Saturday, September 4, 2010

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-ദക്ഷിണകൊറിയ കരാര്‍
Posted on: 04 Sep 2010

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിന് വഴിവെക്കുന്ന രണ്ടുധാരണാപത്രങ്ങളില്‍ ഇന്ത്യയും ദക്ഷിണ കൊറിയയും വെള്ളിയാഴ്ച ഒപ്പിട്ടു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിംതേയങ്ങും പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും നയിച്ച പ്രതിനിധി സംഘങ്ങളാണ് സോളില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്.

പ്രതിരോധ സംബന്ധിയായ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ചാണ് ആദ്യ ധാരണാപത്രം. സൈനികോദ്യോഗസ്ഥരും വിദഗ്ധരും പ്രതിരോധവുമായി ബന്ധപ്പെട്ട സിവിലിയന്‍ സ്റ്റാഫും പരസ്​പര സന്ദര്‍ശനങ്ങള്‍ നടത്തും. മാനുഷിക സഹായം, അന്താരാഷ്ട്ര സമാധാന പ്രവര്‍ത്തനങ്ങള്‍, ഇവയിലെ സഹകരണവും അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ഈ ധാരണാപത്രത്തിലുണ്ട്. 

ഡി.ആര്‍.ഡി.ഒ. ചീഫ് കണ്‍ട്രോളര്‍ ഡോ. പ്രഹ്ലാദയും ദക്ഷിണ കൊറിയയിലെ ഡിഫന്‍സ് അക്വിസിഷന്‍ ഏജന്‍സിയുടെ വൈസ് കമ്മീഷണര്‍ ക്വോന്‍ ഓബോങ്ങുമാണ് രണ്ടാമത്തെ ധാരാണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങള്‍ക്കും പരസ്​പര താത്പര്യമുള്ള പ്രതിരോധ സാങ്കേതിക രംഗങ്ങളില്‍ ഭാവി സഹകരണത്തിന്റെ മേഖല കണ്ടെത്തുകയും യോജിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണിതില്‍. പ്രതിരോധോത്പന്നങ്ങളുടെ സംയുക്ത വികസനവും ഇതിലുള്‍പ്പെടുന്നു.

തന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് എ.കെ.ആന്‍റണി അഭിപ്രായപ്പെട്ടു. സമുദ്ര സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പതിവായ വിനിമയങ്ങള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

No comments:

Post a Comment