Monday, September 27, 2010

അഴിമതി നമ്മുടെ ശാപം !

വ്യവസായികള്‍ക്കു കോടികളുടെ ഇളവ്‌ ഉപകാരസ്‌മരണ
തിരുവനന്തപുരം: സര്‍വീസ്‌ കണക്ഷന്‍ ചാര്‍ജില്‍ വ്യവസായികള്‍ക്കു കോടികളുടെ ഇളവ്‌ അനുവദിക്കാനുള്ള സംസ്‌ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനു പിന്നില്‍ ഉപകാരസ്‌മരണ. 

ഫോറം ഓഫ്‌ ഇന്ത്യന്‍ റെഗുലേറ്ററീസ്‌ എന്ന പേരില്‍ കഴിഞ്ഞ ദിവസം കോവളത്തു വിവിധ റെഗുലേറ്ററി കമ്മിഷനുകളുടെ യോഗം സ്‌പോണ്‍സര്‍ ചെയ്‌തതു വ്യവസായികളുടെ അസോസിയേഷനാണ്‌. വ്യവസായികള്‍ക്കു വന്‍തോതിലുള്ള ഇളവു നല്‍കാനുള്ള കമ്മിഷന്റെ ഉത്തരവ്‌ ഈ സ്‌പോണ്‍സര്‍ഷിപ്പിനുള്ള പ്രത്യുപകാരമായിരുന്നു.

വിവിധ സംസ്‌ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളുടെ യോഗമാണ്‌ 24,25 തീയതികളില്‍ കോവളത്തു നടന്നത്‌. ഇത്തരം യോഗങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പും ചെലവും അതതു സംസ്‌ഥാനത്തെ വൈദ്യുതി ബോര്‍ഡോ വൈദ്യുതി വിതരണ കമ്പനികളോ ഏറ്റെടുക്കുകയാണു പതിവ്‌. കേരളത്തില്‍ വൈദ്യുതി ബോര്‍ഡുമായി ശക്‌തമായ ശീതസമരം നിലനില്‍ക്കുന്നതിനാല്‍ യോഗത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി കമ്മിഷന്‍ ബോര്‍ഡിനെ സമീപിച്ചില്ല. ബോര്‍ഡ്‌ സ്വമേധയാ സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ്‌ ലക്ഷങ്ങള്‍ ചെലവുവരുന്ന യോഗത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്‌ ഏറ്റെടുക്കാമെന്നു വ്യവസായികളുടെ സംഘടനയായ എച്ച്‌.ടി, ഇ.എച്ച്‌.ടി കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ വാക്കുനല്‍കിയത്‌.

വ്യവസായികള്‍ ഏറെ മുമ്പു നല്‍കിയിരുന്ന അപേക്ഷയില്‍ അവര്‍ക്ക്‌ അനുകൂലമായി കമ്മിഷന്‍ തീരുമാനമെടുത്തത്‌ ഇതിനു പ്രത്യുപകാരമായാണ്‌.

ഈ അപേക്ഷയുടെ കാര്യം പറഞ്ഞാണ്‌ അസോസിയേഷന്‍ അംഗങ്ങളില്‍നിന്നു പണം പിരിച്ചതെന്നാണു സൂചന. ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മിഷന്‍ വ്യവസായികളുടെ അസോസിയേഷന്റെ സ്‌പോണ്‍സര്‍ഷിപ്പ്‌ സ്വീകരിക്കുന്നത്‌ ആദ്യമായാണ്‌. സര്‍വീസ്‌ കണക്ഷന്‍ നിരക്ക്‌ കുറയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഈ വര്‍ഷമാദ്യം വ്യവസായികളുടെ അസോസിയേഷന്‍ റെഗുലേറ്ററി കമ്മിഷന്‌ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ മാര്‍ച്ച്‌ രണ്ടിനു കമ്മിഷന്‍ പൊതുതെളിവെടുപ്പു നടത്തി. വ്യവസായികള്‍ ആവശ്യപ്പെട്ട രീതിയില്‍ നിരക്കു കുറയ്‌ക്കാന്‍ കഴിയില്ലെന്നും നിരക്ക്‌ നിശ്‌ചയിക്കാനുള്ള മാനദണ്ഡം മാറ്റുന്നത്‌ അപ്രായോഗികമാണെന്നും വൈദ്യുതി ബോര്‍ഡ്‌ രേഖകള്‍ സഹിതം സമര്‍ഥിച്ചു. തുടര്‍ന്ന്‌ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതു കമ്മിഷന്‍ ഉപേക്ഷിക്കുകയായിരുന്നു.

കമ്മിഷനു ലഭിക്കുന്ന അപേക്ഷകളില്‍ നാലു മാസത്തിനകം തീരുമാനമെടുക്കുകയാണു പതിവ്‌.

പൊതുതെളിവെടുപ്പു പൂര്‍ത്തിയായ അപേക്ഷയാണെങ്കില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ തീരുമാനമെടുക്കും. കഴമ്പില്ലെന്നു കണ്ടെത്തുന്ന അപേക്ഷകള്‍ അങ്ങനെ തീര്‍പ്പാക്കുകയും ചെയ്യും. ഈ രീതിയില്‍ മാര്‍ച്ച്‌ രണ്ടിനു തെളിവെടുപ്പ്‌ കഴിഞ്ഞ അപേക്ഷ കമ്മിഷന്‍ ഉപേക്ഷിക്കുകയായിരുന്നു. റെഗുലേറ്ററി കമ്മിഷനുകളുടെ യോഗം സ്‌പോണ്‍സര്‍ ചെയ്യാമെന്നു വ്യവസായികള്‍ ഏറ്റതോടെ പഴയ അപേക്ഷ കമ്മിഷന്‍ പൊടിതട്ടിയെടുത്തു.

പൊതുതെളിവെടുപ്പു നടന്ന്‌ ആറു മാസത്തിനു ശേഷമായിരുന്നു ഇത്‌. വ്യവസായികള്‍ക്ക്‌ ഇളവു നല്‍കാന്‍ കഴിഞ്ഞ 17ന്‌ ഉത്തരവിടുകയും ചെയ്‌തു. ഇതുമൂലം ബോര്‍ഡിനുണ്ടാകുന്ന 400 കോടിയോളം രൂപയുടെ ബാധ്യത സാധാരണക്കാരന്റെ ചുമലിലാകും പതിക്കുക.

റെഗുലേറ്ററി കമ്മിഷനുകളുടെ യോഗത്തിന്റെ ചെലവു വഹിക്കാനുള്ള സാമ്പത്തികഭദ്രത സംസ്‌ഥാന റെഗുലേറ്ററി കമ്മിഷനില്ല. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട്‌ മാത്രമാണു കമ്മിഷന്റെ ആശ്രയം. ബോര്‍ഡിന്റെ പക്കല്‍നിന്നു വിതരണ, പ്രസരണ ലൈസന്‍സ്‌ ഫീസ്‌ ആവശ്യപ്പെട്ടെങ്കിലും ബോര്‍ഡ്‌ അതു നല്‍കിയില്ല. ഈ സാഹചര്യം മുതലെടുത്താണു വ്യവസായികളുടെ അസോസിയേഷന്‍ കമ്മിഷനെ സ്വാധീനിച്ചത്‌. --
 വി.എ.  ഗിരീഷ്‌ (mangalam)



No comments:

Post a Comment