Tuesday, November 2, 2010

4000 അധ്യാപകരെ തിരിച്ചെടുക്കും
Text Size:   
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ കുറഞ്ഞതിന്റെ പേരില്‍ തൊഴില്‍ നഷ്‌ടപ്പെട്ട എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകരെ തിരിച്ചെടുക്കുന്നു. 1997-നു ശേഷം പിരിച്ചുവിട്ട നാലായിരത്തോളം അധ്യാപകര്‍ക്കു പ്രയോജനം ലഭിക്കും. സംസ്‌ഥാനതലത്തില്‍ തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകരുടെ പട്ടിക തയാറാക്കി. സൂക്ഷ്‌മപരിശോധന നടന്നുവരുന്നു.

തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകരുടെ പ്രൊട്ടക്ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും, അതിലും നല്ലതു പുനര്‍നിയമനം നല്‍കുന്നതാണെന്നു കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണു പുതിയ നീക്കം. പ്രൊട്ടക്ഷന്‍ കാലാവധിയായ 1997 ജൂലൈ 14-നു ശേഷം തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്‌ടപ്പെടുകയാണ്‌. നിയമനത്തിനായി കോഴ നല്‍കിയ ലക്ഷങ്ങള്‍ തിരിച്ചുകിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തില്‍, തൊഴില്‍ നഷ്‌ടപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന്‌ ഇടത്‌ അനുകൂല അധ്യാപകസംഘടനയായ കെ.എസ്‌.ടി.എ. ആവശ്യപ്പെട്ടിരുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40-ല്‍നിന്ന്‌ 1:30 ആയി കുറയ്‌ക്കുന്നതോടെ പ്രശ്‌നപരിഹാരമാകുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. തൊഴില്‍ നഷ്‌ടപ്പെട്ട രണ്ടായിരത്തോളം പേരെ ഇത്തരത്തില്‍ തിരിച്ചെടുക്കാം. ബാക്കിയുള്ളവരെ കുട്ടികള്‍ കൂടുതലുള്ള കോര്‍പറേറ്റ്‌ മാനേജ്‌മെന്റ്‌/സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കണമെന്ന നിര്‍ദേശമാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. സംസ്‌ഥാനതലത്തില്‍ തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകരുടെ കണക്കു ശേഖരിച്ചു.

97 ജൂലൈ 14-നു ശേഷം 2009-10 അധ്യയനവര്‍ഷംവരെ 3820 അധ്യാപകര്‍ക്കു തൊഴില്‍ നഷ്‌ടപ്പെട്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഈ വര്‍ഷം തൊഴില്‍ നഷ്‌ടപ്പെട്ടവരെക്കൂടി ഉള്‍ക്കൊള്ളിച്ചാല്‍ എണ്ണം 4300 ആകും. ജില്ലാടിസ്‌ഥാനത്തില്‍ ഇവരുടെ സീനിയോറിട്ടി പട്ടിക തയാറാക്കാന്‍ നടപടി തുടങ്ങി. തൊഴില്‍ നഷ്‌ടപ്പെട്ട അധ്യാപകരുടെ വിശദാംശങ്ങള്‍ക്കായി സ്‌കൂള്‍തല സര്‍വേയും ആരംഭിച്ചു. സ്‌കൂളിലെ അധ്യാപകരുടെ എണ്ണം, വിദ്യാര്‍ഥികള്‍ ഇല്ലാത്തതിന്റെ പേരില്‍ തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ സര്‍വീസില്‍ കയറിയ തീയതി, പുറത്തായ തീയതി, ശമ്പളം ലഭിക്കാത്ത കാലയളവ്‌ എന്നിവ സര്‍വേയില്‍ രേഖപ്പെടുത്തും.

പ്രഥമാധ്യാപകരാണു വിവരങ്ങള്‍ നല്‍കേണ്ടത്‌. എസ്‌.എസ്‌.എ, ഐ.ടി അറ്റ്‌ സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ഓണ്‍ലൈന്‍ സര്‍വേ. മെറിറ്റും സംവരണവും പാലിച്ചുള്ള പി.എസ്‌.സി. നിയമനം തടസപ്പെടാത്തവിധത്തിലായിരിക്കും അധ്യാപകരെ തിരിച്ചെടുക്കുന്നതെന്നു മന്ത്രി എം.എ. ബേബി 'മംഗള'ത്തോടു പറഞ്ഞു.

ആദ്യഘട്ടമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്‌ക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആണ്‌. എയ്‌ഡഡ്‌ സ്‌കൂളില്‍ പ്രത്യേക സാഹചര്യത്തിലാണ്‌ അനുപാതം 1:40 ആക്കുന്നത്‌. 1:30 അനുപാതം സ്വകാര്യ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌.

വി.എ. ഗിരീഷ്‌ (mangalam)
=================================================

No comments:

Post a Comment