കോംഗോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത് 240 പേര്‍
Posted on: 04 Sep 2010
ലുവുങ്കി: കോംഗോ ജനാധിപത്യ റിപ്പബ്ലിക്കില്‍ വിമതര്‍ നിയന്ത്രണം സ്ഥാപിച്ച ലുവുങ്കി നഗരത്തില്‍ സ്ത്രീകളും കുട്ടികളും ശിശുക്കളുമടക്കം കൂട്ട ബലാത്സംഗത്തിന് ഇരയായവരുടെ എണ്ണം 240 കവിയുമെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. ലോകത്തെ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിളിപ്പേര്‍ ലഭിച്ച കോംഗോയിലെ ഈ നഗരത്തില്‍നിന്ന് 150 ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വിമതരുടെ ആക്രമണത്തില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കോംഗോയിലെ ഐക്യരാഷ്ട്രസഭ സമാധാനസേന വ്യാപകമായ വിമര്‍ശനം നേരിടുന്നുണ്ട്. അക്രമികള്‍ നഗരംവിട്ട് പത്ത് ദിവസത്തിനുശേഷം മാത്രമാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്ന് സമാധാന സേന പറയുന്നു.
കൂട്ട ബലാത്സംഗത്തിന്റെ വിവരം പുറത്ത് വന്നതോടെ ഐക്യരാഷ്ട്ര രക്ഷാസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രത്യേക ദൂതനെ കോംഗോയിലേക്ക് അയച്ചു. ജൂലായ് 30-നാണ് വിമതര്‍ ലുവുങ്കി പട്ടണം കൈയേറിയത്. നാല് ദിവസം ഇവര്‍ നഗരത്തില്‍ അക്രമം അഴിച്ചുവിട്ടു.
2003-ല്‍ ആരംഭിച്ച് അഞ്ച് വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിച്ചിട്ടും കോംഗോയില്‍ അരങ്ങേറുന്ന കലാപത്തിലെ മുഖ്യായുധമാണ് അതിക്രൂരമായ കൂട്ട ബലാത്സംഗങ്ങള്‍. ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ദൂതന്‍ മാര്‍ഗോട്ട് വാള്‍സ്റ്റോമാണ് കോംഗോയെ ലോകത്തിലെ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിച്ചത്. ഭര്‍ത്താവിന്റെയും കുട്ടികളുടെയും മുന്നില്‍വെച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്ത നിരവധി സംഭവങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. (mathrubhumi)
No comments:
Post a Comment