Sunday, October 24, 2010

Pravasi Varthakal

ജയ്‌സലിനെ കണ്ടെത്തി;
നാട്ടിലെത്തിക്കാന്‍ സഹയാത്രികനെ തേടുന്നു

റിയാദ്‌: സാമൂഹിക പ്രവര്‍ത്തകരെ വെട്ടിച്ചു കടന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജയ്‌സലിനെ ബത്‌ഹയില്‍നിന്ന്‌ കണ്ടെത്തി.

മനോരോഗം ബാധിച്ച ഇയാളെ നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ സഹയാത്രികനെ തേടുന്നതായി നവോദയ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ അറിയിച്ചു.


അടുത്ത 10 ദിവസത്തിനുള്ളില്‍ കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ യാത്ര ചെയ്യുന്ന മനുഷ്യ സ്‌നേഹികളുടെ സഹായം തേടുന്നതായി നവോദയ അറിയിച്ചു. . ജയ്‌സലിനെ സമീപിച്ച നവോദയ പ്രവര്‍ത്തകരെ അയാള്‍ തിരിച്ചറിഞ്ഞെങ്കിലും കൂടെ പോകാന്‍ തയാറായില്ല. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ സഫാ മക്ക ആശുപത്രിയുടെ മുന്നില്‍നിന്ന്‌ ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റി അല്‍ അമല്‍ മനോരോഗാശുപത്രിയിലെത്തിക്കുകയായിരുന്നു. വിദേശികളെ അവിടെ കിടത്തി ചികില്‍സിക്കാറില്ലെന്നതിനാല്‍ മയക്കത്തിനുള്ള ഇന്‍ജക്ഷന്‍ നല്‍കിയ ശേഷം മടക്കി അയച്ചു. ഒരാഴ്‌ചത്തേക്കെങ്കിലും രോഗി നോര്‍മലായിരിക്കുമെന്ന ഉറപ്പും ആശുപ്രതി അധികൃതര്‍ നല്‍കി.ഇതിനിടയില്‍ മുസാഹ്‌മിയയിലുള്ള സ്‌പോണ്‍സറെ ബന്ധപ്പെട്ട്‌ ജയ്‌സലിന്റെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ്‌ വിസ അടിച്ചുവാങ്ങിയിട്ടുണ്ട്‌.

മരുഭൂമിയില്‍ ചിന്താശേഷി നഷ്‌ടപ്പെട്ട്‌ ദയനീയാവസ്‌ഥയിലായ മലയാളി യുവാവിനെ വിമാന യാത്രയില്‍ അനുഗമിച്ച്‌ നാട്ടിലെത്തിക്കാന്‍ നല്ലവരായ ആരെങ്കിലും മുന്നോട്ട്‌ വരുമെന്ന പ്രതീക്ഷയിലാണ്‌ നവോദയ പ്രവര്‍ത്തകര്‍. താല്‍പര്യമുള്ളവര്‍ നിസാര്‍ അഹമ്മദ്‌ (0502165 027), ബാലകൃഷ്‌ണന്‍ (0567681571) എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ നവോദയ പ്രവര്‍ത്തകര്‍ അറിയിച്ചു.
===================================================

No comments:

Post a Comment