംസ്‌കാരിക സാമൂഹിക, മതസംഘടനകളും കോഴിക്കോട് പൗരാവലിയോടൊപ്പം പൂക്കളം തീര്‍ക്കാന്‍ സഹകരിച്ചു. കര്‍മ, സദ്ഗമയ, ദേശപോഷിണി കലാസമിതി, ഓയിസ്‌ക ഇന്‍റര്‍നാഷണല്‍, സ്വദേശി മര്‍മര്‍ ഇറ്റാലിയ (ഫറോക്ക്), ഓഫീസേഴ്‌സ് ക്ലബ്, സിയസ്‌കോ, ഖാസി ഫൗണ്ടേഷന്‍, ലവേഴ്‌സ് ഓഫ് സിനിമ, പയ്യോളി നൃത്താഞ്ജലി, സിറ്റി മെഹഫില്‍ (കോട്ടപ്പറമ്പ്), ജൂനിയര്‍ റെഡ്‌ക്രോസ്, കുടുംബശ്രീ, ഐ.എം.എ. വിമന്‍സ് വിങ്, ഐ.എം.എ. കള്‍ച്ചറല്‍ വിങ്, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, പുളിക്കല്‍ അയല്‍പക്കവേദി, ശാന്തിനഗര്‍ ഹൗസിങ് കോളനി, നെഹ്രു യുവകേന്ദ്ര, ഡ്രസി കണ്‍സ്യൂമര്‍ അസോസിയേഷന്‍, ഫോക്കസ് ക്ലബ് (ചാലിയം), എന്‍.ജി.ഒ. യൂണിയന്‍, എന്‍.ജി.ഒ. അസോസിയേഷന്‍, യൂണിവേഴ്‌സല്‍ ആര്‍ട്‌സ്, ജോയന്‍റ് കൗണ്‍സില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലനിക്ക്, കാലിക്കറ്റ് ചേംബര്‍, മഞ്ജുഭാഷ, സുഭാഷ് കലാവേദി നടുവട്ടം, കേരള ബ്ലഡ് ഡൊണേഴ്‌സ് ഫോറം, ഓയിസ്‌ക സൗത്ത് ഇന്ത്യ, എസ്.കെ. സാംസ്‌കാരിക കേന്ദ്രം, എസ്. ബക്‌സ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ആഫ്റ്റര്‍ കെയര്‍ ഹോം, ജുവനൈല്‍ ഹോം, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മഹിളാ മന്ദിരം, പി.ആര്‍.ടി.സി, റെഡ് ക്രോസ്, കേരള പോലീസ്, റവന്യൂ റിക്രിയേഷന്‍ ക്ലബ്, ചാലപ്പുറം ദേശരക്ഷാ സമിതി, ഇന്നര്‍ വീല്‍ ക്ലബ്, പൂക്കാട് കലാലയം, കഥകളി വിദ്യാലയം, എഫാസ് വടകര, മാതാ പേരാമ്പ്ര, നന്മ കോഴിക്കോട്, മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, ബാര്‍ അസോസിയേഷന്‍, പി.ഡബ്ല്യു.ഡി. ബില്‍ഡിങ്‌സ് ഡിവിഷന്‍, തേജസ് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, പാഞ്ചജന്യം മഹിളാ സമാജം, എന്‍.ജി.ഒ. അസോസിയേഷന്‍, സ്വാഭിമാന്‍, കുട്ടീസ് ഓര്‍ക്കസ്ട്ര, അന്വേഷി കള്‍ച്ചറല്‍ വിങ്, തിരുവണ്ണൂര്‍ സ്വാതി മ്യൂസിക്, ഡോക്ടേഴ്‌സ് മ്യൂസിക് ക്ലബ്, സാന്ത്വനം തുടങ്ങിയവയും നഗരത്തിലെ കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവയുമാണ് പൂക്കളത്തില്‍ പങ്കാളികളായിരുന്നത്.
പൂക്കളത്തിന് ചുറ്റുമുള്ള നാല് വേദികളിലായി വിവിധ കലാസാംസ്‌കാരിക സംഘടനകള്‍ കലാപരിപാടികള്‍ ഒരുക്കി. കേരള ജനവേദി, ഗാര്‍ഗി പ്രകാശന്‍, ഓയിസ്‌ക, സിറ്റിമെഹഫില്‍, സദ്ഗമയ, വി.എം.കുട്ടി, സ്വരലയ, ധ്വനിതരംഗ്, കലാന്യ, ഗോപിക, വി.ടി. മുരളി, തീര്‍ഥ, മുസ്തഫ വീര്‍കണ്ടി എന്നിവരാണ് കലാപരിപാടികള്‍ ഒരുക്കിയത് (mathrubhumi)
(read more and see the video at mathrubhumi.com).
No comments:
Post a Comment