Saturday, November 27, 2010

ഇനി ഇഞ്ച്യോണില്‍

ഇഞ്ചോടിഞ്ച്‌ പൊരുതാന്‍ ഇനി ഇഞ്ച്യോണില്‍
ഏഷ്യന്‍ ഗെയിംസ്‌ ചരിത്രത്തിലെ ഇന്ത്യന്‍ താളുകളില്‍ മറക്കാനാവാത്ത ഏടുകള്‍ കുറിച്ചിട്ടത്‌ ട്രാക്കിലും ബോക്‌സിംഗ്‌ റിംഗിലും ടെന്നീസിലും മെഡലുകള്‍ വാരിക്കൂട്ടിയ ചുണക്കുട്ടികള്‍. ഗെയിംസിന്റെ അവസാന ഏഴു ദിനങ്ങളില്‍ ഇവര്‍ നടത്തിയ പോരാട്ടമാണ്‌ 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും അടക്കം 64 മെഡലുകള്‍ നേടി ഇന്ത്യയെ ആറാം സ്‌ഥാനത്തെത്തിച്ചത്‌. ഏഷ്യാഡ്‌ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണിത്‌. 


28 വര്‍ഷം പഴക്കമുള്ള ചരിത്രമാണു ഗ്വാങ്‌ഷൂവില്‍ തിരുത്തിക്കുറിക്കപ്പെട്ടത്‌. 1982 ല്‍ ഡല്‍ഹി ഗെയിംസിലെ സമ്പാദ്യമായ 13 സ്വര്‍ണവും 19 വെള്ളിയും 25 വെങ്കലവുമടക്കമുള്ള 57 മെഡലുകളായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം.

1986 ല്‍ സിയോളില്‍ നടന്ന പത്താമതു ഗെയിംസില്‍ അഞ്ചു സ്വര്‍ണവും ഒമ്പതു വെള്ളിയും 23 വെങ്കലവുമായി ഇന്ത്യ അഞ്ചാമത്‌ എത്തിയിരുന്നു. സിയോളിലെ ഗെയിംസിനുശേഷം ഇന്ത്യക്കു മെഡല്‍ പട്ടികയില്‍ എട്ടിനു മുകളില്‍ ഇടംപിടിക്കാനും കഴിഞ്ഞിരുന്നില്ല. 1990 ല്‍ ബെയ്‌ജിങ്ങില്‍ നടന്ന ഗെയിംസിലാണ്‌ ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്‌ചവച്ചത്‌. അന്ന്‌ മെഡല്‍പട്ടികയില്‍ പന്ത്രണ്ടാമതായാണ്‌ ഇന്ത്യയുടെ പേരു പതിഞ്ഞത്‌.

കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ 101 മെഡലുകളുമായി തട്ടിച്ചുനോക്കിയാല്‍ അതിന്റെ നിഴലുകള്‍ മാത്രമാണ്‌ ഗ്വാങ്‌ഷൂവിലെ 64. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ 38 സ്വര്‍ണം നേടി ഇന്ത്യ രണ്ടാമതെത്തിയിരുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്ന വമ്പന്‍ കായികമേളയ്‌ക്കു തൊട്ടുപിന്നാലെയെത്തിയ മറ്റൊരു മഹാമേളയാണിതെന്നും കോമണ്‍വെല്‍ത്തിനേക്കാള്‍ മത്സരരംഗം കൂടുതല്‍ കടുത്തതായിരിക്കുമെന്നും ചിന്തിച്ചാല്‍ ഗ്വാങ്‌ഷൂവിലെ ചെറിയ നേട്ടത്തിനു പോലും തിളക്കമേറും.

