Saturday, September 4, 2010


പ്രൊഫ. ജോസഫിനെതിരായ നടപടി സ്വാഭാവികം CBCI
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ പുറത്താക്കിയതിനെ കാത്തലിക്‌ ബിഷപ്പ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ന്യായീകരിച്ചു. ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ തീരുമാനം. നടപടിക്കു പിന്നില്‍ തക്കതായ കാരണമുണ്ട്‌ . ഒരു വ്യക്‌തി സമൂഹത്തില്‍ ഭിന്നത സൃഷ്‌ടിച്ചാല്‍ നടപടിയെടുക്കേണ്ടതുണ്ടെന്ന്‌ CBCI വക്‌താവ്‌ ഡല്‍ഹിയില്‍ പറഞ്ഞു. എന്ന പ്രൊഫ. ജോസഫിനെ സമുദായം കൈവിട്ടിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ അക്രമികള്‍ കൈവട്ടിമാറ്റിയ അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്‌ .
(mangalam)

മുസ്ലിം സമുദായം ക്ഷമിച്ചാല്‍ അധ്യാപകനെ തിരിച്ചെടുക്കും: മാനേജ്‌മെന്റ്‌
മൂവാറ്റുപുഴ: വിവാദമുണ്ടാകുമെന്നറിഞ്ഞിട്ടും മതനിന്ദയുള്ള ചോദ്യപേപ്പര്‍ പിന്‍വലിക്കാത്തതുകൊണ്ടാണ്‌ പ്രൊഫ. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടതെന്ന്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ മാനേജ്‌മെന്റ്‌. മുസ്ലിം സമുദായമാണ്‌ പ്രൊഫസറോടു ക്ഷമിക്കേണ്ടത്‌. സമുദായമോ കോടതിയോ ആവശ്യപ്പെട്ടാന്‍ നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും കോളജ്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. അധ്യാപകന്‌ കോടതിയെ സമീപിക്കാനുള്ള പൂര്‍ണ അധികാരമുണ്ടെന്നും മാനേജ്‌മെന്റ്‌ വ്യക്‌തമാക്കി (mangalam)

'പ്രഫ. ജോസഫിനെ പിരിച്ചുവിടുന്നു ?

ഇടുക്കി: വിവാദ പരീക്ഷാചോദ്യത്തിന്റെ പേരില്‍അക്രമികള്‍ കൈപ്പത്തി വെട്ടിയ പ്രഫ. ടി.ജെ. ജോസഫിനെ പിരിച്ചുവിടാന്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധികൃതര്‍ തീരുമാനിച്ചതായി സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന്‌ അറിയുന്നു.

ചോദ്യവിവാദത്തില്‍ പോലീസ്‌ കേസെടുത്തതിനേത്തുടര്‍ന്ന്‌ ജോസഫിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ഹൈക്കോടതിയിലെഅഭിഭാഷകനെ നിയോഗിച്ചു നടത്തിയ ആഭ്യന്തര അന്വേഷണത്തേത്തുടര്‍ന്നാണു പിരിച്ചുവിടാനുള്ള തീരുമാനം.

വിവാദ ചോദ്യക്കടലാസ്‌ തയാറാക്കിയതില്‍ ജോസഫ്‌ ഗുരുതരവീഴ്‌ച വരുത്തിയെന്നു കോളജ്‌ അധികൃതര്‍ വിലയിരുത്തുന്നു. മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയതിനെപ്പറ്റി മാനേജ്‌മെന്റിനെയോ പ്രിന്‍സിപ്പലിനെയോ അദ്ദേഹം അറിയിച്ചിരുന്നില്ലത്രേ. ഈ ചോദ്യത്തിന്‌ ഉത്തരമെഴുതാന്‍ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന്‌ ഒരു മുസ്ലിം വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ രേഖപ്പെടുത്തി. 'അനുജന്‍', 'ജ്യേഷ്‌ഠന്‍' തുടങ്ങിയ സംജ്‌ഞകള്‍ ഉപയോഗിച്ചാണ്‌ ഈ വിദ്യാര്‍ഥി ഉത്തരമെഴുതിയത്‌. ഈ ഉത്തരം കണ്ടിട്ടും വിവരമറിയിക്കാന്‍ അധ്യാപകന്‍ തയാറാകാതിരുന്നതു ഗുരുതരവീഴ്‌ചയാണെന്നാണ്‌ അധികൃതരുടെ നിലപാട്‌.

വിവാദചോദ്യം ന്യൂമാന്‍ കോളജിന്റെയും മറ്റു സഭാസ്‌ഥാപനങ്ങളുടെയും സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തിയെന്നും തൊടുപുഴയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിക്കത്തക്ക ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കിയെന്നും ആരോപിച്ചാണു ജോസഫിനെതിരേ കോളജ്‌ മാനേജ്‌മെന്റ്‌ കടുത്ത നടപടിയെടുക്കുന്നത്‌.

അധ്യാപകന്‍ എഴുതാന്‍ പഠിപ്പിക്കുകയാണ്‌, ഇടംകൈയെ

മൂവാറ്റുപുഴ: 'നന്ദി, വളരെ നന്ദി...എല്ലാവര്‍ക്കും'-അറ്റുപോയ നാലു വിരല്‍ തുന്നിച്ചേര്‍ത്ത ഇടംകൈകൊണ്ട്‌ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫ്‌ ഏറെ ക്ലേശിച്ച്‌ എഴുതി.

വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നാണു ബൈബിള്‍ വചനം. എന്നാല്‍, വലതുകൈ ചെയ്‌തിരുന്നതൊക്കെ ജോസഫ്‌ ഇടതുകൈയെ 'പഠിപ്പിക്കു'കയാണ്‌- എഴുതാനും ഭക്ഷണം കഴിക്കാനുമെല്ലാം. ചോദ്യവിവാദത്തിന്റെ പേരില്‍ മതാന്ധര്‍ വെട്ടിമാറ്റിയ വലതുകൈയുടെ ഭാവി ചോദ്യചിഹ്നമായതോടെയാണ്‌ ജോസഫ്‌ അല്‍പ്പം ജീവന്‍ അവശേഷിക്കുന്ന ഇടതുകൈയെ മെരുക്കാന്‍ ശ്രമിക്കുന്നത്‌.

പാലാരിവട്ടത്തുള്ള ഫിസിയോതെറാപ്പി ആശുപത്രിയിലെ വിദഗ്‌ധരുടെ നിര്‍ദേശപ്രകാരമാണു തുടര്‍ന്നുള്ള ജീവിതത്തിന്‌ ഇടതുകൈയെ കൂട്ടുപിടിക്കാന്‍ ജോസഫ്‌ ശ്രമിക്കുന്നത്‌. രണ്ടുമാസം മുമ്പു ഛേദിക്കപ്പെട്ട വലംകൈ ശരീരവുമായി പൊരുത്തപ്പെടാന്‍ മടിക്കുന്നു.

പഴയപടിയാകാന്‍ സാധ്യതയകലെ. ഭക്ഷണം കഴിക്കാനും എഴുതാനും ബലമായി പിടിക്കാനുമൊക്കെ ഇനി ഇടതുകൈ താങ്ങണം.

കഴിഞ്ഞദിവസമാണ്‌ ഇടതുകൈയിലെയും ഇടതു കാലിലെയും പ്ലാസ്‌റ്റര്‍ മാറ്റിയത്‌. തുടര്‍ന്നു കൈവിരലിനു ഫിസിയോതെറാപ്പി തുടങ്ങി. ആക്രമണത്തില്‍ ഇടതു കൈയിലെ ചെറുവിരല്‍, മോതിരവിരല്‍, നടുവിരല്‍ എന്നിവയും അറ്റിരുന്നു. ചൂണ്ടുവിരലിന്‌ ആഴത്തില്‍ മുറിവേറ്റു. ഫിസിയോ തെറാപ്പിക്കു വിധേയനാകുമ്പോള്‍ അസഹ്യവേദനയുണ്ട്‌. അക്ഷരങ്ങളാണ്‌ ആദ്യമെഴുതിച്ചത്‌. പിന്നെ ഭക്ഷണം സ്‌പൂണ്‍കൊണ്ട്‌ എടുത്തു സ്വയം കഴിക്കാന്‍ ശ്രമം നടത്തി. ഇതിലൊക്കെ നല്ല പുരോഗതിയുണ്ടെന്നു ജോസഫിനൊപ്പം എപ്പോഴും കൂടെയുള്ള സഹോദരി സിസ്‌റ്റര്‍ സ്‌റ്റെല്ല പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ടുപേജ്‌ നിറയെ വരയിടുവിച്ചു. ഇംഗ്‌ളീഷ്‌ അക്ഷരമാലയുടെ 'ഹോം വര്‍ക്കാ'ണ്‌ ഇന്നലെ ഡോക്‌ടര്‍ നല്‍കിയത്‌.

കഴിഞ്ഞദിവസം ജോസഫ്‌ കഷ്‌ടിച്ച്‌ തനിയെ എഴുന്നേറ്റു നിന്നു. ഇടതുകൈ പതിയെ ഭിത്തിയില്‍ സ്‌പര്‍ശിച്ചാണു പിടിച്ചുനിന്നത്‌. എങ്കിലും വീല്‍ചെയറില്‍നിന്നുള്ള മോചനം അത്ര വേഗത്തിലാകില്ല. ഇപ്പോള്‍ അതിഥികളെ കാണാനും സംസാരിക്കാനും ഡ്രോയിംഗ്‌ റൂം വരെ വീല്‍ചെയറില്‍ കൊണ്ടുപോകും.

എല്ലാ ദിവസവും മൂവാറ്റുപുഴയില്‍നിന്നു പോലീസ്‌ അകമ്പടിയോടെയാണു 40 കി.മീ. അകലെ പാലാരിവട്ടത്തുള്ള ആശുപത്രിയില്‍ പോകുന്നത്‌. പ്രതിദിനം 1500 രൂപയോളം ചെലവുണ്ട്‌. കിടന്നു ചികിത്സിക്കാന്‍ അസൗകര്യമേറെയുള്ളതിനാലാണ്‌ എന്നും പോയിവരുന്നത്‌.

പള്ളിയില്‍നിന്നു വരുമ്പോള്‍ അക്രമികള്‍ തകര്‍ത്ത ജോസഫിന്റെ കറുത്ത വാഗണ്‍ആര്‍ നന്നാക്കിയെടുത്ത്‌ അതിലാണു യാത്ര. സഹോദരീപുത്രന്‍ ജോബിയാണ്‌ വണ്ടിയോടിക്കുന്നത്‌. എറണാകുളത്ത്‌ കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി രാജിവച്ചാണു ജോബി അമ്മാവനെ ശുശ്രൂഷിക്കുന്നത്‌. (mangalam)

================================================================

No comments:

Post a Comment