Sunday, October 24, 2010

വ്യാജകേരളം --- കള്ളവോട്ട്:

കള്ളവോട്ട്: 
വിരുതന്മാര്‍ വിജയിച്ചു; 
പലരും കുടുങ്ങി
Posted on: 24 Oct 2010

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും കള്ളവോട്ട് ശ്രമങ്ങള്‍ വ്യാപകമായിരുന്നു. മിക്ക ബൂത്തുകളിലും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാര്‍ ജാഗരൂകരായിരുന്നതിനാല്‍ കള്ളവോട്ടുകാര്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. ചില സ്ഥലങ്ങളില്‍ ഇവര്‍ പോലീസിന്റെ പിടിയിലുമായി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര നഗരസഭയിലെ രാമേശ്വരം വാര്‍ഡില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെടാനായി ബൂത്തിന്റെ ജനല്‍ ചാടി. ചാടിവീണത് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുകളില്‍. വീഴ്ചയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇരുമ്പില്‍ സ്വദേശി രാജന്റെ കാലൊടിഞ്ഞു. കുടപ്പനക്കുന്ന് കുശവര്‍ക്കില്‍ രണ്ടുതവണ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച അറുപതുവയസ്സുകാരനെ ഏജന്‍റുമാര്‍ തടഞ്ഞുവെച്ചു. ഇയാള്‍ക്ക് ഒടുവില്‍ സ്വന്തം വോട്ടും നഷ്ടമായി. പൊന്നുമംഗലം ഡിവിഷനില്‍ റസിഡന്‍റ്‌സ് അസോസിയേഷന്‍ ഭാരവാഹിയടക്കം പത്തുപേര്‍ എട്ടരയോടെ വോട്ടുചെയ്യാനെത്തിയെങ്കിലും മിടുക്കന്‍മാര്‍ അതിനുമുന്‍പേ വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു.

കോഴിക്കോട് ചിന്മയാവിദ്യാലയത്തിലെ മൂന്നാംബൂത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ തൊണ്ടയാട് സ്വദേശി രാജീവനെ മറ്റ് പാര്‍ട്ടിക്കാര്‍ പോലീസിലേല്‍പ്പിച്ചു.

കൊല്ലം കോര്‍പ്പറേഷനിലെ കരിക്കോട് ഡിവിഷനില്‍ കള്ളവോട്ടിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. കരിക്കോട് എം.ഇ.എ സ്‌കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. മങ്ങാട് വയലില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് വോട്ടുചെയ്യാനെത്തിയതിനെത്തുടര്‍ന്നാണ് സംഭവം. സന്തോഷിന് ആ ബൂത്തില്‍ വോട്ടില്ലെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസെത്തി ഇയാളെ നീക്കി. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അവര്‍ വാദിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി.

കണ്ണൂര്‍ ജില്ലയില്‍ കതിരൂര്‍, മട്ടുവം, തില്ലങ്കേരി, ചെറുകുന്ന്, ആറളം, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ, ചിറ്റാരിപ്പറമ്പ് തുടങ്ങി ഇരുപതോളം പഞ്ചായത്തുകളില്‍ കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപിക്കുന്നു. അന്‍പത് ബൂത്തിലെങ്കിലും റീ പോളിങ് വേണമെന്ന് കെ.സുധാകരന്‍ എം.പി. ആവശ്യപ്പെട്ടു. അതേസമയം യു.ഡി.എഫ് ആണ് വ്യാപകമായി കള്ളവോട്ട് ചെയ്തതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.ശശിയും പറഞ്ഞു. റീ-പോളിങ് പ്രഖ്യാപിച്ച സ്ഥലങ്ങള്‍ യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചല്‍ പഞ്ചായത്തിലെ നെടിയറ ബൂത്തില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പി ചലഞ്ച് ചെയ്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കി. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചശേഷം കടന്നുകളഞ്ഞു.

കാസര്‍കോട് ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. മുളിയാര്‍, ചേലമ്പാടി, പേഴടുക്ക, കിനാനൂര്‍-കരിത്തളം, കോടാം-പേഴൂര്‍, പള്ളിക്കര, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് വ്യാപകമായി കള്ളവോട്ട് ശ്രമങ്ങളുണ്ടായതായി ആരോപണമുള്ളത്.  (mathrubhumi)
======================================================

No comments:

Post a Comment