പതിനാറാമത്‌ ഏഷ്യന്‍ ഗെയിംസില്‍ ആതിഥേയരായ ചൈനയാകട്ടെ ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും ഉത്തുംഗശൃംഗത്തിലാണ്‌. 183 സ്വര്‍ണവും 107 വെള്ളിയും 51 വെങ്കലവും ഉള്‍പ്പെടെ 341 മെഡലുകള്‍ നേടിയ '90 ലെ ബെയ്‌ജിംങ്‌ ഗെയിംസ്‌ പ്രകടനം പോലും ഗ്വാങ്‌ഷൂവില്‍ നിഷ്‌പ്രഭമായി. 200 സ്വര്‍ണം എന്ന സ്വപനം ഒറ്റ അക്കത്തില്‍ തട്ടി പൊലിഞ്ഞെങ്കിലും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത ആധിപത്യമാണു ചൈന ആദ്യാവസാനം പുലര്‍ത്തിയത്‌. മറ്റു രാജ്യങ്ങളെ ചൈനീസ്‌ ഡ്രാഗണ്‍ വിഴുങ്ങിയെന്നു വേണമെങ്കില്‍ പറയാം. ആതിഥേയരുടെ വിജയവുമായി പാഞ്ഞ യാഗാശ്വത്തിനു മൂക്കുകയറിടാന്‍ അല്‍പമെങ്കിലും ശ്രമിച്ചത്‌ കൊറിയയും ജപ്പാനും മാത്രമായിരുന്നു. കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഷൂട്ടിംഗുകാര്‍ക്കും ഗുസ്‌തിക്കാര്‍ക്കും ഗ്വാങ്‌ഷുവില്‍ അടിപതറി. കബഡിയില്‍ പതിവുപോലെ വിജയം ഇന്ത്യക്കൊപ്പം നിന്നു. അമ്പെയ്‌ത്തില്‍ തരുണ്‍ദീപ്‌ റായി വ്യക്‌തിഗതയിനത്തില്‍ നേടിയ വെള്ളിമെഡലിലാണ്‌ അഭിമാനോജ്വലമായ കഥയുടെ തുടക്കം. ഇന്ത്യയുടെ ആദ്യ സ്വര്‍ണം തുഴച്ചിലിലായിരുന്നു-ബജ്രംഗ്‌ ലാല്‍ തക്കര്‍. കടം വാങ്ങിയ ബോട്ടിലാണു തക്കര്‍ സ്വര്‍ണത്തിലേക്കു തുഴഞ്ഞത്‌. ജിംനാസ്‌റ്റിക്‌സില്‍ ആഷിഷ്‌ കുമാര്‍ നേടിയ വെങ്കലമായിരുന്നു കായിക ഇനത്തിലെ ആദ്യ മെഡല്‍. നീന്തലില്‍ വെങ്കലം നേടിയ വീര്‍ധവാല്‍ ഖാഡെയും ഓര്‍മിക്കപ്പെടണം. കാരണം '86 ലെ സിയോള്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഖസന്‍ സിംഗ്‌ ടോക്കസ്‌ നേടിയ വെള്ളിക്കുശേഷം ആദ്യമായാണു നീന്തലില്‍ ഇന്ത്യക്കൊരു മെഡല്‍. മെഡല്‍ ലക്ഷ്യംവച്ച്‌ ചൈന ഉള്‍പ്പെടുത്തിയ ചൈനീസ്‌ ആയോധന കലയായ വുഷുവിലും റോളര്‍ സ്‌കേറ്റിംഗിലും ഇന്ത്യ നാലു വെങ്കലം നേടി. സ്വര്‍ണമോഹവുമായിറങ്ങിയ പുരുഷ ഹോക്കി ടീമിനു വെങ്കലംകൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു. കോമണ്‍വെല്‍ത്തിലെ ഇരട്ടസ്വര്‍ണ ജേതാവ്‌ സൈന നെഹ്‌വാളിനു ബാഡ്‌മിന്റണില്‍ നേരിടേണ്ടി വന്ന പരാജയമായിരുന്നു മറ്റൊരു തിരിച്ചടി. ഇന്ത്യ നേടിയ 14 സ്വര്‍ണത്തില്‍ അഞ്ചും അത്‌ലറ്റുകളുടെ വിയര്‍പ്പില്‍ വിരിഞ്ഞതാണ്‌. ബോക്‌സിംഗ്‌(2), ടെന്നിസ്‌(2), കബഡി(പുരുഷ, വനിത ടീം), പങ്കജ്‌ അദ്വാനി(ബില്യാര്‍ഡ്‌സ്), രൊന്‍ജന്‍ സോധി(ഷൂട്ടിംഗ്‌), ബജ്രംഗ്‌ ലാല്‍ തക്കര്‍(തുഴച്ചില്‍) എന്നിവരും സ്വര്‍ണ മെഡല്‍വേട്ടയ്‌ക്കു പിന്തുണയേകി.

