Wednesday, October 27, 2010

വയറ്റിനുള്ളില്‍ ഒന്നരക്കോടിയുടെ രത്‌നങ്ങള്‍ ഒളിപ്പിച്ച് കടത്തിയ ശ്രീലങ്കക്കാരന്‍ പിടിയില്‍
Posted on: 28 Oct 2010

ചെന്നൈ: ഒന്നരക്കോടി രൂപ വിലയുള്ള നവരത്‌ന കല്ലുകള്‍ വിഴുങ്ങി ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന ശ്രീലങ്കന്‍ സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഒരു കിലോ തൂക്കം വരുന്ന 2065 നവരത്‌നക്കല്ലുകള്‍ 42 ഗര്‍ഭ നിരോധന ഉറകളിലാക്കി വിഴുങ്ങിയ മുഹമ്മദ് സഫീക്ക് (43) ആണ് വിമാനത്താവളത്തില്‍ പിടിയിലായത്.

ശ്രീലങ്കയില്‍ നിന്ന് രാജ്യാന്തര സംഘം നല്‍കുന്ന നവരത്‌നക്കല്ലുകള്‍ ചെന്നൈയിലെത്തിച്ച് ഇവിടത്തെ ഏജന്‍റുമാര്‍ക്ക് കൈമാറുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് സബര്‍ബന്‍ പോലീസ് കമ്മീഷണര്‍ എസ്.ആര്‍. ജാന്‍ഗിദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീലങ്കയില്‍ നിന്ന് നവരത്‌നക്കല്ലുകള്‍ വിഴുങ്ങി ഒരാള്‍ വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഫീക്ക് പിടിയിലായത്.

ചെന്നൈയില്‍ എത്തിയശേഷം ഏജന്‍റുമാരെ കാത്തുനില്‍ക്കുന്നതിനിടയിലാണ് അഡീഷണല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് സഫീക്കിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ആസ്​പത്രിയില്‍ കൊണ്ടുപോയി എക്‌സ്-റേ എടുത്തപ്പോള്‍ വയറ്റില്‍ ചെറുപാക്കറ്റുകള്‍ കണ്ടെത്തി. ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിപ്പിച്ച് നവരത്‌നക്കല്ലുകള്‍ പുറത്തെടുക്കുകയായിരുന്നു.

യഥാര്‍ഥ പാസ്‌പോര്‍ട്ട്, വിസ എന്നിവയോടു കൂടി എത്തുന്ന മുഹമ്മദ് സഫീക്ക് നേരത്തേ മൂന്ന് തവണ ചെന്നൈയിലേക്ക് നവരത്‌നങ്ങള്‍ കടത്തിയിട്ടുണ്ട്. 10,000 രൂപയും യാത്രാചെലവുമാണ് പ്രതിഫലം.

മണലിയിലെ ലോഡ്ജിലെത്തിയാണ് ഇവ കൈമാറുക. ചെന്നൈയിലെ ഏജന്‍റുമാര്‍, രാജ്യാന്തര സംഘം നല്‍കുന്ന ചില സൂചനകളിലൂടെയാണ് ആളെ തിരിച്ചറിയുക. കൂടാതെ ഏജന്‍റുമാര്‍ ഒരു ടോക്കണും തിരിച്ചറിയാനായി നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് ജയ്പ്പുര്‍ സ്വദേശികളായ കുമാര്‍, സബീര്‍, റഫീക്ക് എന്നീ മൂന്നുപേരെ തിരയുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ അഞ്ച് മണിക്കാണ് മുഹമ്മദ് സഫീക്ക് 42 പാക്കറ്റ് നവരത്‌ന കല്ലുകളും വിഴുങ്ങിയത്. രാവിലെ 9.30ന് വിമാനം കയറി, 10.15ന് ചെന്നൈയിലെത്തി. നവരത്‌നങ്ങളായതിനാല്‍ വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടറില്‍ അവ തെളിഞ്ഞില്ലെന്ന് സബര്‍ബന്‍ കമ്മീഷണര്‍ പറഞ്ഞു. അതിനാലാണ് കഴിഞ്ഞ മൂന്നു തവണയും ഇയാള്‍ പിടിയിലാകാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

====================================================

No comments:

Post a Comment