Saturday, November 27, 2010

ജോലിക്കിടെ കുഴഞ്ഞുവീണ 7 പേര്‍

ഏലത്തോട്ടത്തില്‍ ജോലിക്കിടെ കുഴഞ്ഞുവീണ 7 പേര്‍ ആശുപത്രിയില്‍
നെടുങ്കണ്ടം: ഏലത്തോട്ടത്തിലെ ജോലിക്കിടെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ട ഏഴു തൊഴിലാളികള്‍ കുഴഞ്ഞുവീണു. ഛര്‍ദ്ദിയും ശ്വാസതടസവും അനുഭവപ്പെട്ട തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌ ചികിത്സയിലുള്ളത്‌. തോട്ടങ്ങളിലെ അമിത കീടനാശിനി പ്രയോഗമാണ്‌ അസ്വസ്‌ഥതയ്‌ക്കു കാരണമായതെന്നു സൂചനയുണ്ട്‌.

പാറത്തോട്‌ എന്‍.എസ്‌.സി. എസ്‌റ്റേറ്റില്‍ ഇന്നലെ ഉച്ചയ്‌ക്കാണു സംഭവം. ഏലയ്‌ക്കാ പറിച്ചുകൊണ്ടിരുന്ന കോമ്പമുക്ക്‌ കൊച്ചുപുരയ്‌ക്കല്‍ തങ്കമണി (62), മുതിരമാലിയില്‍ ജൈനമ്മ (40), പുത്തന്‍കുളം കുഞ്ഞമ്മ (55), പാടത്തില്‍ അനിത (40), ബാലഗ്രാം ബ്ലോക്ക്‌ നമ്പര്‍ 1180-ല്‍ വത്സ, കൈലാസപ്പാറ എസ്‌റ്റേറ്റില്‍ ഗീത (35), ഷൈല (36) എന്നിവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തൊഴിലാളികളെല്ലാം ദിവസവേതനാടിസ്‌ഥാനത്തില്‍ ജോലിക്കെത്തിയവരാണ്‌. കീടനാശിനിയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നിടത്തുനിന്ന്‌ തോട്ടത്തിലെ മറ്റൊരു ഭാഗത്തേക്ക്‌ ഇവരെ മാറ്റിയെങ്കിലും ശാരീരിക അസ്വസ്‌ഥതകളോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇവര്‍ക്കൊപ്പം ആശുപത്രിയിലെത്തിയ മറ്റ്‌ എട്ടു തൊഴിലാളികളും ചികിത്സ തേടി. അമിതകീടനാശിനിപ്രയോഗവും ഫോറൈറ്റ്‌, ഫ്യൂരിഡാന്‍ തുടങ്ങിയവ മണ്ണില്‍ ഇടുന്നതും തൊഴിലാളികള്‍ക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

നെടുങ്കണ്ടത്തെ തോട്ടം തൊഴിലാളികള്‍ക്ക്‌ കീടനാശിനി വിഷബാധ ഏറ്റതിനെക്കുറിച്ച്‌ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട്‌ ആവശ്യപ്പെട്ടു.

============================================

No comments:

Post a Comment