400 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയ അശ്വിനി ചിദാനന്ദയെന്ന കര്‍ണാടകക്കാരിയാണു ട്രാക്കില്‍ ഉദിച്ച മറ്റൊരു താരം. 10,000 മീറ്ററില്‍ മലയാളിയായ പ്രീജ ശ്രീധരനും 3000 മീറ്ററില്‍ സുധാ സിംഗും ഓടിയത്‌ സ്വര്‍ണത്തിലേക്കായിരുന്നു. മലയാളത്തിളക്കം അവസാനിച്ചില്ലെന്നു കാട്ടി കോരുത്തോടു സ്വദേശിയായ ജോസഫ്‌ ഏബ്രഹാം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി. 28 വര്‍ഷത്തിനുശേഷം ട്രാക്കില്‍ പുരുഷ ഇനത്തില്‍ ആദ്യമായാണൊരു സ്വര്‍ണം പിറന്നത്‌. 82 ല്‍ 800 മീറ്ററില്‍ ചാള്‍സ്‌ ബൊറോമിയോ ആണ്‌ അവസാനമായി ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്‌. അഞ്ച്‌ സ്വര്‍ണനേട്ടത്തിനു തൊങ്ങലുകള്‍ ചാര്‍ത്തി രണ്ടു വെള്ളിയും നാലു വെങ്കലവും അത്‌ലറ്റിക്‌സില്‍നിന്നുണ്ടായി. 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സിംഗും 60 കിലോ വിഭാഗത്തില്‍ വികാസ്‌ കൃഷ്‌ണനുമാണ്‌ ബോക്‌സിംഗില്‍ സ്വര്‍ണം നേടിയത്‌. ടെന്നിസ്‌ സിംഗിള്‍സില്‍ സോദേവ്‌ ദേവ്‌ വര്‍മനും ഡബിള്‍സില്‍ സോംദേവ്‌-സനം സിംഗ്‌ സഖ്യവുമാണു സ്വര്‍ണം നേടിയത്‌. രണ്ടു സ്വര്‍ണം കൂടാതെ ഒരു വെള്ളിയും രണ്ടു വെങ്കലവും ടെന്നീസില്‍നിന്നുണ്ടായി.

ഇന്ത്യന്‍ സേനയുടെ കൈയില്‍നിന്നു കടംവാങ്ങിയ ബോട്ടില്‍ മത്സരത്തിനെത്തിയ തുഴച്ചില്‍ താരങ്ങള്‍ മൂന്നു വെള്ളി മെഡലുകളും ചരിത്രത്തില്‍ ആദ്യമായി വനിതാ വിഭാഗത്തില്‍ നേടിയ വെങ്കല മെഡലുമായി താക്കൂറിന്റെ സ്വര്‍ണത്തിനു പിന്‍ബലമേകി. വെള്ളിത്തിളക്കത്തില്‍ മലയാളി താരങ്ങളായ സജി ജോസഫും ജെനില്‍ കൃഷ്‌ണനും ഉള്‍പ്പെടുന്നു.

ഷൂട്ടിംഗ്‌ മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ന്നടിയുകയാണുണ്ടായത്‌. ഇന്ത്യയുടെ ഒളിമ്പിക്‌ മെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്രയും കോമണ്‍വെല്‍ത്തിലെ താരമായിരുന്ന ഗഗന്‍ നാരംഗും തേജസ്വിനി സാവന്തും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഉന്നംപിഴയ്‌ക്കുന്ന കാഴ്‌ചയായിരുന്നു ഗ്വാങ്‌ഷൂവില്‍ കണ്ടത്‌.

പത്തു മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ നാരംഗ്‌ നേടിയ രണ്ടു വെള്ളിമെഡല്‍ മാത്രമാണ്‌ ഷൂട്ടിംഗിലെ ഏക ആശ്വാസം. പതിനാറാമത്‌ ഏഷ്യന്‍ ഗെയിംസിനു കൊടിയിറങ്ങുമ്പോള്‍ ഇന്ത്യക്ക്‌ ആശ്വസിക്കാം, ഇത്‌ ഇന്ത്യയുടെ ചരിത്രനേട്ടമെന്ന്‌. ആരവമൊഴിയാത്ത ഗാലറികള്‍ക്കായി ആവേശം ചോരാതെ, കാത്തിരിക്കാം. ഗ്വാങ്‌ഷുവില്‍നിന്ന്‌ ഇനി ഇഞ്ച്യോണിലേക്ക്‌. ..-സുചിത്ര പ്രിയദര്‍ശിനി

============================================

No comments:

Post a Comment